ഇസ്രയേലി ചാനലിൽ സ്വന്തം മരണവാർത്ത കണ്ട് ഞെട്ടിയ നോയ സിയോണിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ താൻ കൊല്ലപ്പെട്ടെന്ന വാർത്ത പത്രപ്രവർത്തനത്തിലെ അശ്രദ്ധയാണെന്നും പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു
ലോകം വല്ലാണ്ട് അങ്ങ് മാറിയിരിക്കുന്നു. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമെന്ന് വേണമെങ്കിൽ പറയാം. എഐയുടെ വരവ് ആ മിഥ്യായാഥാർത്ഥ്യത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു. ഏറ്റവും ഒടുവിലായി, ഒരു ഇസ്രയേലി ചാനലിൽ സ്വന്തം മരണ വാർത്ത കണ്ട് ഞെട്ടുന്ന ഒരു ഇസ്രയേലി യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈലായി. യുവതിയുടെ മരണം ഇറാൻ ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയിലാണെന്ന് വാർത്തയിൽ പറയുന്നു. അൽജസീറ ഇംഗ്ലീഷിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വലിയ സമ്മർദ്ദം
നോയ സിയോണ്‍ എന്ന യുവതിയാണ് സ്വന്തം രാജ്യത്തെ വാർത്താ ചാനലിൽ സ്വന്തം മരണ വാർത്ത കണ്ടത്. അത്തരമൊരു വാർത്ത കണ്ടതോടെ താൻ വലിയ സമ്മർദ്ദത്തിലായെന്ന് നോയ പറയുന്നു. അത് പത്രപ്രവർത്തനത്തിലെ അശ്രദ്ധയാണെന്നും പ്രസിദ്ധീകരണത്തിന് മുമ്പ് വാർത്ത വാസ്തവമാണോയെന്ന് പരിശോധിക്കപ്പെട്ടില്ലെന്നും അവർ വീഡിയോയിൽ പറയുന്നു. 'ഇസ്രായേലിൽ പോസ്റ്റ് ചെയ്താലും പ്രശ്നമില്ല. അന്താരാഷ്ട്ര തലത്തിൽ പോസ്റ്റ് ചെയ്താലും പ്രശ്നമില്ല. നിങ്ങൾ ഒരു പത്രപ്രവർത്തകനാണെങ്കിൽ, നിങ്ങൾ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നോക്കിയിട്ടില്ലെങ്കിൽ, അത് ഒരു പ്രശ്നമാണ്. പ്രത്യേകിച്ചും ആളുകളുടെ ജീവിതത്തെയും മരണത്തെയും സംബന്ധിച്ചാണെങ്കിൽ.' നോയ വീഡിയോയിൽ പറയുന്നു.
പ്രോപ്പഗാണ്ട വാർത്ത
അതേസമയം ഇറാനിലെ ഭരണകൂടത്തിനെതിരെ നടന്ന കലാപത്തിൽ കൊല്ലപ്പെട്ടെന്ന തരത്തിൽ നിരവധി പേരുടെ മുഖം വച്ചുള്ള വാർത്തകൾ ഇസ്രയേലി മാധ്യമങ്ങൾ നൽകുന്നുണ്ടെന്നും. അവരിൽ പലതും വ്യാജ വാർത്തകളാണെന്നും അൽജസീറയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. സമാനമായ മറ്റൊരു വാർത്തയും അൽജസീറ പങ്കുവയ്ക്കുന്നു. അതിൽ ഒരു 28 -കാരി ഇറാനിൽ സ്വാതന്ത്രത്തിന് വേണ്ടി പോരാടി അവസാനം അച്ഛന്‍റെ കൈയിൽ കിടന്ന് മരിച്ചതായി പറയുന്നു. എന്നാൽ അവർ തുർക്കിയിലെ നടിയാണെന്ന് പിന്നീട് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ പ്രതിഷേധത്തിൽ മരണ സംഖ്യ കൂട്ടിക്കാണിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ പ്രത്യേകിച്ചും ഇസ്രയേലി മാധ്യമങ്ങൾ അനാവശ്യ തിടുക്കം കാണിക്കുന്നതിന്‍റെ ഫലമാണ് ഇത്തരം വ്യാജ മരണ വാർത്തകൾ. വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും. ഇസ്രയേലി സർക്കാർ സ്പോണ്‍സേഡ് ഫേക്ക് ന്യൂസാണെന്നായിരുന്നു ഒരു കുറിപ്പ്. ഇസ്രയേലി മാധ്യമങ്ങൾക്കെതിരെയും സർക്കാറിനെതിരെയും സംസാരിച്ചതിന് ഐഡിഎഫ് എന്ന ഇസ്രയേലി സേന നോഹയുടെ വീട്ടിലെത്തി അവരെ താമസിക്കാതെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം ഇത്തരം വാർത്തകൾ ഐഡിഎഫിന്‍റെ പ്രൊപ്പഗാണ്ട വാർത്തകളാണെന്ന് നിരവധി പേരാണ് കുറിച്ചത്.


