തായ്‍ലന്‍ഡിലെ എയർപോർട്ടിൽ ഇന്ത്യൻ യുവാക്കൾ ബാഗുകൾ വെച്ച് ക്യൂവിൽ സ്ഥാനം പിടിച്ച് കസേരകളിൽ ഇരിക്കുന്നതിൻ്റെ വീഡിയോ വൈറലായി. പ്രായമായവരും സ്ത്രീകളും ഈ ക്യൂവിൽ നിൽക്കുമ്പോൾ യുവാക്കൾ കാണിച്ച പ്രവൃത്തിക്ക് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
വരിതെറ്റിക്കുകയെന്നത് ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ അത്ര വലിയൊരു തെറ്റായി ആരും കാണുന്നില്ല, ബസിലോ, ട്രെയിനിലോ കയറാൻ അതല്ലെങ്കിൽ ഒരു സിനിമാ ടിക്കറ്റ് എടുക്കാൻ അങ്ങനെ ക്യൂ എവിടെയുണ്ടോ അത് തെറ്റിക്കാതെ മുന്നോട്ട് പോകുന്നതിൽ വലിയ മനപ്രയാസമുള്ളത് പോലെയാണ് ചിലരുടെ പ്രവർത്തി കണ്ടാൽ തോന്നുക. അത് പോലെ നേരത്തെ സീറ്റ് ബുക്ക് ചെയ്ത മാറി നിൽക്കുന്നവരും കുറവല്ല. പ്രായമുള്ളവരോ കുട്ടുകളുമായി കയറുന്ന അമ്മമാരോ ഗർഭിണികളോ കയറാൽ പോലും അവർക്ക് വേണ്ടി ഇത്തരത്തിൽ നേരത്തെ ബുക്ക് ചെയ്ത സീറ്റുകൾ കൈമാറാനും പലരും തയ്യാറാകുന്നില്ല. ഇത്തരം പ്രവർത്തികൾ ഒരു നല്ല സാമൂഹിക ജീവിക്ക് ചേർന്നതല്ലെന്ന പൊതുബോധമാണ് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ളത്. അതേസമയം ഇന്ത്യക്കാർ വിദേശത്ത് എത്തിയാലും ഇത്തരം 'സവിശേഷ സ്വഭാവങ്ങൾ' പിന്തുടരുന്നതായും ചിലർ ആരോപിക്കുന്നു. അത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.
ക്യു ബുക്ക് ചെയ്ത് കസേര കൈയടക്കിയ ഇന്ത്യക്കാർ
ശിവം സോനു പാണ്ഡേ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. തായ്‍ലന്‍ഡിലെ ഒരു എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടിക്കറ്റ് വെരിഫിക്കേഷനോ മറ്റോ ആളുകൾ ഒരു നീണ്ട ക്യൂവിൽ നിൽക്കുന്നത് കാണാം. ഇതിനിടെ ക്യൂവിൽ തങ്ങളുടെ സ്ഥാലം അടയാളപ്പെടുത്തി ബാഗ് വയ്ക്കുകയും ശേഷം അവിടെ വച്ച കസേരകളിൽ കയറി ഇരിക്കുകയും ചെയ്യുന്ന ഇന്ത്യൻ വംശജരുടെ വീഡിയോയായിരുന്നു അത്.
യുവാക്കളായ ഇന്ത്യൻ വംശജർ തങ്ങളുടെ ബാഗുകൾ ഉപയോഗിച്ച് ക്യൂ ബുക്ക് ചെയ്ത് കസേരകളിൽ ഇരിക്കുമ്പോൾ സ്ത്രീകളു വൃദ്ധരും ആ നീണ്ട ക്യൂവിൽ വളരെ ക്ഷമയോടെ നില്‍ക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യക്കാരുടെ പ്രവർത്തിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ദേശീ സ്വഭാവമെന്ന് വിമർശനം
വൃദ്ധരും സ്ത്രകളും ക്യൂവിൽ നിൽക്കുമ്പോൾ ക്യൂ ബുക്ക് ചെയ്ത് ഇരിക്കുന്ന ഇന്ത്യൻ യുവാക്കൾക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. തനി ദേശീ സ്വഭാവമെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്. മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോഴെങ്കിലും അല്പം മാന്യമായി പെരുമാറാൻ ചിലർ ഉപദേശിച്ചു. ചിലർ സിവിക് സെന്‍സിന്‍റെ കുറവാണെന്ന് എഴുതിയപ്പോൾ മറ്റ് ചിലർ വളർത്തു ദോഷമെന്നായിരുന്നു പരിഹരിച്ചത്.


