അമേരിക്കയിൽ വീടില്ലാത്ത ദമ്പതികളെ സഹായിക്കുന്ന നോഹ എന്ന ഇന്ത്യൻ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പുതുവർഷ ദിനത്തിൽ തെരുവില്‍ കഴിയുന്ന ദമ്പതികൾക്ക് കുടിവെള്ളവും ഭക്ഷണവും നൽകുകയാണ് നോഹ. 

അമേരിക്കയിലെ വീടില്ലാത്ത ദമ്പതികളെ സഹായിക്കുന്ന ഒരു ഇന്ത്യക്കാരനായ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നോഹ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പുതുവർഷ ദിനത്തിൽ നോഹ വീടില്ലാത്ത ദമ്പതികളെ സമീപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നീട്, നാം പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങൾ അവർക്ക് യുവാവ് നൽകുന്നതും വീഡിയോയിൽ കാണാം. ആദ്യം നോഹ അവർക്ക് കുടിവെള്ളത്തിന്റെ കുപ്പികൾ നൽകുന്നു. പിന്നീട് കുറച്ചു സമയത്തിന് ശേഷം മക്‌ഡൊണാൾഡ്‌സിൽ നിന്നുള്ള ഭക്ഷണവുമായി നോഹ തിരിച്ചെത്തുന്നതും, അവർക്ക് കഴിക്കാനായി ഭക്ഷണം നൽകുന്നതും കാണാം.

ക്യാപ്ഷനിൽ എന്തുകൊണ്ടാണ് താൻ ഇത് ചെയ്തത് എന്നും യുവാവ് കുറിച്ചിട്ടുണ്ട്. 'പുതുവർഷ ദിനത്തിലാണ് താൻ ഈ ദമ്പതികളെ കാണാനിടയായത്. അവർക്ക് കുടിക്കാൻ വെള്ളം പോലുമില്ലെന്ന് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ആദ്യം ഞാൻ അവർക്ക് വെള്ളം നൽകി, പിന്നീട് ഭക്ഷണവും എത്തിച്ചു. ഇവരെ സഹായിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി ഞാൻ കരുതുന്നു' എന്നാണ് നോഹ കുറിച്ചിരിക്കുന്നത്.

View post on Instagram

നോഹ വെള്ളവും ഭക്ഷണവും എത്തിച്ചപ്പോൾ ദമ്പതികൾ എത്രമാത്രം സന്തോഷിച്ചു എന്ന് ഈ വീഡിയോയിൽ നിന്നുതന്നെ മനസിലാവും. 3 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. നോഹയുടെ കരുണയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. മാനവികതയിലുള്ള തങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ഈ വീഡിയോ സഹായിച്ചുവെന്നും പലരും കുറിച്ചിട്ടുണ്ട്. 'ബ്രോ, നിങ്ങൾ വളരെ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്' എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. 'നിങ്ങൾ വളരെ വിനയമുള്ള ഒരാളാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.