അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിയായ അമൃത സിംഗ്, ഒരു ചെറിയ പൈപ്പ് ചോർച്ച പരിഹരിക്കാൻ 250 ഡോളർ (ഏകദേശം 21,000 രൂപ) ചിലവായ അനുഭവം പങ്കുവെച്ചു. വിദേശ രാജ്യങ്ങളിലെ ഉയർന്ന ലേബർ ചാർജും ജീവിതച്ചെലവും സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

വിദേശ രാജ്യങ്ങളിലെ ജീവിതം പുറമെ നിന്ന് കാണുന്നത് പോലെ അത്ര ആഡംബര പൂർണ്ണമല്ലെന്നും അവിടുത്തെ ഉയർന്ന ചിലവ് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നും തുറന്ന് പറഞ്ഞ് ഒരു ഇന്ത്യൻ യുവതി. അമേരിക്കയിൽ താമസിക്കുന്ന അമൃത സിംഗ് എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ പ്രവാസി മലയാളികൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുന്നത്. വീട്ടിലെ ഒരു ചെറിയ പൈപ്പ് ചോർച്ച പരിഹരിക്കാൻ തനിക്ക് ചിലവായ ഭീമമായ തുകയെക്കുറിച്ചാണ് അമൃത വീഡിയോയിൽ വ്യക്തമാക്കുന്നത്.
ചെറിയൊരു പൈപ്പ് ചോർച്ച അടയ്ക്കാൻ 250 ഡോളർ!
പൈപ്പ് നന്നാക്കാൻ എത്തിയ പ്ലംബർക്ക് 250 ഡോളറാണ് (ഏകദേശം 21,000 ഇന്ത്യൻ രൂപ) അമൃതയ്ക്ക് നൽകേണ്ടി വന്നത്. അമൃതയുടെ വാക്കുകൾ:"ഇന്ന് ഒരു ചെറിയ പൈപ്പ് ചോർച്ച മാറ്റാൻ ഞങ്ങൾ നൽകിയത് 250 ഡോളറാണ്. അമേരിക്കയിൽ ഏത് ചെറിയ അറ്റകുറ്റപ്പണിക്കായി ഒരാളെ വീട്ടിലേക്ക് വിളിച്ചാലും കുറഞ്ഞത് 100 മുതൽ 200 ഡോളർ വരെ ചിലവ് വരും. ഇവിടെ ലേബർ ചാർജ് അത്രമാത്രം കൂടുതലാണ്." ഇന്ത്യയിലാണെങ്കിൽ വെറും 500 രൂപയോ 1000 രൂപയോ നൽകിയാൽ തീരുന്ന ഒരു സാധാരണ ജോലിക്കാണ് അമേരിക്കയിൽ ഇത്രയും വലിയ തുക നൽകേണ്ടി വന്നതെന്ന്" അവർ വീഡിയോയിൽ പരിതപിക്കുന്നു.
കൂടിയെ തൊഴിൽ കൂലി
ഒരു ചെറിയ ചോർച്ചയും 21,000 രൂപയുടെ യാഥാർത്ഥ്യവും" എന്ന അടിക്കുറിപ്പോടെയാണ് അമൃത ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തി. അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലേബർ ചാർജ് വളരെ കൂടുതലായതിനാൽ ഭൂരിഭാഗം ആളുകളും ചെറിയ അറ്റകുറ്റപ്പണികൾ സ്വന്തമായി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. നൈപുണ്യമുള്ള തൊഴിലാളികളുടെ കുറവും അവിടുത്തെ ഉയർന്ന ജീവിത നിലവാരവുമാണ് ഇത്തരം വലിയ ചിലവുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, അമേരിക്കയിലെ ശമ്പള നിരക്ക് അതനുസരിച്ച് കൂടുതലാണെന്നും സേവനങ്ങൾക്ക് അവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായ തുക നൽകേണ്ടി വരുമെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.


