യുഎസ് ചാനൽ റിപ്പോർട്ടറായ കെ ജെ ജേക്കബ്സ് തത്സമയ ട്രാഫിക് റിപ്പോർട്ടിംഗ് നടത്തുന്നതിനിടെ ഒരു കാറപകടത്തിന് സാക്ഷിയായി. അപകടം കണ്ട് ഞെട്ടിയെങ്കിലും, അദ്ദേഹം ഉടൻ സമചിത്തത വീണ്ടെടുത്ത് റിപ്പോർട്ടിംഗ് തുടരുകയും, ഈ പ്രൊഫഷണലിസം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
തത്സമയ ന്യൂസ് ടെലികാസ്റ്റിനിടെ കണ്മുന്നിൽ നടന്ന കാറപകടം കണ്ട യുഎസ് പ്രാദേശിക ചാനൽ റിപ്പോർട്ടറുടെ പ്രതികരണവും തൊട്ടടുത്ത നിമിഷത്തിൽ അദ്ദേഹം കാട്ടിയ പ്രൊഫഷണലിസവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അപകടം കണ്ട ഞെട്ടലിലും പെട്ടെന്നുതന്നെ സമചിത്തത വീണ്ടെടുത്ത് വാർത്ത തുടർന്ന അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
റിപ്പോർട്ടിംഗിനിടെ അപ്രതീക്ഷിത അപകടം
യു.എസ് സംസ്ഥാനമായ ഒഹായോയിലെ സിൻസിനാറ്റിയിലുള്ള 'WCPO 9' ചാനലിലെ കാലാവസ്ഥാ - ട്രാഫിക് റിപ്പോർട്ടറായ കെ ജെ ജേക്കബ്സ് തത്സമയ ട്രാഫിക് അപ്‌ഡേറ്റ് നൽകുന്നതിനിടയിലാണ് ട്രാഫിക് ക്യാമറയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. ഇന്‍റർസ്റ്റേറ്റ് 71 ഹൈവേയുടെ നടുവിലത്തെ വരിയിൽ കേടായി കിടന്നിരുന്ന ഒരു വാഹനത്തിന് ചുറ്റും ഗതാഗതം മന്ദഗതിയിലാകുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു ജേക്കബ്സ്. ഇതിനിടയിൽ ഹൈവേയിലേക്ക് പ്രവേശിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് നേരിട്ട് ഇടിച്ച് കയറുകയായിരുന്നു.
കൺമുന്നിൽ നടന്ന അപ്രതീക്ഷിത ആഘാതത്തിൽ ഞെട്ടിയ ജേക്കബ്സിന്‍റെ നാവിൽ നിന്ന് പെട്ടെന്ന് "Oh sh..!" എന്ന വാക്ക് അറിയാതെ പുറത്തുവന്നു. എന്നാൽ, ഉടനടി സ്വയം നിയന്ത്രിച്ച അദ്ദേഹം ആ വാക്ക് അപൂർണ്ണമായി നിർത്തി. തുടർന്ന് അദ്ദേഹം കാണികളോട് ക്ഷമാപണം നടത്തി. "അയ്യോ, എന്നോട് ക്ഷമിക്കണം! കൺമുന്നിലാണ് ആ അപകടം നടന്നത്, അറിയാതെ അനുചിതമായ എന്തോ എന്‍റെ നാവിൽ നിന്ന് വരാൻ പോയതാണ്. തത്സമയം ഒരു കാർ മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുന്നത് നിങ്ങൾക്ക് കാണാം."
സമചിത്തത വീണ്ടെടുത്ത് വീണ്ടും റിപ്പോർട്ടിംഗ്
പെട്ടെന്നുണ്ടായ ഞെട്ടലിൽ നിന്നും വേഗത്തിൽ കരകയറിയ ജേക്കബ്സ് കാണികൾ കണ്ട ദൃശ്യങ്ങൾ വളരെ ശാന്തമായി തുടർന്ന് വിശദീകരിച്ചു. പിന്നീട് ഈ സംപ്രേഷണത്തിന്‍റെ ദൃശ്യങ്ങൾ ജേക്കബ്സ് തന്നെ തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും സ്വന്തം പ്രതികരണത്തെക്കുറിച്ച്, "ലൈവ് ടിവിയിലെ വളരെ സ്വാഭാവികമായ ഒരു പ്രതികരണമായിരുന്നു അത്, പക്ഷേ കൃത്യസമയത്ത് നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്!" എന്നെഴുതി. തത്സമയ സംപ്രേഷണത്തിനിടയിലും സാധാരണക്കാരെപ്പോലെ പ്രതികരിച്ച അദ്ദേഹത്തിന്‍റെ സ്വാഭാവികതയെയും, സെക്കൻഡുകൾക്കുള്ളിൽ വാർത്തയിലേക്ക് തിരിച്ചെത്തിയ പ്രൊഫഷണലിസത്തെയും പ്രശംസിച്ച് നിരവധിയാളുകളാണ് സമൂഹ മാധ്യമത്തിൽ കുറിപ്പെഴുതിയത്.


