പൂനെയിൽ ക്യൂ ആർ കോഡ് വഴി പണമടച്ച യുവതിയുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ഹോട്ടൽ ജീവനക്കാരൻ ശല്യം ചെയ്തു. യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ജീവനക്കാരനെ പിരിച്ചുവിടുകയും, ക്യുആർ കോഡ് ഇടപാടുകളിലെ ഡാറ്റാ സ്വകാര്യതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് ഇത് വഴിവെക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണ്. ശക്തമായ നിയമങ്ങളുണ്ടെങ്കിലും അതിക്രമങ്ങൾക്ക് ഒരു കുറവുമില്ലെന്നാണ് ഉയരുന്ന പരാതികൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി പൂനെയിൽ നിന്നുള്ള ഒരു യുവതി, ഭക്ഷണം കഴിച്ച ഹോട്ടലിലെ ജീവനക്കാരൻ, ക്യൂ ആർ കോഡ് വഴി പണം നൽകിയതിൽ നിന്നും ഫോൺ നമ്പർ എടുത്ത് രാത്രിയിൽ നിരന്തരം മെസേജ് ആയച്ച് ശല്യം ചെയ്യുകയാണെന്ന് വെളിപ്പെടുത്തി. പിന്നലെ ഉപഭോക്തൃ ഡാറ്റാ സ്വകാര്യതയെയും ക്യുആർ കോഡ് അധിഷ്ഠിത സംവിധാനങ്ങൾ വഴി ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗത്തെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയൊരു ചർച്ച തന്നെ നടന്നു.

നമ്പർ എടുത്തത് ക്യൂ ആർ കോഡ് വഴി

ഏപ്രിൽ 28 -നാണ് പൂനെയിലെ എഫ്‌സി റോഡിലുള്ള ഒരു റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാനായി കയറിയതെന്ന് യുവതി തന്‍റെ വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നടപടി സ്വീകരിച്ചെന്നും ജീവനക്കാരനെ പിരിച്ച് വിട്ടെന്നും റെസ്റ്റോറന്‍റ് അറിയിച്ചു. ഋഷിക ദത്ത എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. റെസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ച അന്ന് രാത്രിയിൽ തനിക്ക് അജ്ഞാത നമ്പറിൽ നിന്നും സന്ദേശങ്ങൾ വന്നു. അപരിചതമായ നമ്പറിൽ നിന്നും ആരാണ് മെസേജ് അയക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ്. പകൽ സന്ദർശിച്ച റെസ്റ്റോറന്‍റിലെ ജീവനക്കാരനാണെന്ന് വ്യക്തമായത്. ഭക്ഷണം കഴിച്ച് ക്യൂആർ കോഡ് വഴിയാണ് പണം നൽകിയത്. ഇതുവഴിയാകാം ജീവനക്കാരൻ തന്‍റെ നമ്പർ കൈക്കലാക്കിയതെന്നും ഋഷിക പറയുന്നു.

View post on Instagram

വീഡിയോയിൽ അവർ സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ടും പങ്കുവച്ചു. അതിൽ ജീവനക്കാരൻ, സുഹൃത്തുക്കളാകാമെന്ന് പറയുന്നതും ഋഷികയുടെ പ്രായവും ചോദിക്കുന്നതും കാണാം. ഇതിന് പിന്നാലെ താൻ റെസ്റ്റോറന്‍റിനെ ബന്ധപ്പെട്ടെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. ജീവനക്കാരനെ പിരിച്ച് വിട്ടെന്ന് റെസ്റ്റോറന്‍റ് അറിയിച്ചെങ്കിലും പിരിച്ച് വിടൽ കത്ത് പങ്കുവയ്ക്കാൻ അവർ തയ്യാറായില്ലെന്നും ഋഷിക ആരോപിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ഋഷികയുടെ കമന്‍റ് വിഭാഗത്തിൽ റെസ്റ്റോറന്‍റ്, ഇത്തരമൊരു കാര്യ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്ന് കുറിച്ചു. ഒപ്പം ആദ്യ പരാതി ലഭിച്ച ഏപ്രിൽ 29 -ന് തന്നെ ജീവനക്കാരനെ പിരിച്ച് വിട്ടിരുന്നെന്നും അറിയിച്ചു. ഇത്തരം കാര്യങ്ങൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അവ‍ർ കൂട്ടിച്ചേർത്തു.

അഭിന്ദിച്ച് നെറ്റിസെൺസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേർ ഇത്തരമൊരു പരാതി തുറന്ന് പറയാൻ ധൈര്യം കാണിച്ച ഋഷികയെ അഭിനന്ദിച്ചു. അതേസമയം ഡിജിറ്റൽ സ്വകാര്യതയെ കുറിച്ച് നിരവധി പേരാണ് ആശങ്കകൾ പങ്കുവച്ചത്. കേന്ദ്ര സർക്കാർ പറയുന്ന ഡിജിറ്റൽ സ്വകാര്യത ഒരു തമാശയായി മാറിയെന്നും. സ്വയം സംരക്ഷിക്കുകയും ശബ്ദം ഉയർത്തുകയും ചെയ്താൽ, അത് ആരും കേൾക്കില്ലെന്നും എന്നാൽ, അത്തരം പ്രശ്നങ്ങൾ ഉയർത്തിയാൽ പ്രതികാരത്തെ കുറിച്ചും നമ്മൾ കരുതിയിരിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി. ക്യൂ ആർ കോഡുകൾ സുരക്ഷിതമല്ലെന്നും അവ നമ്മുടെ സ്വകാര്യ വിവരങ്ങൾ പലതും കൈമാറുന്നുണ്ടെന്നും മറ്റ് ചിലരും കുറിച്ചു. ഇതാണ് ഡിജിറ്റൽ ഇന്ത്യ എന്നായിരുന്നു മറ്റൊരു കുറിപ്പ്.