മുറിയിലേക്ക് കടന്ന് വന്നയുടനെ ഇവര്‍, ബാഗില്‍ നിന്നും ബെല്‍റ്റ് പുറത്തെടുക്കുകയും കുട്ടിയെ അടിക്കുന്നതുമായിരുന്നു.


ലോകത്തിലെ ഏറ്റവും ധനികരായവരുടെ നഗരം എന്ന് ഖ്യാതിയുള്ള നഗരമാണ് ന്യൂയോര്‍ക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം ന്യൂയോർക്കില്‍ നിന്നും ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം ഒരു പോലെ അസ്വസ്ഥരായി. ഒരു ബേബിസിറ്റര്‍ ഒരു കൊച്ച് കുട്ടിയെ തന്‍റെ ബെല്‍റ്റ് കൊണ്ട് അടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും, ഇവരെ അറസ്റ്റ് ചെയ്തില്ലെന്നും നീതി ആവശ്യപ്പട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

24 -കാരിയായ ലക്കീഷ്യ ജാക്സണ്‍ എന്ന യുവതിയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബ്രോക്സിന്‍റെ അമ്മ ജെറാൾഡിന്‍ ജറാമില്ലോയോടൊപ്പമാണ് ലക്കീഷ്യ ജാക്സണ്‍ ജോലി ചെയ്യുന്നത്. അവര്‍ ചില്‍ഡ്രന്‍സ് സര്‍വ്വീസ് എന്ന പദ്ധതി പ്രകാരം സെല്‍ഫ് ഹെല്‍പ്പ് എന്ന ഏജന്‍സി വഴിയാണ് കുട്ടിയെ നോക്കാനായി എത്തിയത്. ജെറാമില്ലോയുടെ രണ്ട്. നാല്, ആറ് വയസുള്ള മൂന്ന് കുട്ടികളുടെ സുരക്ഷണത്തിനായാണ് ലക്കീഷ്യ ജാക്സണെ ഏല്‍പ്പിച്ചിരുന്നത്. 

Scroll to load tweet…

മെയ് ആറാം തിയതി, പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന കുട്ടികളുടെ മുത്തശ്ശി വീട്ടിലെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി വീഡിയോയില്‍, മുറിയിലേക്ക് കടന്ന് വന്നയുടനെ ലക്കീഷ്യ ജാക്സണ്‍ ബാഗില്‍ നിന്നും ഒരു തടിച്ച ബ്രൗണ്‍ നിറത്തിലുള്ള ഒരു ബെല്‍റ്റ് പുറത്തെടുക്കുന്നു. പിന്നാലെ കുട്ടിയെ തൊട്ടിലില്‍ കമഴ്ത്തി കിടത്തിയ ശേഷം ഇവര്‍ കുട്ടിയെ ബെല്‍റ്റ് വച്ച് നിരവധി തവണ അടിക്കുന്നു. ഈ സമയം കുട്ടികൾ കരയുന്നതും വീഡിയോയില്‍ കേൾക്കാം. 

വീഡിയോയില്‍ മുറിയിലേക്ക് കയറി വന്നയുടനെ ലക്കീഷ്യ കുട്ടിയോട് 'അടുത്തെന്താണ് സംഭവിക്കുന്നതെന്ന് ഊഹിക്കാമോയെന്ന്' ചോദിക്കുന്നു. ഈ സമയം കുട്ടി 'ബെല്‍റ്റ്' എന്ന് മറുപടി പറയുന്നതും. 'നീ ശരിയാണ്. ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.'. ഇതിന് പിന്നാലെയാണ് യുവതി കുട്ടിയെ അടിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. ഇവര്‍ കുട്ടികളെ ഭയപ്പെടുത്താനായി ഹാലോവീന്‍ വസ്ത്രങ്ങളും സാന്‍റാക്ലോസിന്‍റെ വസ്ത്രങ്ങളും ധരിക്കാറുണ്ടെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ വസ്ത്രങ്ങൾ പിന്നീട് വീട്ടില്‍ നിന്നും കണ്ടെടുത്തതായി കുട്ടികളുടെ അമ്മ പറഞ്ഞു. യുവതിക്കെതിരെ കുട്ടികളുടെ അമ്മ ന്യൂയോര്‍ക്ക് പോലീസില്‍ പരാതി നല്‍കിയെങ്കിലും നാല് ആഴ്ച കഴിഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.