ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 21.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി ബെംഗളൂരു നഗരം തണുത്തുറയുന്നു. 'ഡിറ്റ് വാ' ചുഴലിക്കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു, വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് പ്രവചനം.
ബെംഗളൂരു നഗരത്തിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന തണുപ്പ് രേഖപ്പെടുത്തിയ പ്രഭാതങ്ങളിൽ ഒന്നായിരുന്നു ഇന്ന്. സമൂഹ മാധ്യമങ്ങൾ നഗരം ഒരു ഫ്രിഡ്ജിനുള്ളിൽ എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ വിശേഷിപ്പിച്ചത്. നവംബർ 29 ശനിയാഴ്ച ബെംഗളൂരുവിൽ പകൽ താപനില 21.6 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു. ഇത് ഈ വർഷത്തെ ഏറ്റവും തണുപ്പുള്ള ദിവസമായി കണക്കാക്കുന്നു.
തണുത്തുറഞ്ഞ് നഗരം
തണുത്തുറഞ്ഞ ബെംഗളൂരു നഗരത്തിന്‍റെ വീഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോയിൽ, ബാൽക്കണിയിൽ നിന്ന് പകർത്തിയ മഞ്ഞുമൂടിയ ബെംഗളൂരു പ്രഭാതം കാണാം. കടുത്ത മൂടൽ മഞ്ഞ് വിമാന സർവീസുകളെയും സാരമായി ബാധിക്കുന്നുണ്ട്. പല ബെംഗളൂരു നിവാസികളും കട്ടിയുള്ള കമ്പിളി വസ്ത്രങ്ങൾ ഇട്ടതിന് ശേഷമാണ് പുറത്തേക്ക് ഇറങ്ങുന്നത്. രാജശ്രീ ഭുവന്‍ എന്ന ബെംഗളൂരു സ്വദേശിനി പങ്കുവച്ച തണുത്തുറഞ്ഞ ബെംഗളൂരു നഗരത്തിന്‍റെ രാത്രി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ഡിറ്റ്വാ ചുഴലിക്കാറ്റ്
കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ താപനിലയിലെ ഈ പെട്ടെന്നുള്ള വ്യതിയാനത്തിന് കാരണം 'ഡിറ്റ് വാ' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ മേഘാവൃതമായ ആകാശവും ഈർപ്പമുള്ള വായുവും ഇളം കാറ്റുമാണ്. തണുപ്പ് കൂടിയ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ രാത്രി കാലങ്ങളിൽ പതിവുള്ളതിനേക്കാൾ കൂടുതൽ തണുപ്പ് അനുഭവപ്പെടും. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
സന്ദർശകർ
കർണാടകയുടെ ഉൾനാടൻ പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു നഗരത്തിൽ റെക്കോഡ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1884 ജനുവരി 13 -നാണ്. അന്ന് 7.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 2011, 2012 വർഷങ്ങളിലാണ് അതിനുശേഷം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഈ തണുപ്പ് കാലാവസ്ഥയെ ആഘോഷമാക്കാൻ മറ്റു പല സ്ഥലങ്ങളിൽ നിന്നും ബെംഗളൂരുവിലേക്ക് ആളുകൾ എത്തുന്നുണ്ട്. എന്നാൽ, മഞ്ഞുമൂടിയ പ്രഭാതങ്ങളെ നേരിടാൻ ബംഗളൂരു നിവാസികൾ തണുപ്പുകാല വസ്ത്രങ്ങളും ഒരു കപ്പ് ചൂടുള്ള ചായയും ആഗ്രഹിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ.


