മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഓടിക്കൊണ്ടിരുന്ന ഒരു എസ്‌യുവിക്ക് തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഓടിക്കൊണ്ടിരിക്കുന്ന എസ്‌യുവിക്ക് തീപിടിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. മുറാറിലെ സെവൻ നമ്പർ സ്‌ക്വയറിൽ നിന്ന് ഭിന്ദ് റോഡിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്ന ഒരു കുടുംബമായിരുന്നു അപകട സമയം വാഹനത്തിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും അപ്രതീക്ഷിതമായി തീ ഉയർന്നപ്പോൾ വഴിയാത്രക്കാരും പരിഭ്രാന്തരായി. ഗോള കാ മന്ദിർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽപി ബ്രിഡ്ജ് റോഡിലാണ് സംഭവം നടന്നതെന്ന് വിവരം.
ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ ബോണറ്റില്‍ നിന്നുമാണ് അപ്രതീക്ഷിതമായി തീ ഉയർന്നത്. പിന്നാലെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ കാറിലുണ്ടായിരുന്ന എല്ലാ കുടുംബാംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും വാഹനം നിമിഷങ്ങൾക്കുള്ളില്‍ പൂർണ്ണമായും കത്തിയമർന്നു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ റോഡിന്‍റെ ഒരു വശത്തായി നിര്‍ത്തിയിട്ടിരിക്കുന്ന എസ്‍യുവിയില്‍ നിന്നും കനത്ത പുകയും തീയും ഉയരുന്നത് കാണാം. അല്പ നിമിഷത്തിന് ശേഷം സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് വാഹനത്തിന്‍റെ തീ അണച്ചു. നിമിഷങ്ങൾക്കുള്ളില്‍ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമർന്നു.
അന്വേഷണം ആരംഭിച്ചു
ഓടിക്കൊണ്ടിരുന്ന വാഹനം കത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. എഞ്ചിൻ അമിതമായി ചൂടായതോ വൈദ്യുത ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറയുന്നു. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.


