മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിൽ അനാർക്കലി എന്ന 57-കാരി പിടിയാന ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഈ അസാധാരണ പ്രസവം വന്യജീവി സ്നേഹികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ആനക്കുട്ടികളെ കാണാൻ സന്ദർശകരുടെ പ്രവാഹമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ധ്യപ്രദേശിലെ പന്നയിലേക്കുള്ള കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് സന്ദര്‍ശക പ്രവാഹമാണ്. കടുവകളെ കാണാനല്ല, മറിച്ച് അവിടെ അടുത്തിടെ ജനിച്ച രണ്ട് ആനക്കുട്ടികളെ കാണാനാണ്. അനാർക്കലി എന്ന പെൺ ആന ഇരട്ട പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് വനം ജീവനക്കാരെയും വന്യജീവി സ്നേഹികളെയും ആവേശഭരിതരാക്കി. ഇരട്ട പെൺ കുഞ്ഞുങ്ങളെ കാണാന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് ജനപ്രവാഹം.

അനാര്‍ക്കലി

കുട്ടികളുടെ അമ്മ 57 -കാരി അനാര്‍ക്കലി എന്ന ആന. 1986 ജൂണിലാണ് സോണെപൂർ മേളയിൽ നിന്ന് അനാര്‍ക്കലിയെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. അന്ന് അവൾക്ക് പ്രായം 18. അന്നുമുതൽ, ഏകദേശം 39 വർഷമായി അവൾ പന്നയിലെ ആന സംഘത്തിലെ ഒരു പ്രധാന അംഗമാണ്.

Scroll to load tweet…

അസാധരണ പ്രസവം

സാധാരണയായി ഒരു ആന ഒരു കുഞ്ഞിന് മാത്രമേ ജന്മം നൽകാറുള്ളൂ. പന്ന കടുവ സംരക്ഷണ കേന്ദ്രത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ആന വെറും 3 മണിക്കൂറിന്‍റെ ഇടവേളയില്‍ 2 കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. നവജാത ശിശുക്കളുടെ വരവോടെ, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ആനകളുടെ എണ്ണം 21 ആയി വർദ്ധിച്ചു. വർഷങ്ങളായി, റിസർവിലെ ആനകളുടെ എണ്ണം ശക്തിപ്പെടുത്തുന്നതിൽ അനാർക്കലിയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവൾക്ക് ഇപ്പോൾ മൊത്തം ഏഴ് കുട്ടികളുണ്ട്. ഈ ആറാമത്തെ പ്രസവത്തിലാണ് അനാർക്കലി രണ്ട് കുട്ടികൾക്ക് ജന്മം നല്‍കിയത്. ഇരട്ടക്കുട്ടികളെ കാണാന്‍ കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹമാണിപ്പോൾ. അമ്മയുടെ പാലു കുടിക്കും കുസൃതികാട്ടിയും രണ്ട് കുട്ടികളും ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ കണ്ണിലുണ്ണികളാണ്.