ഹോങ്കോങ്ങിലെ വീട്ടുജോലിക്കാർ അവധി ദിവസങ്ങളിൽ തെരുവിൽ കാർഡ്ബോർഡ് പെട്ടികളിൽ അഭയം തേടുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. തൊഴിലുടമയുടെ വീട്ടിൽ താമസിക്കാൻ നിർബന്ധിക്കുന്ന 'ലിവ്-ഇൻ' നിയമമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഈ സംഭവം സമ്പന്ന നഗരത്തിലെ തൊഴിലാളി ക്ഷേമത്തെയും സാമ്പത്തിക അസമത്വത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
1886 -ൽ ചിക്കാഗോയിൽ എട്ട് മണിക്കൂർ ജോലി എന്ന ആവശം ഉന്നയിച്ച് നടത്തിയ ഹേമാർക്കറ്റ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ് മെയ് 1 അന്താരാഷ്ട്രാ തൊഴിലാളി ദിനമായി ആചരിക്കുന്നത്. എന്നാൽ ഇന്ന് 2026 ൽ എത്തി നിൽക്കുമ്പോൾ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഒരു അവധി ദിനം മാത്രമായി അന്താരാഷ്ട്രാ തൊഴിലാളി ദിനം മാറുന്നു. അതിന്‍റെ പ്രത്യക്ഷ ഉദാഹരണമായി ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോൾ അത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊഴിലാളി ക്ഷേമത്തിൽ ലോകം ഇന്ന് എത്തി നിൽക്കുന്നതെവിടെയെന്ന് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ഹോങ്കോംഗിൽ തൊഴിലാളികൾ താമസിക്കുന്നത് കാർബോഡ് പെട്ടികളിലാണെന്ന് അവകാശപ്പെടുന്നതായിരുന്നു വീഡിയോ.
അവധി ദിവസം തെരുവിൽ
ആഴ്ചതോറുമുള്ള അവധി ദിവസങ്ങളിൽ വീട്ടുജോലിക്കാർ ഹോങ്കോങ്ങിലെ പാലങ്ങളിലും അണ്ടർപാസുകളിലും ഒത്തുകൂടുന്നത് വീഡിയോയിൽ കാണാം. സ്വകാര്യതയ്ക്കായി, തിരക്കേറിയ മെട്രോപൊളിറ്റനിൽ ഒരു ചെറിയ അഭയം നൽകുന്ന അങ്ങേയറ്റം ദുർബലമായ മതിലുകൾ തീർത്ത കാർഡ്ബോർഡ് പെട്ടികൾ അവർ സ്ഥാപിച്ചു. ചില സ്ത്രീകൾ ആ കാർഡ്ബോർഡ് പെട്ടികളിൽ ഇരുന്ന് ഉറങ്ങുന്നത് കാണാം. ഹോങ്കോംഗ് റിയൽ എസ്റ്റേറ്റിന്‍റെ നട്ടെല്ലായ നഗരത്തെ തൂത്ത് തുടച്ച് ഭക്ഷണം വച്ച് പ്രവർത്തനക്ഷമമാക്കുന്ന വീട്ടുജോലിക്കാരായിരുന്നു അവരെല്ലാം. ലോകത്തെ സമ്പന്നമായ നഗരം തങ്ങളുടെ വീട്ട് ജോലിക്കാരെ എങ്ങനെയാണ് കാണുന്നതെന്ന് വീഡിയോ കാട്ടിത്തരുന്നു.
വിദേശ ഗാർഹിക തൊഴിലാളികൾ അവരുടെ തൊഴിലുടമയുടെ വീട്ടിൽ താമസിക്കണമെന്ന് നിർബന്ധിക്കുന്ന ഒരു 'ലിവ്-ഇൻ' നിയമം ഹോങ്കോങ്ങിലുണ്ടെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ഈ നിയമം കാരണം, ഇന്തോനേഷ്യ, ഫിലീപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഹോങ്കോങ്ങിൽ താമസിക്കാൻ മറ്റൊരിടം കിട്ടില്ല. ആഴ്ചതോറുമുള്ള അവധി ദിവസങ്ങളിൽ, താമസത്തിനും സ്വകാര്യതയ്ക്കുമായി വലിയ കാർഡ്ബോർഡ് പെട്ടികൾ ഉപയോഗിച്ച് അവർ പൊതുസ്ഥലങ്ങളിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കാൻ നിർബന്ധിതരാകുന്നു. ഇത് ഹോങ്കോങ്ങിന്‍റഎ അദൃശ്യമായ തൊഴിൽ പ്രതിസന്ധിയാണെന്ന് വീഡിയോ അവകാശപ്പെടുന്നു. ഹോങ്കോങ്ങ് പണിയെടുക്കുന്നതിലൂടെയാണ് പ്രവർത്തിക്കുന്നത്, പക്ഷേ അത് താമസിക്കാൻ അനുവദിക്കുന്നില്ലെന്ന് കുറിച്ച് കൊണ്ട് പൊതുഇടത്ത് സ്ത്രീകൾ കാർഡ്ബോർഡ് പെട്ടികളിൽ ഉറങ്ങുകയും ഇരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
രൂക്ഷമായ വിമർശനം
സമ്പന്നമായ ഹോങ്കോങ്ങിലെ തൊഴിലാളികളുടെ അവസ്ഥ വ്യക്തമാക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഹോങ്കോങ്ങിലെ സാമ്പത്തിക വിടവ് വ്യക്തമാക്കുകയും തൊളിലാളികളോടുള്ള നഗരത്തിന്‍റെ സമീപനം എടുത്ത് കാണിക്കുകയും ചെയ്തു. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിമയങ്ങളെ കുറിച്ചും വലിയൊരു ചർച്ച തന്നെ നടന്നു. ഒറ്റ ദിവസം കൊണ്ട് വീഡിയോ 27 ലക്ഷം പേരാണ് കണ്ടത്. വീട്ടുജോലിക്കാരെ അവധി ദിവസം തെരുവിലേക്ക് വലിച്ചെറിയുന്ന ഹോങ്കോങ്ങിന്‍റെ സമ്പന്നതയെ നിരവധി പേർ വിമർശിച്ചു.


