യുഎസിൽ വ്യാപകമായ 'സോംബി ഡ്രഗ്' എന്നറിയപ്പെടുന്ന സൈലാസിൻ എന്ന മാരക മയക്കുമരുന്ന് ഇന്ത്യയിലും എത്തിയതായി ആശങ്ക. ബെംഗളൂരു, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള വൈറൽ വീഡിയോകളാണ് ഈ സംശയത്തിന് പിന്നിൽ. ബെംഗളൂരുവിൽ നിന്നുള്ള വീഡിയോയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുഎസിൽ ഫിലാഡൽഫിയയിലെയും മേരിലാന്‍ഡിലെയും കാലിഫോർണിയയിലെയും തെരുവുകളിലെ ഒരു സ്ഥിരം കാഴ്ചയാണ് മാരകമായ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന്, നിന്നയിടത്ത് നിന്നും ഒന്ന് അനങ്ങാൻ പോലും കഴിയാതെ വളഞ്ഞ് കുത്തി നിൽക്കുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങൾ. യുഎസ് സർക്കാറിന് പോലും 'സോംബി ഡ്രഗ്' എന്ന് പരക്കെ അറിയപ്പെടുന്ന സൈലാസിൻ ചേർത്ത ഈ മയക്കുമരുന്നിനെതിരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഏറെ ആശങ്ക ഉയർത്തി ഈ മാരക മയക്കുമരുന്ന് ഇപ്പോൾ ഇന്ത്യയിലും ലഭ്യമായിരിക്കുന്നുവെന്ന് നെറ്റിസെന്‍സ് ആശങ്കപ്പെടുന്നു. ബീഹാറിലും പഞ്ചാബിലും ഒടുവിൽ ബെംഗളൂരുവിൽ നിന്നുമുള്ള ചില വീഡിയോകൾ ഈ ആശങ്കയെ സാധൂകരിക്കുന്നതായി നെറ്റിസെന്‍സ് പറയുന്നു.
ബെംഗളൂവിലെ സോംബി ഡ്രഗ്
ബെംഗളൂവിലെ ബാഗലൂർ പ്രദേശത്തെ ഒരു കോളേജിന് സമീപത്തെ വീഡിയോയാണ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പൊതുസ്ഥലത്ത് ദീർഘനേരം ചലനമില്ലാതെ നിൽക്കുന്ന ഒരാളുടെ വീഡിയോയായിരുന്നു അത്. പരിസര ബോധമൊന്നുമില്ലാതെ നിശ്ചലനായി മണിക്കൂറുകളോളം നിൽക്കുന്ന അയാളുടെ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ചോദിച്ചത്. ബീഹാറിൽ നിന്നും പഞ്ചാബിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോകളും സമാനമായ സാഹചര്യത്തെയാണ് ചിത്രീകരിച്ചിരുന്നത്. വീഡിയോകൾ വൈറലായതിന് പിന്നാലെ യുഎസിൽ സോംബി ഡ്രഗ് എന്നറിയപ്പെടുന്ന മാരകമായ രാസലഹരി ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നുവെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
“ശല്യപ്പെടുത്തുന്നു! ഉപയോക്താക്കളെ ചലനരഹിതരും ട്രാൻസ് പോലുള്ളവരുമായ സോമ്പികളാക്കി മാറ്റുന്ന മാരകമായ 'സോംബി മയക്കുമരുന്ന്' (സൈലാസിൻ ചേർത്ത പദാർത്ഥം) ഇപ്പോൾ ബെംഗളൂരുവിലേക്ക് പ്രവേശിച്ചിരിക്കുന്നു. നിട്ടെ കോളേജിന് സമീപമുള്ള ബാഗലൂരിൽ നിന്ന് ഭയാനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. മാതാപിതാക്കളും യുവാക്കളും പോലീസും അതീവ ജാഗ്രത പാലിക്കുക! ഇത് നമ്മുടെ നഗരത്തിനുള്ള ഗുരുതരമായ മുന്നറിയിപ്പാണ്. 'ബെംഗളൂരു ഉഡ്താ ബെംഗളൂരു' ആയി മാറുകയാണ്. വൈകുന്നതിന് മുമ്പ് ഉണരുക!” എന്ന ആശങ്ക നിറഞ്ഞ കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഭയക്കണമെന്ന് നെറ്റിസെന്‍സ്
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ ബെംഗളൂരപ യെലഹങ്ക പോലീസ് രംഗത്തെത്തി. വീഡിയോ പങ്കുവച്ചയാളോട് വിശദാംശങ്ങൾ പങ്കുവയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ഒപ്പം പ്രശ്നം പരിശോധിക്കുമെന്ന ഉറപ്പും നൽകി. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള ആശങ്കയിലാണ് നെറ്റിസെന്‍സ്. "ഇത് ഭയപ്പെടുത്തുന്നതാണ്," എന്നാണ് ഒരു കാഴ്ചക്കാരൻ കുറിച്ചത്. "നമ്മുടെ കുട്ടികൾക്ക് സുഹൃത്തുക്കൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. മോശം കൂട്ടുകെട്ടിനെക്കാൾ നല്ലത് ഒറ്റയ്ക്ക് കഴിയുന്നതാണ്," എന്നായിരുന്നു മറ്റൊരു കുറിപ്പ്. ചണ്ഡീഗഡിൽ നിന്നും പഞ്ചാബിൽ നിന്നും സമാനമായ വീഡിയോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ബെംഗളൂരുവിൽ നിന്നും സമാനമായ വീഡിയോയും പങ്കുവയ്ക്കപ്പെട്ടത്. ഇതോടെ ഇതൊരു വലിയ ശൃംഖലയാണെന്നും സംസ്ഥാനങ്ങൾ വ്യാപിച്ച് കിടക്കുന്നെന്നും നെറ്റിസെന്‍സ് ആശങ്കപ്പെട്ടു. അതേസമയം വീഡിയോയെ സംബന്ധിച്ച് പോലീസിന്‍റെ ഭാഗത്ത് നിന്നും കൃത്യമായ വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


