രാജസ്ഥാനിൽ നടന്ന ഒരു വിവാഹത്തിൽ വരനണിഞ്ഞത് 100 അടി നീളമുള്ള നോട്ടുമാല. 500-ന്റെയും 100-ന്റെയും നോട്ടുകൾ കോർത്ത മാലയാണ് യുവാവ് ധരിച്ചിരിക്കുന്നത്. വൈറലായി ദൃശ്യം. 

ആളുകളെ അമ്പരപ്പിക്കുന്ന അനേകം ദൃശ്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, രാജസ്ഥാനിലെ ഡീഗ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ നിന്നുള്ള രം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 100 അടി നീളമുള്ള കറൻസി നോട്ടുമാല അണിഞ്ഞെത്തിയ വരനാണ് വീഡിയോയുടെ ഹൈലൈറ്റ്. 500 -ന്റെയും 100 -ന്റെയും നോട്ടുകൾ കോർത്തിണക്കിയ കൂറ്റൻ മാല അണിയാനായി വരന് അവസാനം ഗോവണിയിൽ കയറേണ്ടി വന്നുവത്രെ. രാജസ്ഥാനിലെ ഡീഗ് ജില്ലയിലുള്ള ബമൻവാടി ഗ്രാമത്തിലാണ് ഈ വിവാഹം നടന്നത്. ഏപ്രിൽ 19 -നായിരുന്നു വിവാഹം. രുക്നുദ്ദീൻ മെയോ, അനന്തരവനായ അൻസാർ മെയോ എന്നിവരെയാണ് ഈ നോട്ടുമാല ധരിപ്പിച്ചത്.

100 അടി നീളമുള്ള മാലയിൽ ഭൂരിഭാഗവും 500 രൂപയുടെ നോട്ടുകളായിരുന്നു. ഇത് ഉയർത്തിപ്പിടിക്കാൻ നിരവധി ഗ്രാമവാസികളുടെ സഹായം ആവശ്യമായി വന്നു. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇത് പ്രദേശത്തെ ഒരു പ്രത്യേക ആചാരത്തിന്റെ ഭാഗമാണെന്ന് ഗ്രാമത്തലവൻ അബ്ദുൾ മജീദ് പറയുന്നു.

Scroll to load tweet…

"ഇത്തരം മാലകൾ വാടകയ്ക്ക് നൽകുന്നവർ ഹരിയാനയിലെ നൂഹിൽ ഉണ്ട്. രണ്ട് വരന്മാർക്കുമായി ഒരു മാലയാണ് വാടകയ്ക്ക് എടുത്തത്. ഇത് ഇവിടുത്തെ ഒരു പതിവാണ്" എന്നും സർപഞ്ചായ അബ്ദുൾ മജീദ് പറഞ്ഞു. മാലയിലെ നോട്ടുകൾ ഒറിജിനലാണെങ്കിലും ഇത് പ്രദർശനത്തിനായി വാടകയ്ക്ക് എടുത്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്. പി ശരൺ ഗോപിനാഥ് കാംബ്ലെ അറിയിച്ചു. നിലവിൽ ഇതിൽ മറ്റ് നിയമവിരുദ്ധമായി ഒന്നുമില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. താഴെ പാർക്ക് ചെയ്തിരിക്കുന്ന ജീപ്പുകൾക്കും മുകളിലായി ഉയർന്നു നിൽക്കുന്ന ഈ നോട്ടുമാലയുടെ ദൃശ്യങ്ങൾ ഇപ്പോൾ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്.