ഇൻഡിഗോ എയർലൈൻസിലെ ബധിരനും മൂകനുമായ ജീവനക്കാരൻ അഫ്‌ജലിന്റെ പ്രചോദനാത്മകമായ സേവനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആംഗ്യഭാഷയും പുഞ്ചിരിയും ഉപയോഗിച്ച് യാത്രക്കാരെ സഹായിക്കുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ജോലിയോടുള്ള ആത്മാർഥതയും ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി.
ഒരു വിമാനത്താവളത്തിലെ സാധാരണ ബാഗേജ് ചെക്ക്-ഇൻ അനുഭവം സമൂഹ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകളെ സ്പർശിച്ച പ്രചോദനകഥയായി മാറി. ഇൻഡിഗോ എയർലൈൻസിലെ ബധിരനും മൂകനുമായ ബാഗേജ് ചെക്ക്-ഇൻ ജീവനക്കാരൻ അഫ്‌ജലിന്‍റെ ആത്മവിശ്വാസവും ജോലിയോടുള്ള ആത്മാർഥതയും യാത്രക്കാരുടെ ഹൃദയം കീഴടക്കുകയാണ്.
ആ ആത്മവിശ്വാസം
യാത്രക്കാരനായ അമൻ സിങ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഫ്‌ജലിന്‍റെ അസാധാരണ സേവനം ശ്രദ്ധേയമായത്. കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത സാഹചര്യത്തിലും ആംഗ്യഭാഷയും മുഖഭാവങ്ങളും പുഞ്ചിരിയും ഉപയോഗിച്ച് യാത്രക്കാരനെ അദ്ദേഹം കൃത്യമായി സഹായിക്കുന്നതാണ് വീഡിയോയിൽ കാണാം. യാതൊരു ആശയവിനിമയ തടസ്സവും അനുഭവപ്പെടാതെ മുഴുവൻ ചെക്ക്-ഇൻ നടപടിക്രമവും പൂർത്തിയാക്കാൻ അഫ്‌ജലിന് കഴിഞ്ഞതായി അമൻ സിങ് എഴുതുന്നു. അഫ്‌ജലിന്‍റെ യൂണിഫോമിൽ “എനിക്ക് കേൾക്കാനോ സംസാരിക്കാനോ കഴിയില്ല. എങ്കിലും നിങ്ങളെ സഹായിക്കുന്നതിൽ സന്തോഷമുണ്ട്” എന്ന സന്ദേശമുള്ള ബാഡ്ജുണ്ട്. ഇത് കണ്ട യാത്രക്കാരൻ അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തെയും പ്രൊഫഷണലിസത്തെയും അഭിനന്ദിച്ചു.
'ഇന്നത്തെ പ്രചോദനം'
വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ, “ഇന്നത്തെ പ്രചോദനം ഒരു കോടീശ്വരനിൽ നിന്നല്ല, വാക്കുകൾ മാത്രമല്ല ആശയവിനിമയത്തിന്‍റെ മാർഗമെന്ന് കാണിച്ചുതന്ന ഒരാളിൽ നിന്നാണ് ലഭിച്ചത്” എന്നാണ് അമൻ സിങ് എഴുതിയത്. സംസാരിക്കാനും കേൾക്കാനും കഴിയുന്ന പലരേക്കാളും മികച്ച രീതിയിൽ അഫ്‌ജൽ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയുടെ അവസാനം അഫ്‌ജലുമായി കൈകൊടുത്ത് നന്ദി പറയുന്ന യാത്രക്കാരന്‍റെ ദൃശ്യവും നിരവധി പേരെ വികാരഭരിതരാക്കി. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ അഫ്‌സലിനെയും ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന ഇൻഡിഗോയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ഇൻഡിഗോ ജീവനക്കാരിൽ നിന്ന് സമാനമായ മികച്ച അനുഭവങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. സഹാനുഭൂതിയും ക്ഷമയും ആത്മാർഥമായ സേവന മനോഭാവവുമാണ് മികച്ച ഉപഭോക്തൃ സേവനത്തിന്റെ അടിസ്ഥാനം എന്ന സന്ദേശമാണ് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നതെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. "അടുത്തിടെ കോഴിക്കോട്ട് സമാനമായ അനുഭവം ഉണ്ടായി. ഇൻഡിഗോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു" എന്ന് ഒരു ഉപയോക്താവിന്‍റെ കുറിപ്പ്.


