ബീഹാറിലെ ഭിന്നശേഷിക്കാരിയായ സോണി കുമാരിയുടെ സ്കൂൾ യാത്രാ വീഡിയോ വൈറലായതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഒരു ട്രൈസൈക്കിൾ സമ്മാനിച്ചു. എന്നാൽ, ഗുണനിലവാരമില്ലാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ സൈക്കിൾ തകർന്നു. ഈ തിരിച്ചടികൾക്കിടയിലും, ഡോക്ടറാകുക എന്ന സ്വപ്നവുമായി സോണി തൻ്റെ പഠനം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ബീഹാറിലെ ഗോപാൽഗഞ്ചിലെ ഹുസൈൻപൂർ ഗ്രാമത്തിൽ നിന്നുള്ള സോണി കുമാരി കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. തന്‍റെ ഇരുകാലുകൾക്കും ശേഷിക്കുറവുണ്ടെങ്കിലും ആ കാലുകൾ വച്ച് രണ്ട് കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് അവൾ നടന്ന് പോകുന്ന വീഡിയോകളാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയിൽ വൈറലായത്. ശാരീരിക പരിമിതികൾക്കിടെയിലും പഠിക്കാനുള്ള അവളുടെ ആഗ്രഹത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.

സോണി കുമാരിയുടെ സ്കൂൾ യാത്ര വീഡിയോ

സോണി കുമാരി

ജനിക്കുന്നതിന് മുമ്പ് തന്നെ സോണി കുമാരിയുടെ അച്ഛൻ നന്ദകിഷോർ റാം മരിച്ചിരുന്നു, അമ്മ ഗുലൈച്ചി ദേവി ദിവസ വേതനക്കാരിയായി ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. മകളുടെ ചികിത്സയ്ക്ക് പണം ചെലവഴിക്കണോ അതോ കുടുംബം പോറ്റണോയെന്നതാണ് ഗുലൈച്ചി ദേവിയുടെ മുന്നിലുള്ള ചോദ്യം. എങ്കിലും വയ്യാത്ത കാലുകൾ വലിച്ച് സോണി കുമാരി സ്കൂളിൽ പോയി. 15 -കാരിയായ സോണിയുടെ യാതനാപൂർണ്ണമായ യാത്ര ആരോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സോണിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബിജെപി എംഎൽഎ മൈഥിലി താക്കൂർ, സോനു സൂദ്, കുമാർ വിശ്വാസ് എന്നിവരുൾപ്പെടെ നിരവധി പേർ സഹായവുമായി മുന്നോട്ടുവന്നു.

ട്രൈസൈക്കിൾ സമ്മാനിച്ച് ജില്ലാ ഭരണകൂടം. വീഡിയോ

ജില്ലാ ഭരണകൂടത്തിന്‍റെ സമ്മാനം

ഇതിനിടെയാണ് ജില്ലാ ഭരണകൂടം അവൾക്ക് ഒരു ട്രൈസൈക്കിൾ സമ്മാനിച്ചത്. എന്നാൽ, അതിപ്പോൾ ജില്ലാ ഭരണകൂടത്തെ തന്നെ തിരിഞ്ഞു കൊത്തുകയാണ്. സൈക്കിൾ സമ്മാനമായി നൽകി ദിവസങ്ങൾക്കുള്ളിൽ അതിന്‍റെ പ്രവർത്തനം നിലച്ചു. കൈകൾ കൊണ്ട് പ്രവ‍ർത്തിക്കാൻ പറ്റുന്ന മൂന്ന് ചക്രങ്ങളുള്ള സൈക്കിളായിരുന്നിട്ടും അതിന്‍റെ പെഡലുമായി ബന്ധിപ്പിച്ചിരുന്ന കമ്പികൾ പൊട്ടിപോവുകയായിരുന്നു. നിലവാരം കുറ‌‍‌ഞ്ഞ കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് സൈക്കിൾ പെട്ടെന്ന് നശിക്കാൻ കാരണമെന്ന് നെറ്റിസെന്‍സ് ആരോപിച്ചു.

തകർന്ന് പോയ സമ്മാനം. വീഡിയോ

ഡോക്ടറാകണമെന്ന് ആഗ്രഹം

ജില്ലാ ഭരണകൂടം സമ്മാനിച്ച ട്രൈസൈക്കിൾ പ്രവർത്തന രഹിതമായെങ്കിലും സോണി കുമാരിയെ അതൊന്നും ബാധിച്ചിട്ടില്ല. അവൾ ഇപ്പോഴും പഴയത് പോലെ തന്നെ സ്കൂളിലേക്ക് പോകുന്നു. തനിക്ക് പഠിക്കാനും ഗ്രാമത്തിലെ ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ടെന്ന് സോണി പറയുന്നു. അതിനായി അവൾക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം. പഠിക്കാൻ ഇത്രയേറെ ആഗ്രഹമുള്ള ഒരു കുട്ടിക്ക് ജില്ലാ ഭരണകൂടം സമ്മാനിച്ച ഗുണമേന്മയില്ലാത്ത സൈക്കിൾ സമൂഹ മാധ്യമ പ്രതിഷേധം രൂക്ഷമാക്കി. ഭാവി തലമുറയ്ക്ക് ജില്ലാ ഭരണകൂടം നൽകുന്ന സന്ദേശമെന്താണെന്ന് നിരവധി പേർ ചോദിച്ചു. അംഗപരിമിതരും അശരണരുമായ മനുഷ്യരോട് ഇതോണോ ജില്ലാ ഭരണകൂടത്തിന്‍റെ പെരുമാറ്റമെന്ന് മറ്റ് ചിലർ ചോദിച്ചു. ബീഹാറിൽ അഴിമതി കൊടികുത്തി വാഴുകയാണെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.