വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യയെ നിർബന്ധിത മതപരിവർത്തനം നടത്തി ബലാത്സംഗം ചെയ്ത കേസിൽ ഇസ്ലാം മത പുരോഹിതൻ നാഗ്പൂർ പോലീസിൽ കീഴടങ്ങി. യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ച ശേഷം പുരോഹിതന്‍റെ സഹായത്തോടെ പ്രതി വിവാഹം കഴിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് കേസ് കൂടുതൽ ശ്രദ്ധ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യയും 24- കാരിയുമായ യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തി ബലാത്സംഗം ചെയ്ത കേസിൽ മധ്യപ്രദേശിൽ നിന്നുള്ള ഇസ്ലാം മത പുരോഹിതൻ നാഗ്പൂർ പോലീസിൽ കീഴടങ്ങി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ തമിയ ഗ്രാമവാസിയായ ഹസ്രത്ത് മൗലാന കഴിഞ്ഞ ബുധനാഴ്ച രാത്രി വൈകിയാണ് നാഗ്പൂർ സോനെഗാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസിന്‍റെ പ്രത്യേക സംഘങ്ങൾ ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് കീഴടങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഒരു വർഷം പഴക്കമുള്ള കേസ്

ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍റെ മുൻ ഭാര്യയായ 24 -കാരിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതിനു പിന്നാലെ അവരുടെ വിവാഹം നടത്തിയതിനും പുരോഹിതനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിലെ മറ്റ് രണ്ട് പ്രതികളായ അയാസ് മദാരെ, അമീൻ ഷെയ്ഖ് (30) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏതാണ്ട് ഒരു വർഷം പഴക്കമുള്ളതാണ് കേസെന്നും റിപ്പോർട്ടുകൾ പറയുന്നു. യുവതി താൻ നേരിട്ട മർദ്ദനത്തെ കുറിച്ചും തന്‍റെ അനുഭവത്തെ കുറിച്ചും ഭർത്താവിനോട് പറ‌ഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

വീഡിയോയ്ക്ക് പിന്നാലെ പ്രതിഷേധം

കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് കേസ് കൂടുതൽ മുറുകിയത്. വീഡിയോയിൽ യുവതിയുടെ കൈകൾ മുറുക്കെ പിടിച്ച് ശ്ലോകങ്ങൾ ചൊല്ലുകയും യുവതിയുടെ മേൽ ഊതുകയും ചെയ്യുന്നത കാണാം. ഈ സമയം യുവതി കരയുകയും വെറുതെ വിടാൻ അപേക്ഷിക്കുകയും ചെയ്യുന്നതും കാണാം. യുവതിയുടെ മുൻ സഹപാഠിയാണ് അയാസ് മദാരെ (26). ഇയാൾ തന്‍റെ മറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയത്. അയാസ് മദാരെയ്ക്കെതിരെ ബലാത്സംഗം, ബ്ലാക്ക് മെയിൽ, ബ്ലാക്ക് മാജിക്, മതപരിവർത്തനത്തിന് നിർബന്ധിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.

Scroll to load tweet…

ബ്ലാക് മെയിൽ

2025 ഫെബ്രുവരിയിൽ ഒരു ഹോട്ടലിൽ ഇരുവരും കണ്ട് മുട്ടിയിരുന്നു. അവിടെ വച്ച് അയാസ് മദാരെ യുവതിയ്ക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയും പിന്നാലെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നീട് ഈ ഫോട്ടോകൾ ഉപയോഗിച്ച് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ നാല് ലക്ഷം രൂപയോളം യുവതിയിൽ നിന്നും തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നു.

മതം മാറ്റവും വിവാഹവും

ഈ കേസുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെ കഴിഞ്ഞ മെയ് 31 -ന് അയാസ് മദാരെ യുവതിയെ കൽമേശ്വറിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മത പുരോഹിതനായ ഹസ്രത്ത് മൗലാന യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ' ഖുബൂൽ ഹേ ' ചൊല്ലാൻ നിർബന്ധിച്ചെന്നും അയാസുമായി വിവാഹം നടത്തുകയും യുവതി മതം മാറിയതായി പ്രഖ്യാപിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരും അറസ്റ്റിലായെന്നും പുരോഹിതനായ ഹസ്രത്ത് മൗലാനയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.