രണ്ടാഴ്ച ഇന്ത്യയില്‍ ചെലവഴിച്ചതിന്‍റെ വെളിച്ചത്തില്‍ ഒരു വിദേശി യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ കുറിച്ച് പറയുന്ന പല തെറ്റായ കാര്യങ്ങളെയും തിരുത്തിക്കൊണ്ടുള്ളതാണ് യുവാവിന്‍റെ പോസ്റ്റ്.
ഇന്ത്യ വൃത്തിയില്ലാത്തതാണ്, ഒട്ടും സുരക്ഷയില്ല തുടങ്ങിയ വാദങ്ങളൊക്കെ പല വിദേശികളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ, ഇന്ത്യയെ കുറിച്ചുള്ള അത്തരം ധാരണകൾ തിരുത്തുന്ന പല കുറിപ്പുകളും വീഡിയോകളും പലപ്പോഴും വിദേശികളായ സഞ്ചാരികൾ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കർണാടകയിൽ നിന്നുമാണ് ജാക്ക് ഹീറ്റൺ എന്ന യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഭാവിയിൽ ജീവിക്കുന്ന ഒരേയൊരു സ്ഥലം ബെംഗളൂരുവാണ് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.
കർണാടകയിൽ രണ്ടാഴ്ച ചിലവഴിച്ചതിനെ കുറിച്ചും യുവാവ് പറയുന്നു. മികച്ച റെസ്റ്റോറന്റുകളും പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളും മനോഹരമായ ക്ഷേത്രങ്ങളുമെല്ലാം യുവാവിനെ ആകർഷിച്ചുവെന്ന് പോസ്റ്റിൽ കാണാം. 'സത്യം പറഞ്ഞാൽ, സോഷ്യൽ മീഡിയ ഇന്ത്യയെ അല്പം മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നത്. തെറ്റിദ്ധരിക്കരുത്, ചിലത് ചിലയിടങ്ങളിൽ സത്യമായിരിക്കാം. എല്ലായിടവും വൃത്തിയുള്ളതോ സുരക്ഷിതമോ ആയിരിക്കില്ല എന്നത് നേരാണ്. എന്നാൽ ഈ വാദത്തെ കുറച്ചൊന്ന് ബാലൻസ് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്.'
'ഇന്ത്യ എന്ന രാജ്യം എന്നെ അത്രമേൽ ആകർഷിക്കുന്നു, ആ താല്പര്യം പ്രകടിപ്പിക്കാനുള്ള എന്റെ വഴിയാണിത്' എന്നും യുവാവ് കുറിച്ചു. 'കർണാടകയെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അത് എന്നെ അത്ഭുതപ്പെടുത്തി. ട്രാഫിക് ഒഴിച്ചുനിർത്തിയാൽ ബാംഗ്ലൂർ വളരെ സുഖകരമായ ഒരു നഗരമായി എനിക്ക് തോന്നി. സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ കഠിനാധ്വാനം ചെയ്യുന്ന, വളരെ സൗഹാർദത്തോടെ പെരുമാറുന്ന ഒരുപാട് യുവാക്കളെ അവിടെ കാണാം. എനിക്ക് ബാംഗ്ലൂരിൽ ചില സുഹൃത്തുക്കളുണ്ട്, അതുകൊണ്ടുതന്നെ അവിടുത്തെ പ്രാദേശികമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. എന്റെ 'ഹോളി' ആഘോഷവും അവിടെയായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മനസ്സിൽ ആ നഗരത്തിന് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്' എന്ന് യുവാവ് ക്യാപ്ഷനിൽ കുറിക്കുന്നു.
നിരവധിപ്പേർ യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകി. സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിന് യുവാവിനെ ആളുകൾ അഭിനന്ദിച്ചു.
