പുത്തൻ ലംബോർഗിനിക്ക് മുന്നില്‍ തേങ്ങയുടച്ച് സ്ത്രീ. പൂജയുടെ ഭാഗമായി തേങ്ങയുടക്കുമ്പോള്‍ അത് തെറിച്ച് കാറിന്റെ ബോണറ്റിൽ വീഴുന്ന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

ലക്ഷ്വറി കാറുകൾ സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. റോൾസ് റോയ്‌സ് ആയാലും ലംബോർഗിനി ആയാലും, പുത്തൻ കാറിൽ പറക്കുന്ന ദൃശ്യങ്ങൾ പലരും മനക്കണ്ണിൽ കാണാറുണ്ട്. എന്നാൽ, കോടികൾ വിലയുള്ള പുത്തൻ കാർ വാങ്ങിയതിന് തൊട്ടുപിന്നാലെ അതിനൊരു പോറലേറ്റാലോ? ഹൈദരാബാദിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്.

പുതിയ ലംബോർഗിനി വാങ്ങിയ ഒരു കുടുംബം നടത്തിയ വാഹന പൂജക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. പൂജയുടെ ഭാഗമായി ഉടമയുടെ അമ്മ കാറിന് മുന്നിൽ തേങ്ങയുടക്കാൻ ശ്രമിച്ചു. എന്നാൽ തറയിൽ അടിച്ച തേങ്ങ തെറിച്ച് നേരെ വീണത് പുത്തൻ ലംബോർഗിനിയുടെ ബോണറ്റിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന കാറിന്റെ പെയിന്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് വീഡിയോ കണ്ടവർ.

View post on Instagram

കഴിഞ്ഞ വെള്ളിയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 76.3 മില്ല്യണിലധികം ആളുകളാണ് കണ്ടത്. വീഡിയോ കണ്ട പലരും ഇതിനെ ഒരു 'മിനി ഹാർട്ട് അറ്റാക്ക് മൊമന്റ്' എന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും വിലപിടിപ്പുള്ള വാഹനത്തിന് മുന്നിൽ തേങ്ങയുടക്കുമ്പോൾ കാണിക്കേണ്ട ജാഗ്രതയെക്കുറിച്ചും തമാശരൂപേണയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഹൈദരാബാദിലാണ് ഈ സംഭവം നടന്നതെന്ന് വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ടിൽ വ്യക്തമാക്കുന്നു. 'ലക്ഷ്മി ദേവി നേരിട്ട് അനുഗ്രഹിച്ചു' എന്നും 'ഇനി പെയിന്റ് പോയത് ശരിയാക്കാൻ ലക്ഷങ്ങൾ വേണ്ടിവരും' എന്നുമൊക്കെ തമാശരൂപേണ ആളുകൾ വീഡിയോയ്ക്ക് താഴെ കുറിക്കുന്നുണ്ട്. എന്തായാലും കാറിന് കാര്യമായ തകരാറുകൾ ഒന്നും സംഭവിച്ചില്ല എന്നാണ് കരുതുന്നത്.