ദുബായിലെ ബുർജ് ഖലീഫ കാണാനെത്തിയ അമ്മയും മകളുമാണ് സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. ബുർജ് ഖലീഫയ്ക്ക് മുന്നിൽ പരമ്പരാഗത സാരിയുടുത്ത് അമ്മ നൃത്തം ചെയ്യുന്ന വീഡിയോ മകൾ പങ്കുവെച്ചതോടെയാണ് ഇത് വൈറലായത്.

മാതാപിതാക്കളെ തങ്ങളുടെ ജോലി സ്ഥലവും താമസസ്ഥലവും കൊണ്ട് പോയി കാണിക്കുക എന്നത് ഇന്നൊരു സാധാരണമായ കാര്യമാണ്. ഗൂഗിളിന്‍റെ ഓഫീസ് മുതൽ വിദേശ രാജ്യങ്ങളിലും മറ്റും മാതാപിതാക്കളുമായി കറങ്ങിനടക്കുന്ന മക്കളുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ നല്ല കാഴ്ചക്കാരാണ് ഉള്ളത്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദുബായിലെ പ്രശസ്തമായ ബുർജ് ഖലീഫ കാണാൻ അമ്മയുമായി എത്തിയതായിരുന്നു മകൾ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്നും പരമ്പരാഗത സാരി ധരിച്ച് അമ്മ നൃത്തം ചെയ്തപ്പോൾ കാഴ്ചക്കാരും ഇമവെട്ടാതെ നോക്കി നിന്നു.

ബുർജ് ഖലീഫയ്ക്ക് മുന്നിലെ നൃത്തം

ബിനിത കർക്കി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് തന്‍റെ അമ്മയുമായി ബുർജ് ഖലീഫ കാണാനെത്തിയത്. വീഡിയോയിൽ ബിനിതയുടെ അമ്മ പരമ്പരാഗത സാരി ധരിച്ച് ബുർജ് ഖലീഫയുടെ പരിസരത്ത് ചുറ്റിനടക്കുന്നത് കാണാം. പ്രശസ്തമായ ലാൻഡ്‌മാർക്കിന്‍റെ അന്തരീക്ഷം ആസ്വദിക്കുമ്പോൾ അവർ ശാന്തയും സന്തോഷവതിയുമാണ്. ഇടയ്ക്ക് അമ്മയുടെ മകളും ഒന്ന് രണ്ട് ചുവടുകൾ വയ്ക്കുന്നതും കാണാം. ദുബായ് നഗരമധ്യത്തിന്‍റെ ചുറ്റുപാടുകളിൽ മുഴുകി, അംബരചുംബിയായ കെട്ടിടത്തിന് സമീപം ഉലാത്തിക്കൊണ്ടിരിക്കുന്ന അമ്മയെ ബിനിത ചിത്രീകരിച്ചിട്ടുണ്ട്. 'നിങ്ങളുടെ അമ്മ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിൽ കയറി, നിങ്ങളാണ് അത് സാധ്യമാക്കിയത്' എന്ന കുറിപ്പോടെയാണ് ബിനിത കർക്കി വീഡിയോ പങ്കുവച്ചത്.

View post on Instagram

അഭിനന്ദവും സ്നേഹവായ്പ്പും

828 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മാത്രമല്ല, ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നു കൂടിയാണ്. ലോകമെമ്പാടുമുള്ള സന്ദർശകർ അതിന്‍റെ ഭംഗി നേരിൽ കാണാനായി ഇവിടെയെത്തുന്നു. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് നിരവധി പേർ വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതിയത്. അമ്മയ്ക്ക് ഇത്രയും മറക്കാനാവാത്ത അനുഭവം നൽകിയതിന് ബിനിതയെ നിരവധി പേർ അഭിനന്ദിച്ചു. പലരും തങ്ങളുടെ ഇന്നത്തെ ദിവസം തന്നെ വീഡിയോ മാറ്റിയെന്ന് കുറിച്ചു. മാതാപിതാക്കൾക്ക് ഇത്തരം അനുഭവങ്ങൾ എത്രത്തോളം സന്തോഷമായിരിക്കും സമ്മാനിക്കുകയെന്ന് ചിലരെഴുതി.