അഞ്ച് ലക്ഷം രൂപ സുഹൃത്തിന് കടം കൊടുത്തു. ചോദിച്ചപ്പോള്‍ തിരികെ നല്‍കാന്‍ തയ്യാറാവാതെ സുഹൃത്ത്. കൊണ്ടുപോയി കേസ് കൊട് എന്നായിരുന്നു മറുപടി. പക്ഷേ, താന്‍ കേസ് കൊടുക്കാനില്ല, കാരണം ഇതെന്നും അഭിഭാഷക. 

സുഹൃത്തുക്കൾക്ക് പണം കടം കൊടുത്താൽ ആ സൗഹൃദം ചിലപ്പോൾ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്ന് പറയാറുണ്ട്. അതുപോലെ ഈ അഭിഭാഷകയ്ക്ക് സുഹൃത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് വളരെ മോശം അനുഭവമാണ്. 5 ലക്ഷം രൂപയാണ് യുവതി സുഹൃത്തിന് കടം നൽകിയത്. എന്നാൽ, എത്ര ചോദിച്ചിട്ടും അത് തിരികെ കിട്ടിയില്ല. എന്നാൽ, ആ 5 ലക്ഷം തിരിച്ചുപിടിക്കാൻ താൻ കേസ് കൊടുക്കില്ല എന്നാണ് അഭിഭാഷക പറയുന്നത്. കോടതി കയറിയിറങ്ങാനുള്ള സമയവും ബുദ്ധിമുട്ടും കണക്കിലെടുക്കുമ്പോൾ ഈ തുകയ്ക്ക് വേണ്ടി കേസ് നടത്തുന്നത് നഷ്ടമാണെന്നാണ് ബെംഗളൂരു സ്വദേശിയായ അഭിഭാഷക ജോഷിബ ദേവ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജോഷിബ സുഹൃത്തിനോട് പണം തിരികെ ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നോക്കി വെല്ലുവിളിക്കുകയാണ് സുഹൃത്ത് ചെയ്തത്. 'പോയി കേസ് കൊട്, കോടതിയിൽ പോയ്ക്കോ, നിന്റെ പണം ഞാൻ തിരിച്ചു തരില്ല' എന്നാണത്രെ പണം തിരികെ ചോദിച്ചപ്പോൾ സുഹൃത്ത് ജോഷിബയോട് പറഞ്ഞത്. ചിലപ്പോൾ സുഹൃത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായതുകൊണ്ടായിരിക്കാം പണം തരാത്തത്. എന്നാൽ, താനും പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണ്, സ്വന്തം പണമാണ് താൻ തിരികെ ചോദിച്ചത് എന്നും അവൾ വ്യക്തമാക്കുന്നു.

അഭിഭാഷക കൂടിയായ ജോഷിബ പറയുന്നത്, ഇതിനായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തണം. എന്നാൽ, പണം തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. അതിനാലാണ് കേസ് ഫയൽ ചെയ്യേണ്ട എന്ന് തീരുമാനിച്ചത് എന്നാണ്. ഒരു കേസ് തീർപ്പാകാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം. മൂന്നാം വർഷം അനുകൂല വിധി വന്നാൽ പോലും ആ സമയത്തും സുഹൃത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കിലോ, അയാൾ insolvency അപേക്ഷിച്ചാലോ എന്ത് ചെയ്യുമെന്നും അവർ ചോദിക്കുന്നു.

നിയമനടപടികളിലൂടെ പണം തിരിച്ചുപിടിക്കണമെങ്കിൽ, എതിർകക്ഷിക്ക് സ്വത്തുക്കളോ മറ്റ് വരുമാന മാർഗങ്ങളോ ഉണ്ടെന്ന് തെളിയിക്കണം. പണം നൽകാൻ ഒരാളെയും അത്രയധികം നിർബന്ധിക്കാൻ ആർക്കും കഴിയില്ല. മറ്റൊരാളുടെ സാമ്പത്തിക സ്ഥിതി തെളിയിക്കുക എന്നത് വെല്ലുവിളിയാണ്. അയാൾക്ക് നിക്ഷേപങ്ങളുണ്ടെന്നോ, വീടുണ്ടെന്നോ, വിനോദയാത്രകൾ പോകുന്നുണ്ടെന്നോ ഒക്കെ തെളിയിക്കേണ്ടത് താനായിരിക്കും. ഈ വിവരങ്ങളെല്ലാം ശേഖരിക്കുക എന്നത് വലിയ ജോലിയാണ്. തുക 10 ലക്ഷത്തിന് മുകളിലായിരുന്നെങ്കിൽ കേസ് കൊടുക്കുന്നതിൽ അർത്ഥമുണ്ടായിരുന്നു. കാരണം അതിൽ നിന്ന് കുറഞ്ഞത് 5 ലക്ഷമെങ്കിലും തിരിച്ചുപിടിക്കാം. എന്നാൽ, കോടതികളിൽ 4.9 കോടി കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ, കേസ് നടത്തി വെറും 2.5 ലക്ഷം രൂപയോളം മാത്രം തിരിച്ചുപിടിക്കാൻ വേണ്ടി ഇത്രയധികം ബുദ്ധിമുട്ടുന്നത് നഷ്ടമാണ് എന്നും ജോഷിബ പറഞ്ഞു.

View post on Instagram

'ഇതൊരു പാഠമായി താൻ എടുക്കുകയാണ്. ഇനിമുതൽ എനിക്ക് നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന് ബോധ്യമുള്ള തുക മാത്രമേ സുഹൃത്തുക്കൾക്ക് നൽകുകയുള്ളൂ' എന്നും അവർ പറഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്രയും വലിയ തുകയൊന്നും എത്ര വലിയ സുഹൃത്തുക്കളാണെങ്കിലും ഒരുറപ്പുമില്ലാതെ കടം കൊടുക്കരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.