ന്യൂജേഴ്‌സിയിലെ ഒരു തമിഴ് സ്‌കൂളിൽ നടന്ന പൊങ്കൽ ആഘോഷത്തിനിടെ പകർത്തിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'പുലിയാട്ടം' കളിക്കുന്ന വിദ്യാർത്ഥികൾക്ക്, അധ്യാപിക വേദിക്ക് പുറത്തുനിന്ന് ചുവടുകൾ കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍.

അതിമനോഹരമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ചില വീഡിയോകൾ നമുക്ക് വലിയ ഊർജ്ജം തരുന്ന വൈബ് വീഡിയോകളായിരിക്കും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ന്യൂജേഴ്സിയിലെ ഒരു സ്കൂളിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള തിരുവള്ളുവർ തമിഴ് സ്‌കൂളിൽ നടന്ന പൊങ്കൽ ആഘോഷത്തിനിടെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ മാത്രമല്ല, ഒരു അധ്യാപികയുടെ പെർഫോമൻസ് കൊണ്ടുകൂടിയാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്.

തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ഒരു അധ്യാപിക 'പുലിയാട്ടം' കളിക്കുന്ന കുട്ടികളുടെ മുന്നിൽ നിന്നുകൊണ്ട് അവർക്ക് ചുവടുകൾ കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 'അധ്യാപകരുടെ പ്രയത്നം വിലമതിക്കാനാവാത്തതാണ്' എന്ന ക്യാപ്ഷനോടെ കീസ് കാൻഡിഡ് എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ, പുലിയുടെ വേഷവിധാനങ്ങൾ ധരിച്ച വിദ്യാർത്ഥികൾ ആവേശത്തോടെ വേദിയിൽ പ്രകടനം നടത്തുന്നത് കാണാം. എന്നിരുന്നാലും, എല്ലാവരുടെയും കണ്ണുകൾ അധ്യാപികയിലായിരുന്നു, അവർ വേദിക്ക് പുറത്ത് നിന്ന് കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചുവടുകളും ആം​ഗ്യങ്ങളും ഒക്കെ കാണിച്ചു കൊടുക്കുകയും ഒക്കെ ചെയ്യുകയാണ്.

View post on Instagram

ഒരു ഘട്ടത്തിൽ അധ്യാപിക സ്റ്റേജിലേക്ക് പുലിയെ പോലെ ഇഴഞ്ഞ് കയറുന്നത് പോലും വീഡിയോയിൽ കാണാം. കുട്ടികൾക്ക് തെറ്റിപ്പോവാതിരിക്കാനും മറന്നു പോവാതിരിക്കാനുമായി അധ്യാപിക കാണിച്ച ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ കയ്യടി നേടുന്നത്. അനേകങ്ങളാണ് അധ്യാപികയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകളുമായി വന്നിരിക്കുന്നതും. അധ്യാപകർക്ക് പകരം വയ്ക്കാനായി അധ്യാപകർ മാത്രമേയുള്ളൂ എന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മനോഹരമായ പ്രകടനത്തിന് പിന്നിൽ, അധ്യാപകരുടെ വിലമതിക്കാനാവാത്ത പരിശ്രമമുണ്ടാകുമെന്നും പലരും കമന്റ് നൽകി.