ഉത്തരാഖണ്ഡിൽ കൻവാർ യാത്രയ്ക്കിടെ നൂറിലധികം ഹോണുകൾ നിയമവിരുദ്ധമായി ഘടിപ്പിച്ച ബൈക്ക് പോലീസ് പിടിച്ചെടുത്തു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഈ ബൈക്ക് ഓടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായി. മറ്റൊരു സംഭവത്തിൽ, യുപി മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നെങ്കിലും അത്തരം മോഡിഫിക്കേഷൻ കേന്ദ്ര നിയമങ്ങൾക്ക് എതിരാണെന്നതിനാൽ കേരളാ മോട്ടോർ വാഹന വകുപ്പ് അനുമതി നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നൂറിലധികം ഹോണുകൾ ഘടിപ്പിച്ച ഒരു ബൈക്കുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്തരാഖണ്ഡിലൂടെ നീങ്ങുന്ന കൻവാർ യാത്രയ്ക്ക് ഭക്തർ കൊണ്ടുവന്ന ബൈക്ക് ഉത്തരാഖണ്ഡ് പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

നൂറോളം ഹോണുകൾ ഘടിപ്പിച്ച ബൈക്ക്

വഴിയാത്രക്കാരൻ പകർത്തിയതെന്ന് കരുതുന്ന വൈറൽ വീഡിയോയിൽ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, നിരവധി ഹോണുകൾ പ്രത്യേക രീതിയിൽ ഘടിപ്പിച്ച ഒരു ബൈക്ക് ഓടിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് കാണാം. വാഹനത്തിൽ നിയമവിരുദ്ധമായി വൻതോതിൽ ഹോണുകൾ പിടിപ്പിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. നൂറിലധികം ഹോണുകൾ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥീരികരിക്കാത്ത അവകാശവാദം. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതാണെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

വീഡിയോ ദൃശ്യങ്ങൾ പ്രകാരം മോട്ടോർ ബൈക്കിന്‍റെ മുൻവശത്തായി ആർച്ച് ആകൃതിയാലാണ് ഹോണുകൾ ഘടിപ്പിച്ചിരിക്കുന്നത്. മറ്റുവാഹനങ്ങൾക്ക് കൂടി അപകടകരമായ രീതിയിലാണ് ഇത് പിടിപ്പിച്ചിരിക്കുന്നത്. ഏറെ പ്രയാസപ്പെട്ട് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ബൈക്ക് ബാലൻസ് ചെയ്ത് ഓടിച്ചുകൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. റോഡിലുള്ള മറ്റ് വാഹനയാത്രക്കാർ അത്ഭുതത്തോടെ ഹോൺ നിറഞ്ഞ ബൈക്ക് ക‌ൗതുകത്തോടെ നോക്കുന്നതും പലരും വാഹനത്തെ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. വൻ ശബ്ദമലിനീകരണത്തിന് ഇടയാക്കുന്ന ഈ മാറ്റത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

ഡ്രോൺ പറത്തി, അറസ്റ്റിലായി

മറ്റൊരു സംഭവത്തിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിനിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് മീററ്റിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മീററ്റിലെ മോദിപുരത്ത് കാവടിയാത്രക്കാർക്ക് മേൽ മുഖ്യമന്ത്രി പുഷ്പവൃഷ്ടി നടത്തുന്നതിനിടെയാണ് അജ്ഞാത ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. സുരക്ഷാ ഭീഷണി ഉയർന്നതിനെത്തുടർന്ന് ഉച്ചഭാഷിണിയിലൂടെ ഡ്രോൺ ഉടൻ താഴെയിറക്കാൻ പോലീസ് ആവശ്യപ്പെടുകയും, തുടർന്ന് നഗരത്തിലെ സ്വാറ്റ് സംഘം ഡ്രോൺ ഓപ്പറേറ്ററെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുൻകൂട്ടി അനുമതി വാങ്ങിയ സർക്കാർ ഡ്രോണിന് പുറമെയാണ് ഈ ഡ്രോൺ പറത്തിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് അവിനാഷ് പാണ്ഡെ അറിയിച്ചു.