ചത്തത് പോലെ ഒഴുകി നടക്കുന്ന മുതലയെ കണ്ടപ്പോൾ തോണിയില്‍ വച്ച് മത്സ്യത്തൊഴിലാളികൾ അതിന്‍റെ വാലില്‍ പിടിച്ച് വലിച്ചു. പിന്നീട് അവിടെ സംഭവിച്ചത് കണ്ട് ഞെട്ടി സമൂഹ മാധ്യമ ഉപയോക്താക്കൾ.

രോ കാര്യങ്ങൾ ചെയ്യാനും എല്ലാ ജീവജാലങ്ങൾക്കും തങ്ങളുടേതായ സവിശേഷമായ ചില കഴിവുകളുണ്ട്. ഇരയ്ക്ക് വേണ്ടി ഏറെ സമയം പതുങ്ങിയിക്കാന്‍ തയ്യാറാവുന്നവരാണ് മിക്ക മൃഗങ്ങളും. മുതലയും സമാനമായ രീതിയിലാണ് ഇര തേടുന്നത്. സവിശേഷമായ രീതിയില്‍ ഇരപിടിക്കാന്‍ ശ്രമിക്കുന്ന മുതലയെ കണ്ട് തെറ്റിദ്ധരിച്ച ഒരു മത്സ്യബന്ധന തൊഴിലാളിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. മുതല ചത്ത് പോയതാണെന്ന് കരുതി അതിന്‍റെ വാലില്‍ പിടിക്കാന്‍ ശ്രമിച്ച മത്സ്യബന്ധന തൊഴിലാളികൾ ഭയന്ന് പിന്മാറുന്നത് വീഡിയോയില്‍ കാണാം.

വിശാലമായ ഒരു നദിയിലൂടെ ഒഴുകി വന്ന ഒരു മുതലയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മുതല നീന്തിയല്ല. മറിച്ച് പുഴയുടെ ഒഴുക്കിന് അനുസരിച്ച് ഒഴുകിയാണ് വരുന്നതെന്ന് വീഡിയോയില്‍ വ്യക്തം. കണ്ടാല്‍ മരിച്ച ശേഷം ഒഴുകി നടക്കുന്നതാണെന്നേ തോന്നൂ. മുതല തോണിക്ക് സമീപത്ത് കൂടി ഒഴുകി പോകുമ്പോൾ, തോണിയിലുള്ള മത്സ്യത്തൊഴിലാളികൾ അതിന്‍റെ വാലില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും മറ്റൊരു തൊഴിലാളി മുതലയും മുഖത്ത് തുഴ വച്ച് കുത്തുന്നതും കാണാം. പെട്ടെന്ന് തോണിയെ ആകെയൊന്ന് ആടി ഉലച്ച് കൊണ്ട് മുതല തന്‍റെ വാലും തലയും ശക്തമായി ഇളക്കുന്നു. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ ഭയന്ന് പോയ മത്സ്യത്തൊഴിലാളികൾ വെള്ളത്തില്‍ വീഴാതിരിക്കാനായി തോണിയില്‍ ഇരുകൈകളും കൊണ്ട് പിടിക്കുന്നതും വീഡിയോയില്‍ കാണാം.

View post on Instagram

വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും 80 ലക്ഷത്തോളം പേര്‍ കാണുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തിയത്. അതേസമയം ഒരുപാട് പേര് അത് മരിച്ചിട്ടില്ലെന്ന് തങ്ങൾക്ക് ആദ്യമേ അറിയാമെന്ന് കുറിച്ചു. സാധാരണ നിലയില്‍ മുതലകൾ വയറ് നിറഞ്ഞാല്‍ വിശ്രമിക്കാനായി ഇതുപോലെ ചത്തത് പോലെ കിടക്കുമെന്ന് ഒരു കാഴ്ചക്കാരനെഴുതി. മുതലകൾ മരിച്ച് കഴിഞ്ഞാല്‍ മലർന്ന് കിടക്കുമെന്ന് അറിയില്ലേ എന്നതായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ ചോദ്യം. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും വീഡിയോയുടെ അവസാനഭാഗത്തെത്തിയപ്പോൾ ഞാന്‍ അറിയാതെ ചാടിപ്പോയെന്നായിരുന്നു മറ്റൊരു കുറിപ്പ്.