രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി ഇന്ത്യയിൽ യാത്ര ചെയ്ത ബ്രിട്ടീഷ് ദമ്പതികൾ ഇന്ത്യൻ റെയിൽവേയെ പ്രശംസിച്ചു. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗ്ഗം ട്രെയിനുകളാണെന്നും, ഇന്ത്യക്കാർ കുട്ടികളോട് കാണിക്കുന്ന സ്നേഹം വലുതാണെന്നും അവർ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

ണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ബ്രിട്ടീഷ് ദമ്പതികൾ ഇന്ത്യൻ റെയിൽവേയുടെ യാത്രാ സൗകര്യങ്ങളെ പ്രശംസിച്ച് രംഗത്തെത്തി. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേയെന്നാണ് ഇവർ അവകാശപ്പെടുന്നത്. 'രണ്ടു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് ഇന്ത്യയിൽ യാത്ര ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ' എന്ന പേരിൽ ഇവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ട്രെയിൻ യാത്രയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതിനൊപ്പം, കുട്ടികളുമായി എത്തുന്നവരോട് രാജ്യം കാണിക്കുന്ന അതിരറ്റ സ്നേഹത്തെയും ദമ്പതികൾ അഭിനന്ദിച്ചു.

ഇന്ത്യൻ റെയിൽവേയ്ക്ക് പ്രശംസ

ഹാസൽ ലിൻഡ്സെ, മാർട്ടിൻ ബെയ്‌ലി എന്നിവർ തങ്ങളുടെ ഇന്ത്യൻ പര്യടനത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന് കുഞ്ഞ് അലക്സാണ്ടറുമൊത്തുള്ള ട്രെയിൻ യാത്രയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. "ഞങ്ങൾക്ക് പണ്ടുമുതലേ ഇന്ത്യൻ റെയിൽവേയിലെ യാത്രകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ മകൻ അലക്സാണ്ടർ ജനിച്ചപ്പോഴും അവനും ഈ അനുഭവം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു," ദമ്പതികൾ പറയുന്നു. "നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഇപ്പോഴും ഏറ്റവും മികച്ച മാർഗ്ഗം ഇന്ത്യൻ റെയിൽവേ തന്നെയാണ്. ട്രെയിനുകൾ മിക്കവാറും കൃത്യസമയത്ത് ഓടുന്നുണ്ട്, മൊബൈൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വളരെ എളുപ്പമാണ്. ചില റെയിൽവേ സ്റ്റേഷനുകളിൽ നല്ല തിരക്കുണ്ടാകാറുണ്ട്, എങ്കിലും ലിഫ്റ്റുകളും ചുമട്ടുതൊഴിലാളികളും (പോർട്ടർമാർ) കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഞങ്ങളുടെ പക്കൽ വലിയൊരു ബാഗേജ് ശേഖരം തന്നെയുണ്ടായിരുന്നു." ഇന്ത്യയിലെ സജീവമായ അന്തരീക്ഷം കുഞ്ഞിന് ഏറെ ഇഷ്ടപ്പെട്ടുവെന്നും, യാത്രയ്ക്കിടയിലാണ് അവൻ ജീവിതത്തിലെ ഏറ്റവും സുഖകരമായി ഉറങ്ങിയതെന്നും ലിൻഡ്സെ കൂട്ടിച്ചേർക്കുന്നു.

View post on Instagram

'ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ വേണം'

"ഞങ്ങൾ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴോ, മട്ടൻ ബിരിയാണി കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഒക്കെ അവൻ ബേബി കാരിയറിൽ കിടന്ന് സുഖമായി ഉറങ്ങുമായിരുന്നു. കാണുന്നവർക്കെല്ലാം കുഞ്ഞിനോട് വിശേഷങ്ങൾ ചോദിക്കണം. തികച്ചും അപരിചിതരായ ആളുകൾ അടുത്ത് വരുന്നതും കുഞ്ഞിനെ എടുക്കാൻ ആഗ്രഹിക്കുന്നതും നമ്മൾ പോസിറ്റീവായി കാണണം." ലിൻഡ്സെ പറഞ്ഞു. കുട്ടികളുമായി വരുന്നവരെ ഇന്ത്യ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും, റെസ്റ്റോറന്‍റുകളിൽ പോകുമ്പോൾ കുഞ്ഞിന് കിടക്കാനായി മനോഹരമായ ചെറിയ തൊട്ടിലുകൾ അവർ മേശയ്ക്കരികിൽ എത്തിച്ചുതരാറുണ്ടെന്നും ദമ്പതികൾ ഓർത്തെടുത്തു. വീഡിയോ തരംഗമായതോടെ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്. "ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ വേണമെന്നാണ് പറയാറ്; ഇന്ത്യ അത്തരമൊരു ഗ്രാമമാണ്," എന്ന് ഒരാൾ കുറിച്ചപ്പോൾ. "ഭക്ഷണ മേശയ്ക്കരികിലേക്ക് തൊട്ടിലുകൾ എത്തിച്ചു നൽകുന്നത് ശരിക്കും അത്ഭുതകരമായ കാര്യമാണ്,"* എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.