തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ലാവോസിലും വിയറ്റ്നാമിലും രൂക്ഷമായ ഇന്ധനക്ഷാമം വിനോദസഞ്ചാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ലാവോസിൽ മോട്ടോർബൈക്ക് യാത്രകൾ തടസ്സപ്പെട്ടപ്പോൾ, വിയറ്റ്നാം ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കുകയാണ്. സഞ്ചാരികൾ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പ്രകൃതിഭംഗി കൊണ്ട് സഞ്ചാരികളുടെ സ്വർഗ്ഗമെന്ന് അറിയപ്പെട്ടിരുന്ന തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കടുത്ത ഊർജ്ജ - സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ. ലാവോസിലെ പ്രസിദ്ധമായ 'താകെക് ലൂപ്പ്' (Thakek Loop) മോട്ടോർബൈക്ക് യാത്രകൾക്ക് തടസ്സമായി ഇന്ധനക്ഷാമം രൂക്ഷമായപ്പോൾ, അയൽരാജ്യമായ വിയറ്റ്‌നാമിൽ ഇന്ധന ലഭ്യത കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്.
പെട്രോൾ പമ്പുകൾക്ക് മുന്നിലെ നീണ്ട കൂ
ലാവോസിലെ സുന്ദരമായ മലനിരകളിലൂടെയും ജലാശയങ്ങളിലൂടെയും മോട്ടോർബൈക്കിൽ യാത്ര ചെയ്തിരുന്ന സഞ്ചാരികൾ ഇന്ന് പെട്രോൾ പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂവിലാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പലയിടങ്ങളിലും പമ്പുകൾ തുറക്കുന്നത്. ഉള്ള സ്റ്റോക്ക് മിനിറ്റുകൾക്കുള്ളിൽ തീരുന്നതോടെ പലരും വഴിയിൽ കുടുങ്ങുന്ന അവസ്ഥയാണ്. ചില വിനോദ സഞ്ചാരികൾ ലിറ്ററിന് ഏകദേശം 850 രൂപ വരെ നൽകിയാണ് കരിഞ്ചന്തയിൽ നിന്ന് ഇന്ധനം വാങ്ങുന്നത്. ഇത് സാധാരണ വിലയേക്കാൾ ഏഴ് മടങ്ങ് കൂടുതലാണ്. ഇറാൻ - ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിതരണ ശൃംഖലയിൽ ഉണ്ടായ തടസ്സങ്ങളും തായ്‌ലൻഡിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതുമാണ് ലാവോസിനെ പ്രതിസന്ധിയിലാക്കിയത്.
ആഭ്യന്തര സർവീസുകൾ നിർത്തി വിയറ്റ്നാം
ലാവോസിലെ റോഡുകളിലെ പ്രതിസന്ധി വിയറ്റ്‌നാമിൽ എത്തുമ്പോൾ ആകാശത്താണ് പ്രതിഫലിക്കുന്നത്. ഇന്ധനക്ഷാമം കാരണം വിയറ്റ്‌നാം എയർലൈൻസ് 2026 ഏപ്രിൽ 1 മുതൽ ആഴ്ചയിൽ 23 ആഭ്യന്തര സർവീസുകൾ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചു. ഹായ് ഫോങ്, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ആഭ്യന്തര റൂട്ടുകളെയാണ് ഇത് ബാധിക്കുന്നത്. സ്വന്തം രാജ്യത്തെ ആവശ്യങ്ങൾക്കായി ചൈനയും തായ്‌ലൻഡും ഇന്ധന കയറ്റുമതി നിയന്ത്രിച്ചതാണ് വിയറ്റ്‌നാമിന് തിരിച്ചടിയായത്. വിയറ്റ്ജെറ്റ് (VietJet) പോലുള്ള ബജറ്റ് വിമാനക്കമ്പനികളും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നതോടെ വരും ദിവസങ്ങളിൽ യാത്രാക്ലേശം ഇനിയും വർദ്ധിക്കാനാണ് സാധ്യത.
സാധാരണയായി ശാന്തമായ തെക്കുകിഴക്കൻ ഏഷ്യൻ യാത്രകൾ ഇപ്പോൾ അത്ര സുഖകരമല്ലെന്ന് ട്രാവൽ ഇൻഫ്ലുവൻസർമാരും ഡിജിറ്റൽ നോമാഡുകളും ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ മുന്നറിയിപ്പ് നൽകുന്നു. ബാങ്കോക്ക് പോലുള്ള പ്രധാന നഗരങ്ങളിൽ നിലവിൽ പ്രശ്നങ്ങളില്ലെങ്കിലും, അതിർത്തി പ്രദേശങ്ങളിലും ഉൾനാടുകളിലും ഇന്ധന ലഭ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്രകൾ പ്ലാൻ ചെയ്യാൻ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടതാണ്


