സിംഗപ്പൂരിൽ താമസിക്കുന്ന യുവതി ബിരിയാണി ഐസ്ക്രീം തയ്യാറാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബിരിയാണി മസാലകളും ഐസ്ക്രീമും ചേർത്തുള്ള ഈ വിചിത്രമായ മിശ്രിതം തയ്യാറാക്കുന്ന വിധവും അതിനോടുള്ള നെറ്റിസൺസിന്റെ പ്രതികരണവുമാണ് ഉള്ളടക്കത്തിൽ.
ഭക്ഷണ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ് ഭക്ഷണപ്രിയരിൽ മിക്കയാളുകളും. എന്നാൽ, ഇതൊരു ഒന്നൊന്നര പണിയായി പോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. പറഞ്ഞ് വരുന്നത് കഴിഞ്ഞ ദിവസ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയെ കുറിച്ചാണ്. ബിരിയാണി ഐസ്ക്രീം. ശ്രദ്ധിക്കുക ഐസ്ക്രീം ബിരിയാണിയല്ലിത് മറിച്ച് ബിരിയാണി ഐസ്ക്രീമാണ്. ഫ്ലാറ്റ്മേറ്റ്സിന്‍റെ അംഗീകാരം ലഭിച്ചെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിയോജിപ്പുകൾ പരിഗണിക്കുന്നതല്ലെന്നും എഴുതിക്കൊണ്ട് ബാബാസൂദ് എന്ന് ഇന്‍സ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സിംഗപ്പൂരിൽ താമസിക്കുന്ന യുവതിയാണ് ബിരിയാണി ഐസ്ക്രീം തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം അരലക്ഷത്തിനടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു.
ബിരിയാണി ഐസ്ക്രീം
ബിരിയാണി മസാലകൾ നിറഞ്ഞ രുചികളും ഐസ്ക്രീമിന്‍റെ തണുത്തതും ക്രീമി ഘടനയും ഒരു ബന്ധവുമില്ലാത്ത ജോഡിയായി ഭക്ഷണ പ്രീയയർക്ക് തോന്നുമെങ്കിലും, തന്‍റെ അസാധാരണമായ മിശ്രിതം വളരെ നന്നായെന്നാണ് യുവതി അവകാശപ്പെട്ടത്. വീഡിയോയിൽ ബിരിയാണി ഐസ്ക്രീം തയ്യാറാക്കുന്നത് വിശദമായി കാണിക്കുന്നു. ഉള്ളി, ഏലം, കറുവപ്പട്ട, ബേ ഇല എന്നിവ കാരമലൈസ് ചെയ്യുന്നത് മുതൽ തയ്യാറാക്കിയ ബിരിയാണി ഐസ്ക്രീം കഴിക്കുന്നത് വരെയുള്ള വിശദമായ വീഡിയോയാണ് അവർ പങ്കുവച്ചത്. ഉള്ളി കാരമലൈസ് ചെയ്ത് കുറച്ച് ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
പിന്നീട് പാൽ, ക്രീം, ഡ്രൈ ഫ്രൂട്ട്സ്, പഞ്ചസാര എന്നിവ ചേർത്ത അരി തയ്യാറാക്കുന്നതും വീഡിയോയിൽ കാണാം. എല്ലാം ചേർത്ത് ബിരിയാണി തയ്യാറാക്കിയ ശേഷം അതിലെ അരി പുറത്തെടുത്ത്, ക്രീമിയായവ മാത്രം പ്രത്യേകമായി ശേഖരിച്ച് ഫ്രിഡ്ജിൽ വച്ചു. ഒടുവിൽ അതിൽ നിന്ന് ഒരു ഐസ്ക്രീം കോൺ ഉണ്ടാക്കി കാരമലൈസ് ചെയ്ത ഉള്ളി കൊണ്ട് അലങ്കരിച്ചു. ഇതോടെ ബിരിയാണി ഐസ്ക്രീം റെഡ്ഡി. വീഡിയോയോടൊപ്പം 'തൊഴിലില്ലായ്മയുടെ ആധുനിക അഭിനിവേശ പദ്ധതി. നിർഭാഗ്യവശാൽ ഞാൻ ഏഷ്യൻ സ്റ്റീരിയോടൈപ്പിനെ മറികടക്കുന്നില്ല. എന്‍റെ ഫ്ലാറ്റ്‌മേറ്റ്‌സ് അത് അംഗീകരിച്ചു (ബിരിയാണി ഐസ്ക്രീം). അതിനാൽ ആരെങ്കിലും വിയോജിക്കുന്നുവെങ്കിൽ, ഞാൻ നിങ്ങളുടെ താടി രോമം വടിക്കും' എന്ന തമാശ കലർന്ന ഭീഷണിയോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്.
ഭ്രാന്തു പിടിക്കുന്നെന്ന് നെറ്റിസെൻസ്
വീഡിയോയോട് നെറ്റിസെന്‍സിന്‍റെ പ്രതികരണവും ബിരിയാണി ഐസ്ക്രീപോലെയായിരുന്നു. 'താടി രോമം വടിക്കും' എന്നത് തന്‍റെ പുതിയ ഭീഷണി വാചകമാണെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. അവൾക്ക് ഭ്രാന്തു പിടിക്കുന്നുവെന്നായിരുന്നു ചിലരുടെ കുറിപ്പുകൾ. വീട്ടിലാകുമ്പോൾ എല്ലാം ശരിയാകുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. എവിടെ വന്നാൽ രുചി അറിയാൻ പറ്റുമെന്നായിരുന്നു മറ്റ് ചിലരുടെ അന്വേഷണം.


