നാസിക്കിലെ ഒരു ജ്വല്ലറിയിൽ തോക്കുമായി എത്തിയ ആറ് കവർച്ചക്കാരെ വനിതാ കടയുടമയും ജീവനക്കാരും ധീരമായി നേരിട്ടു. മോഷണ ശ്രമം പരാജയപ്പെടുത്തിയ ഇവരുടെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

മഹാരാഷ്ട്രയിലെ നാസിക്കിലെ തിരക്കേറിയ ഹിരാവടി പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജ്വല്ലറിയിൽ തോക്കുമായി എത്തിയ ആറ് കവർച്ചക്കാരെ ധീരമായി നേരിട്ട് കടയിൽ നിന്നും ഓടിക്കുന്ന വനിതാ കടയുടമയുടെയും ജീവനക്കാരുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാത്രി 9 മണിയോടെ നടന്ന മോഷണ ശ്രമത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ ജീവനക്കാരെയും കടയുടമയെയും അക്രമിച്ച് ആഭരണങ്ങൾ കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം പരാജയപ്പെടുത്തിയ ജീവനക്കാർക്കും കടയുമയ്ക്കും സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനം.
തോക്കുമായി ആറ് പേർ
പഞ്ചവടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരക്കേറിയ ഹിരാവാടി പ്രദേശത്തെ ന്യൂ സമൃദ്ധി ജ്വല്ലേഴ്‌സിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കവർച്ചാ ശ്രമത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനായി മൂന്ന് ബൈക്കുകളിലായി 6 പേരാണ് എത്തിയത്. അവരിൽ ചിലർ മുഖം മറച്ചിരുന്നു. മറ്റ് ചിലർ ഹെൽമറ്റ് ഊരാതെയാണ് കടയിലേക്ക് കയറാൻ ശ്രമിച്ചത്. ജീവനക്കാർ കട അടയ്ക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു മോഷണ ശ്രമം. സംഭവസമയത്ത് കടയുടമ നയന പഗാരിയ, ഒരു വനിതാ ജീവനക്കാരി, സ്റ്റാഫ് അംഗം അമിത് ശ്രീമാലി എന്നിവർ കടയിലുണ്ടായിരുന്നു.
സധൈര്യം നേരിട്ട് കടയുടമയും ജീവനക്കാരും
മോഷ്ടാക്കളിലൊരാൾ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയും എതിർത്താൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, അമിത് ശ്രീമാലി തോക്കിന് മുന്നിൽ ഭയക്കാതെ മോഷ്ടാക്കളെ തന്‍റെ കൈ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. സംഗതി കൈവിട്ടെന്ന് ബോധ്യപ്പെട്ട മറ്റ് മോഷ്ടാക്കൾ കടയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നയന പഗാരിയയും മോഷ്ടാക്കളെ പ്രതിരോധിക്കാനായി ചാടിയിറങ്ങി. കവർച്ചയ്ക്കിടെ പ്രതികളിൽ ഒരാൾ വെടിയുതിർത്തെന്ന് ദിവ്യ ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ മോഷ്ടാക്കളിലൊരാൾ പിസ്റ്റളിന്‍റെ പിൻഭാഗം ഉപയോഗിച്ച് അമിതിന്‍റെ തലയിൽ പല തവണ ഇടിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന് ശക്തമായ രക്തസ്രാവമുണ്ടായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. മോഷ്ടാക്കൾ ചില ആഭരണങ്ങളുമായാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയെന്നും മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കടയുടമയെയും ജീവനക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.


