മധ്യപ്രദേശിലെ ബേതുലിൽ ചത്ത പശുവിനെ മാലിന്യ ശേഖരണ വാഹനത്തിൽ കെട്ടിവലിച്ചത് വലിയ വിവാദമായി. സംഭവത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഉചിതമായ വാഹനം ലഭ്യമല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ ചത്ത പശുവിനെ മാലിന്യ ശേഖരണ വാഹനത്തിൽ കെട്ടിവലിച്ച് ഏകദേശം ഒരു കിലോമീറ്ററോളം കൊണ്ടുപോയെന്ന വീഡിയോ വലിയ വിവാദത്തിനാണ് വഴി വച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാരും വിവിധ മത സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പിന്നാലെ സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു.

ആവശ്യമായ വാഹനം ലഭിച്ചില്ലെന്ന്

മധ്യപ്രദേശിലെ ബെതുൽ ജില്ലയിലെ ജല്ലാർ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലാണ് സംഭവം നടന്നത് റിപ്പോർട്ടുകൾ പറയുന്നു. തിരിച്ചറിയാത്ത ഒരു വാഹനമിടിച്ച് പശു ചത്തതിനെ തുടർന്ന് അതിന്‍റെ ജഡം റോഡരികിൽ കിടക്കുകയായിരുന്നു. ഉടമസ്ഥൻ ആരും മുന്നോട്ടുവരാതിരുന്നതിനാൽ രണ്ട് ദിവസത്തോളം ജഡം അവിടെ തന്നെ കിടന്നു. ഇതിനിടെ ജഡം അഴുകിത്തുടങ്ങിയതോടെ ദുർഗന്ധം പരക്കുകയും ശുചിത്വ-ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയരുകയും ചെയ്തെന്നും അധികൃതർ വിശദീകരിക്കുന്നു. എന്നാൽ. പശുവിന്‍റെ ജഡം മാറ്റാൻ ആവശ്യമായ ട്രാക്ടറോ ട്രോളിയോ ലഭ്യമാകാത്ത സാഹചര്യത്തിൽ ശുചീകരണ തൊഴിലാളികൾ കയറുകൊണ്ട് കെട്ടി ഗ്രാമത്തിലെ മാലിന്യശേഖരണ വാഹനം ഉപയോഗിച്ച് അതിനെ നീക്കുകയായിരുന്നെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തിന്‍റെ വീഡിയോ വഴിയാത്രക്കാരാരോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.

Scroll to load tweet…

അർഹമായ ആദരവ് നൽകണം

വീഡിയോ വൈറലായതിന് പിന്നാലെ വിവിധ ഗോരക്ഷാ സംഘടനകളും മറ്റ് പ്രാദേശിക സംഘടനകളും രംഗത്തെത്തി. മരിച്ച ശേഷവും ഒരു പശുവിന് അർഹമായ ആദരവ് ലഭിക്കേണ്ടതുണ്ടെന്നും ജഡം ഇത്തരത്തിൽ വലിച്ചിഴച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇവർ ആരോപിച്ചു. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ജല്ലാർ ഗ്രാമപഞ്ചായത്ത് സർപഞ്ച് മനീഷ് നർവാരെ വിശദീകരണവുമായി രംഗത്തെത്തി. ട്രാക്ടർ ലഭിക്കാത്തതിനാലാണ് മാലിന്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്നും തുടർന്ന് പശുവിന്‍റെ ജഡം പ്രാദേശിക ചട്ടങ്ങൾ പാലിച്ച് സംസ്കരിച്ചെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ മാലിന്യവാഹന ഡ്രൈവറായ നിഖിൽ ബരാസ്കറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പഞ്ചായത്ത് അറിയിച്ചു. അതേസമയം പശുക്കളെ മാത്രമല്ല. ഏതൊരു ജീവിയെയും മരിച്ചാൽ അത് മാന്യമായ സംസ്ക്കരണം അത് അർഹിക്കുന്നുണ്ടെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്.