ഒറ്റ രൂപാ പോലുമില്ലാതെ ഇന്ത്യയിൽ ഒരു ദിവസം കഴിയാൻ ശ്രമിച്ച ബ്രിട്ടീഷ് സഞ്ചാരിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമൃത്സറിലെ ഒരു വ്യാപാരി യുവാവിന് നല്‍കിയത് രാജകീയ സ്വീകരണം.

ഒരു രൂപ പോലും കൈയിലില്ലാതെ ഇന്ത്യയിൽ 24 മണിക്കൂർ ചെലവഴിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് സഞ്ചാരിക്ക് പഞ്ചാബിൽ ലഭിച്ച രാജകീയ സ്വീകരണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പണമില്ലാതെ വലഞ്ഞ വിദേശിക്ക് താങ്ങായി മാറിയത് അമൃത്സറിലെ ഒരു തുണിക്കട ഉടമയാണ്. ചായയും ലഘുഭക്ഷണവും നൽകിയതു മുതൽ പഞ്ചാബിന്റെ പരമ്പരാഗത വിഭവങ്ങൾ വരെ വിളമ്പിക്കൊണ്ട് ഈ വ്യാപാരി കാട്ടിയ ആതിഥ്യമര്യാദ ലോകമെമ്പാടുമുള്ള നെറ്റിസൺസിന്റെ ഹൃദയം കവരുകയാണ്. '@yugamlamba എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ഹൃദ്യമായ വീഡിയോ പുറത്തുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തുന്ന വിദേശിയായ യാത്രികൻ തൻ്റെ കൈയിൽ പണമില്ലെന്ന് കടയുടമയോട് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ ഇതുകേട്ട് ഒട്ടും മടിക്കാതെ, മുഖത്ത് വലിയൊരു പുഞ്ചിരിയോടെ 'അതൊരു പ്രശ്നമേയല്ല സഹോദരാ, നിങ്ങൾ ഇന്ത്യയിലാണ്' എന്നായിരുന്നു കടക്കാരൻ്റെ മറുപടി.

തുടർന്ന്, പണമില്ലാതെ ഒരു ദിവസം മുഴുവൻ ഇന്ത്യയിൽ കഴിച്ചുകൂട്ടുക എന്ന ചലഞ്ചിന്റെ ഭാഗമായാണ് താൻ വന്നിരിക്കുന്നതെന്ന് യാത്രികൻ വെളിപ്പെടുത്തുന്നു. അദ്ദേഹത്തെ കടയിൽ നിന്നും ഇറക്കിവിടുന്നതിന് പകരം, ഏറെ സ്നേഹത്തോടെ വരവേറ്റ കടയുടമ ചായയോ കാപ്പിയോ വേണോ എന്ന് ചോദിച്ചറിയുകയായിരുന്നു.

തുടർന്ന് ഇരുവരും കടയുടെ മുകളിലെ ടെറസിലിരുന്ന് ചായയും ബിസ്ക്കറ്റും കഴിച്ച് വിശേഷങ്ങൾ പങ്കുവെച്ചു. അമൃത്സറിലെ പ്രശസ്തമായ സുവർണ്ണ ക്ഷേത്രത്തിന് സമീപമുള്ള കടയിലാണ് ഈ സംഭവം നടന്നത്. ടെറസിൽ നിന്നുകൊണ്ട് താഴെ റോഡിലൂടെ പോകുന്ന ആളുകളെ യാത്രികൻ 'നമസ്കാരം' എന്നും പഞ്ചാബി ഭാഷയിൽ 'ഇഥർ' (ഇങ്ങോട്ട് നോക്കൂ) എന്നും വിളിച്ച് അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭാഷണത്തിനിടയിൽ, ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന യാത്രികൻ്റെ ചോദ്യത്തിന് 'എല്ലാം' എന്നായിരുന്നു കടക്കാരൻ്റെ ലളിതമായ മറുപടി.

View post on Instagram

തിരികെ കടയ്ക്കുള്ളിൽ എത്തിയ യാത്രികന് പഞ്ചാബിൻ്റെ പരമ്പരാഗത ഭക്ഷണമായ 'ചോലെ കുൽച്ചെ'യാണ് വ്യാപാരി വിളമ്പിയത്. ഭക്ഷണം കഴിച്ച ശേഷം 'ഇതാണ് ഇന്ത്യയുടെ യഥാർത്ഥ ആതിഥ്യമര്യാദ' എന്ന് യാത്രികൻ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചാബി സംഗീതത്തിനൊപ്പം ഇരുവരും ഒന്നിച്ച് ചുവടുവെക്കുകയും ചെയ്തു. ഒടുവിൽ യാത്രപറയുന്നതിന് തൊട്ടുമുൻപ് സ്നേഹസൂചകമായി ഒരു സ്കാർഫും കഴുത്തിൽ അണിയിച്ചാണ് വ്യാപാരി വിദേശിയെ യാത്രയാക്കിയത്. ഇന്ത്യയുടെ അതിഥിസൽക്കാര സംസ്കാരത്തെ പ്രകീർത്തിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. അതിഥികളെ ദൈവത്തെപ്പോലെ കാണുന്ന 'അതിഥി ദേവോ ഭവ'‌ എന്ന ഭാരതീയ സങ്കല്പത്തിന്റെ മനോഹരമായ ഉദാഹരണമാണ് ഈ ദൃശ്യങ്ങളെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം വിലയിരുത്തുന്നത്.