പാതിരാത്രിയിൽ സെമിത്തേരിയിലേക്ക് ബിരിയാണി ഓർഡർ ലഭിച്ച ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ വൈറലാകുന്നു. ഓർഡർ ചെയ്ത യുവതി അകത്തേക്ക് വരാൻ ആവശ്യപ്പെട്ടപ്പോൾ, പ്രേതങ്ങൾക്ക് ഭക്ഷണമാകാനല്ല താൻ വന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വൈറലായ മറുപടി.  

Add Asianetnews as a Preferred SourcegooglePreferred

'ഡിന്നർ ഇന്‍ ഗ്രേവിയാർഡ്' എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാതിരാത്രിയിൽ ഒരു യുവതി സെമിത്തേരിയിലേക്ക് ഓർഡർ ചെയ്ത ബിരിയാണിയുമായി എത്തിയ ഡെലിവറി ഏജന്‍റ് പങ്കുവച്ച വീഡിയോയാണ് അത്. ഓർഡർ ചെയ്തതത് അനുസരിച്ച് ഡെലിവറി ഏജന്‍റ് ബിരിയാണിയുമായി സെമിത്തേരിക്ക് മുന്നിലെത്തി. എന്നാൽ അതിന് ഉള്ളിലേക്ക് കടന്ന് ബിരിയാണി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അതിനായി അദ്ദേഹം പറഞ്ഞ മറുപടിയാണ് വീഡിയോയിലുള്ളത്.

വൈറൽ മറുപടി

ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഏറെ വൈകിയ രാത്രിയിൽ ഒരു ബൈക്കിന്‍റെ ഹെഡ്ലൈറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. പിന്നാലെ ഡെലിവറി ഏജന്‍റിന്‍റെ ശബ്ദം കേൾക്കാം. അദ്ദേഹം ബിരിയാണി ഓർഡർ ചെയ്ത സ്ത്രീയ വിളിച്ച് എവിടെയാണ് ഡെലിവറി എത്തിക്കേണ്ടതെന്ന് ചോദിക്കുന്നു. മുന്നിലെരു ഗേറ്റ് കാണാമെന്നും അതിനുള്ളിൽ പട്ടി ഇരിക്കുന്നത് കാണാമെന്നും സ്ത്രീ പറയുന്നു. ഇത് ഡെലിവറി ഏജന്‍റ് ശരിവയ്ക്കുന്നു. വീഡിയോ ദൃശ്യങ്ങളിലും ഗേറ്റും പട്ടിയെയും കാണാം. പിന്നാലെ സ്ത്രീ ഉള്ളിലേക്ക് കടന്ന് വരാൻ ആവശ്യപ്പെടുന്നു. ചുറ്റുപാടും ഒരാൾ പോലുമില്ലെന്ന് വീഡിയോയിൽ കാണാം. അതൊരു സെമിത്തേരിയാണെന്നും അവിടേയ്ക്ക് കടക്കാൻ പറ്റില്ലെന്നും അദ്ദേഹം മറുപടി പറയുന്നു. പിന്നാലെ പ്രേതങ്ങൾക്ക് ഭക്ഷണമാകാനല്ല മറിച്ച് ഓർഡർ ചെയ്ത ബിരിയാണി എത്തിക്കാൻ വന്നതാണെന്നും അദ്ദേഹം മറുപടി നൽകുന്നു. പിന്നാലെ വീഡിയോ അവസാനിക്കുന്നു.

View post on Instagram

ആഘോഷമാക്കി നെറ്റിസെന്‍സും

ഡെലിവറി ഏജന്‍റിന്‍റെ മറുപടി വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടവർ രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. സ്ട്രേഞ്ചർ തിംഗ്സിന്‍റെ ഇന്ത്യൻ പതിപ്പെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ഒരിക്കൽ എന്‍റെ അമ്മാവനും അമ്മായിയും രാത്രി 11 മണിക്ക് ബ്ലിങ്കിറ്റിൽ ഒരു ഓർഡർ നൽകി. വിലാസത്തിൽ എത്തിച്ചേരാൻ ഒരു ശ്മശാനവും പിന്നീട് മൂന്ന് കുളങ്ങളും കടക്കേണ്ടതുണ്ട്. എന്നാൽ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റ് ശ്മശാനം നടക്കാൻ പറ്റില്ലെന്ന് അറിയിച്ചു. പിന്നാലെ അമ്മാവൻ തന്നെ പോയി അത് എടുക്കേണ്ടിവന്നെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. മറ്റ് ചിലർ സംയമനം കൈവിടാതെയുള്ള ഡെലിവറി ഏജന്‍റിന്‍റെ സംസാരത്തെ പുകഴ്ത്തി. പലരും കുറിച്ചത് അതൊരു ശ്മശാനമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ അവിടെ ബോധം കെട്ട് വീണേനെയെന്നായിരുന്നു. അവളുടെ ശബ്ദം, അവന്റെ ധൈര്യം, അവളുടെ പാർട്ടി, എല്ലാം ഭയപ്പെടുത്തുന്നതാണെന്നായിരുന്നു മറ്റൊരു കുറിപ്പ്.