ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പാർക്കിങ്ങിനിടെ മഹീന്ദ്ര ഥാർ പിന്നോട്ട് ഉരുണ്ട് 70-കാരിയായ മുത്തശ്ശിക്ക് ദാരുണാന്ത്യം. ഹാൻഡ് ബ്രേക്ക് ശരിയായി ഇടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവത്തിൽ കൊച്ചുമകനെ പോലീസ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കസ്റ്റഡിയിലെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

പാർക്കിങ്ങിനിടെ ഥാർ പിന്നിലേക്ക് ഉരുണ്ട് വന്ന് യുപിയിൽ 70 -കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ നിന്നാണ് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാർക്കിംഗിനിടെ ഹാന്‍റ് ബ്രേക്ക് ഇടുന്നതിൽ സംഭവിച്ച പിഴവാണ് വാഹനം പിന്നിലേക്ക് ഉരുളാൻ കാരണമെന്ന് കരുതുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പോലീസ് കൊച്ച് മകനെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കസ്റ്റെഡിയിൽ എടുത്തു.

സഹായിക്കാൻ നിന്നു, പക്ഷേ...

പോലീസ് പറയുന്നതനുസരിച്ച്, വ്യാഴാഴ്ച വൈകുന്നേരം 8:30 ഓടെ, 70 വയസ്സുള്ള സരള കത്യാർ എന്ന സ്ത്രീ തന്‍റെ കൊച്ചുമകനെ വാഹനം പാർക്ക് ചെയ്യാൻ സഹായിക്കുകയായിരുന്നു. വീടിനുള്ളിലെ പാർക്കിംഗ് ലോട്ടിൽ ഒരു മഹീന്ദ്ര ഥാർ പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. സിസിടിവി ദൃശ്യങ്ങളിൽ, കൊച്ചു മകൻ എസ്‌യുവി വീടിനടുത്തേക്ക് മാറ്റിയിടുന്നത് കാണാം. അതേസമയം മുത്തശ്ശി ഡേറ്റിന് അടുത്ത് നിൽക്കുകയും ഗേറ്റ് തുറന്ന് പിടിച്ച് കൊച്ചുമകന് വാഹനം കയറ്റിയിടാൻ സഹായിക്കുന്നതും കാണാം. വാഹനം പൂർണമായും ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയതിന് ശേഷം മുത്തശ്ശി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്നീലേക്ക് ഉരുണ്ടുവന്നു. ഈ സമയം ഇരുവങ്ങളിലേക്ക് ഓടാൻ സാധിക്കാതെ വന്ന മുത്തശ്ശി വാഹനത്തോടൊപ്പം മുന്നോട്ട് നീങ്ങുകയും റോഡിന് മറുവശത്തുള്ള മതിലിൽ തട്ടി നിക്കുന്നു. തൊട്ട് പിന്നാലെ വാഹനം ഇവരുടെ ശരീരത്തിൽ അമർന്ന് അവർ താഴെ വീഴുന്നതും ഈ സമയം കൊച്ച് മകൻ ഓടിവരുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

അശ്രദ്ധ മൂലമെന്ന് പ്രഥമിക നിഗമനം

വാഹനം പാർക്ക് ചെയ്യുന്നതിനിടെ കൊച്ച് മകൻ ഹാൻഡ് ബ്രേക്ക് ശരിയായി ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. അപകടത്തിന് പിന്നാലെ മുത്തശ്ശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനകം അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് ഒരു പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. രേഖാമൂലമുള്ള റിപ്പോർട്ട് ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുൻ ആരോഗ്യ പ്രവർത്തകയായ സരള കത്യാർ കുടുംബത്തോടൊപ്പമാണ് ജീവിക്കുന്നത്. അവരുടെ മകൻ ഫറൂഖാബാദിൽ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്നതായും റിപ്പോർട്ടുകൾ പറയുന്നു.