വന്ദേ ഭാരത് എക്സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് തനിക്ക് അലർജിയും രണ്ട് വയസ്സുള്ള മകന് വയറിളക്കവും ഉണ്ടായതായി ഒരു യാത്രക്കാരി ആരോപിച്ചു. എന്നാൽ ഭക്ഷണത്തിന് കുഴപ്പമില്ലെന്നായിരുന്നു ഐആർസിടിസിയുടെ പ്രതികരണം. ഇന്ത്യൻ ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ഈ സംഭവം വീണ്ടും ആശങ്കകൾ ഉയർത്തുന്നു.

വാരണാസിയിൽ നിന്ന് ദിയോഘറിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് കടുത്ത അലർജി ഉണ്ടായന്നും തന്‍റെ രണ്ട് വയസ്സുള്ള മകന് വയറിളക്കം ബാധിച്ചതായും ആരോപിച്ച് രംഗത്തെത്തി. ഒപ്പം ഭക്ഷണത്തിൽ നിന്നുള്ള അലർജി മൂലം ചുണ്ടുകൾ തടിച്ച് വീർത്തതിന്‍റെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും ചിത്രങ്ങളും അവർ ഓൺലൈനിൽ പങ്കുവച്ചു. യുവതിയുടെ കുറിപ്പ് വൈറലായെങ്കിലും ഭക്ഷണത്തിന്‍റെ ഗുണനിലവാരം തൃപ്തികരമാണെന്നായിരുന്നു ഐആർസിടിസിയുടെ മറുപടി. അതേസമയം സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായി.

വന്ദേ ഭാരതിലെ ശുചിത്വമില്ലാത്ത ഭക്ഷണം

ഇതാദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തെ ചൊല്ലി പരാതി ഉയരുന്നത്. ഇനിന് മുമ്പും ഇത്തരം പരാതികൾ നിരവധി തവണ ഉയർന്നിരുന്നു. ദി_മീഡിയോക്രീ_ഫിൽ എന്ന ട്വിറ്റർ ഹാന്‍റിലിലൂടെ ആയുഷി എസാണ് പരാതി ഉന്നയിച്ചത്. വന്ദേ ഭാരതിലെ ഭക്ഷണം കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് അവർ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് പറഞ്ഞു. ഒപ്പം മെഡിക്കൽ റിപ്പോര്‍ട്ടുകളും പങ്കുവച്ചു. മാർച്ച് 27 -ന് വാരണാസിയിൽ നിന്ന് ദിയോഘറിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് നമ്പർ 22500 ട്രെയിനിൽ E1 കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് തനിക്ക് ഈ അവസ്ഥയുണ്ടായതെന്ന് യുവതി ആരോപിച്ചു. 

Scroll to load tweet…

വന്ദേ ഭാരതിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ച ഉടൻ തന്നെ തനിക്ക് കടുത്ത അലർജി ഉണ്ടായതായും യാത്രയ്ക്കിടെ തന്‍റെ രണ്ട് വയസുള്ള മകന് വയറിളക്കം ബാധിച്ചതായും ഇവർ പറയുന്നു. ചികിത്സ വൈകിയിരുന്നെങ്കിൽ തന്‍റെ അവസ്ഥ ഭീകരമായേനെയെന്നും അവർ കൂട്ടിച്ചേർത്തു. 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയെന്നും അതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ പോയെന്നും അവ‍ർ പറയുന്നു. ഒപ്പം ട്രെയിൽ ലഭിക്കുന്ന കുടിവെള്ളത്തിന് അസാധാരണമായ രുചിയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

നിഷേധിച്ച് ഐആ‍ർസിടിസി

യുവതിയുടെ ചിത്രവും മെഡിക്കൽ റിപ്പോര്‍ട്ടുകളും വലിയ തോതിൽ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ പരാതിയിൽ മറുപടിയുമായി ഐആർസിടിസി തന്നെ രംഗത്തെത്തി. വന്ദേ ഭരതിൽ ഭക്ഷണത്തിന്‍റെ ഗുണനിലവാരം തൃപ്തികരമാണെന്നായിരുന്നു ഐആർസിടിസിയുടെ മറുപടി. വന്ദേ ഭാരത് എക്സ്പ്രസിൽ അന്നേ ദിവസം വിളമ്പിയ ഉച്ചഭക്ഷണം പരിശോധിച്ചതായും തൃപ്തികരമാണെന്നും ഐആർസിടിസി ട്വിറ്ററിൽ മറുപടി പറഞ്ഞു.

Scroll to load tweet…

 “27.03.2026 -ന് ട്രെയിൻ നമ്പർ 22500 ബിഎസ്ബി-ഡിജിഎച്ച്ആർ വന്ദേ ഭാരത് എക്സ്പ്രസിലെ (കോച്ച് ഇ1) ഉച്ചഭക്ഷണം പരിശോധിച്ച് തൃപ്തികരമാണെന്ന് കണ്ടെത്തി. ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ സംബന്ധിച്ച് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല.” എന്ന് ഐആർസിടിസി തങ്ങളുടെ ഔദ്ധ്യോഗിക എക്സ് ഹാന്‍റിലിൽ എഴുതി. ഐആർസിടിസിയുടെ മറുപടിയിൽ നിരാശയായ യുവതി, മറ്റാർക്കും അസുഖം വരാത്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ തനിക്കും മകനും അത് സംഭവിച്ചെന്നും കുറിച്ചു. ഒപ്പം അന്ന് ഞങ്ങൾ എന്തെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ അത് വന്ദേ ഭാരതി നിന്ന് മാത്രമായിരുന്നെന്നും ഞങ്ങൾ മാത്രമാണ് ദുരിതം അനുഭവിച്ചതെന്നും പക്ഷേ അത് നിങ്ങൾക്ക് പ്രശ്നമല്ലല്ലോയെന്നും കുറിച്ചു. ഇതിന് പിന്നലെ കൂടുതൽ അന്വേഷണങ്ങൾക്കായി നേരിട്ട് പരാതിപ്പെടാൻ ഐആർസിടിസി യുവതിയോട് ആവശ്യപ്പെട്ടു.

Scroll to load tweet…

പരാതികൾ കൂടുന്നു. ആശങ്കയോടെ യാത്രക്കാർ

ഏതാനും ദിവസം മുമ്പാണ് വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ തൈര് പാക്കറ്റിൽ പുഴുക്കളെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് യാത്രക്കാർ വീഡിയോ പങ്കുവച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ റെയിൽവേയിൽ നിന്നും പഴകിയ ഭക്ഷണം, ശുചിത്വക്കുറവ്, ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവയെക്കുറിച്ചുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. അതേസമയം പതിവായി പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് റെയിൽവേ അധികൃതരുടെ വാദം. എന്നാൽ, യാത്രക്കാരുടെ ആവർത്തിച്ചുള്ള പരാതികൾ ഇന്ത്യൻ റെയിൽവേയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിലെ സ്ഥിരതയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.