ഡെഹ്‌റാഡൂണിൽ നിന്നുള്ള 50 വയസ്സുള്ള ദമ്പതികൾ 20 കിലോമീറ്റർ ഓടി ഫിറ്റ്നസ് ലോകത്ത് തരംഗമാവുന്നു. പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി. കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ആരോഗ്യം നിലനിർത്താമെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യകാര്യങ്ങളിലും അച്ചടക്കമുള്ള ജീവിതരീതിയിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണിൽ നിന്നുള്ള ദമ്പതികൾ. പുലർച്ചെ ഇരുവരും ചേർന്ന് നടത്തിയ 20 കിലോമീറ്റർ ദീർഘദൂര ഓട്ടത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇവരുടെ ദൃഢനിശ്ചയത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തുന്നത്.
'ഞങ്ങൾ ടു ഫിറ്റ്. ടു ക്വിറ്റ്'
'twofit.to.quit' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദമ്പതികൾ തങ്ങളുടെ ഈ ഫിറ്റ്നസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "50-ാം വയസ്സിൽ, പുലർച്ചെ 5:30 -ന്, യാതൊരുവിധ ഒഴിവുകഴിവുകളും പറയാതെ ഞങ്ങൾ നിംബുവാലയിൽ നിന്ന് പുർകുൽ വരെ 20 കിലോമീറ്റർ ഓടിത്തീർത്തു," എന്ന് ദമ്പതികൾ വീഡിയോയുടെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രായം വെറും ഒരു നമ്പർ മാത്രമാണെന്നും ഫിറ്റ്നസ് എന്നത് നമ്മൾ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നും ഓർമ്മിപ്പിച്ച അവർ, "ഞങ്ങൾ ഒരിക്കലും പിന്മാറില്ല, ഞങ്ങൾ ടു ഫിറ്റ്. ടു ക്വിറ്റ് (TwoFit.toQuit) ആണ്!" എന്നും കൂട്ടിച്ചേർത്തു.
പ്രായം വെറുമൊരു സംഖ്യ
പുലർച്ചെ ഡെഹ്‌റാഡൂണിലെ തെരുവുകളിലൂടെ ഒരേ വേഗതയിൽ ദമ്പതികൾ ഓടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദീർഘദൂര ഓട്ടത്തിന്‍റെ കഠിനമായ ക്ഷീണം ശരീരത്തിൽ പ്രകടമായിരുന്നിട്ടും, ഒരിടത്ത് പോലും നിർത്താതെ ഇരുവരും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു. ഫിറ്റ്‌നസ് എന്നത് പ്രായത്തെ ആശ്രയിച്ചല്ല, മറിച്ച് കൃത്യമായ ദിനചര്യ, കഠിനാധ്വാനം, ശക്തമായ മാനസികാവസ്ഥ എന്നിവയിലൂടെ നേടിയെടുക്കേണ്ടതാണെന്ന് ഈ വീഡിയോ അടിവരയിടുന്നു. പ്രായത്തിന്‍റെ പേരിൽ വ്യായാമം ചെയ്യാൻ മടിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് ഈ ദമ്പതികളുടെ നേട്ടമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നു.
'ആരോഗ്യം തന്നെ യഥാർത്ഥ സമ്പത്ത്'
വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ രീതിയിലുള്ള പിന്തുണയാണ് ഇരുവർക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. "നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് ശരിക്കും മികച്ചൊരു കാര്യമാണ്, ഒരുപാട് പ്രചോദനം നൽകുന്നു," എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "ആരോഗ്യം തന്നെയാണ് യഥാർത്ഥ സമ്പത്ത്" എന്നായിരുന്നു മറ്റൊരു കമന്‍റ്. യുവാക്കൾക്ക് പോലും മാതൃകയാക്കാവുന്ന ഊർജ്ജമാണ് ഈ ദമ്പതികൾ കാഴ്ചവെക്കുന്നതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.


