കുഴിയില്‍ വീണ് പോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്നതും അത് പിന്നീട് ജെസിബിക്കൈയില്‍ പിടിച്ച് നന്ദി അറിയിക്കുന്നതുമായ വീഡിയോ വൈറല്‍.

ഉപകാരം ചെയ്തവർക്ക് പ്രത്യുപകാരം ചെയ്യുന്നതും നന്ദി പറയുന്നതും ഒക്കെ മനുഷ്യസഹജമായ കാര്യങ്ങളാണ്. എന്നാൽ, മൃഗങ്ങളും ഇത്തരം കാര്യങ്ങളിൽ ഒട്ടും പിന്നില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഒരു ആനക്കുട്ടിയാണ് ഈ വീഡിയോയിലെ താരം. ചെളികുണ്ടിൽ വീണുപോയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് രക്ഷപ്പെടുത്തുന്നതും തുടർന്ന് സംഭവിക്കുന്നതുമായ രസകരമായ നിമിഷങ്ങളാണ് ഹൃദയസ്പർശിയായ ഈ വീഡിയോയിലുള്ളത്.

എൻ‌ഡി‌ടി‌വിയുടെ റിപ്പോർട്ട് അനുസരിച്ച്, റായ്ഗഡ് ജില്ലയിലെ ലൈലുങ്ക - ഗർഗോഡ വനമേഖലയിലാണ് സംഭവം നടന്നത്. ഒരു വലിയ ആനക്കൂട്ടം വെള്ളം കുടിക്കാനും കുളിക്കാനുമായി അവിടെ ഒത്തുകൂടുന്നു. പെട്ടെന്ന് ബഹളത്തിനിടയിൽ ഒരു ആനക്കുട്ടി ആഴത്തിലുള്ള ചെളി നിറഞ്ഞ ഒരു കുഴിയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന ആനകൾ കുട്ടിയാനയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ അവർ പിൻവാങ്ങി അവന് കാവലൊരുക്കി അല്പം മാറി നിന്നു. അതോടെ കുഴിയിൽ അകപ്പെട്ടുപോയ കുട്ടിയാന നിസ്സഹായനായി ഉറക്കെ നിലവിളിച്ചു.

Scroll to load tweet…

ആനയുടെ നിലവിളി സമീപ ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ഗ്രാമവാസികൾ കണ്ടത് കുഴിയിൽ അകപ്പെട്ട് കിടക്കുന്ന കുട്ടിയാനയെയാണ്. അവർ ഉടൻതന്നെ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ ഒട്ടും വൈകാതെ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജെസിബിയുടെ സഹായത്തോടെ വനപാലകർ കുഴിയുടെ സമീപത്തായി ഒരു ചാല് കീറി ആനക്കുട്ടിക്ക് കയറി വരാനായി ഒരു വഴിയൊരുക്കി. അങ്ങനെ സുരക്ഷിതനായി പുറത്തെത്തിയ ആനക്കുട്ടി ആദ്യം ചെയ്ത കാര്യമാണ് എല്ലാവരെയും ആകർഷിച്ചത്. കുഴിയിൽ നിന്നും കയറുന്നതിനിടയിൽ തനിക്ക് വഴിയൊരുക്കിയ ജെസിബിയുടെ കയ്യിൽ തുമ്പി കൈകൊണ്ട് തൊട്ടുലോടി നന്ദി അറിയിക്കാന്‍ അവൻ മറന്നില്ല. കുഴിയിൽ നിന്നും കയറിയതും തന്നെ കാത്തുനിൽക്കുന്ന ആനക്കൂട്ടത്തിന് അരികിലേക്ക് അവൻ ഓടി മറിയുകയും ചെയ്തു.