ബെംഗളൂരുവിലെ ജലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണിനുള്ളിൽ ഒരാൾ കിടക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഈ ഞെട്ടിക്കുന്ന കാഴ്ച നഗരങ്ങളിലെ ഭവനരഹിതരുടെ എണ്ണത്തെക്കുറിച്ചും അവരുടെ ദുരവസ്ഥയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചു.
ബെംഗളൂരുവിലെ ഒരു ഫ്ലൈഓവർ തൂണിനുള്ളിൽ കിടക്കുന്ന ആളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വഴിയാത്രക്കാരെയും സമൂഹ മാധ്യമ ഉപയോക്താക്കളെയും ഒരു പോലെ അമ്പരപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ബെംഗളൂരുവിലെ ജലഹള്ളി ക്രോസിലെ ഒരു ഫ്ലൈഓവർ തൂണും സ്പാനിനും ഇടയിലെ ചെറിയ സ്ഥലത്ത് ചാരിക്കിടക്കുന്ന ഒരാളുടെ ദൃശ്യങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ, രാജ്യത്ത് ഉയരുന്ന ഭവനരഹിതരുടെ എണ്ണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായി.
ഫ്ലൈഓവർ തുണിന് മുകളിൽ...
തിരക്കേറിയ ഒരു ട്രാഫിക് ജംഗ്ഷന് മുകളിലൂടെ പോകുന്ന ഫ്ലൈഓവറിന്‍റെ തൂണിന് മുകളിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. താഴെ കൂടി നിരവധി വാഹനങ്ങൾ പോകുന്നത് വീഡിയോയില്‍ കാണാം. വീഡിയോ എടുക്കുന്ന ഭാഗത്തേക്ക് നോക്കിയാണ് ഇയാൾ ഇരുന്നിരുന്നതെങ്കിലും യാതൊരു വിധ ചലനവും ഇയാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഫ്ലൈഓവറിന്‍റെ തൂണിന് മുകളില്‍ ആളിരിക്കുന്നത് താഴെ നിന്നും ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് ആളുകളില്‍ പരിഭ്രാന്തി പരത്തിയെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. അതേസമയം താഴത്തെ ബഹളങ്ങളൊന്നും മുകളിൽ ഇരിക്കുന്ന ആൾ അറിഞ്ഞമട്ടില്ലെന്നും പോലീസിനെയും ബന്ധപ്പെട്ട മറ്റ് അധികാരികളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. വീഡിയോ ഇതിനകം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേരാണ് കണ്ടത്.
ആശങ്കയോടെ കാഴ്ചക്കാർ
പോലീസിനെ വിവരം അറിച്ചതിന് ശേഷം എന്ത് സംഭവിച്ചെന്നായിരുന്നു നിരവധി ചോദിച്ചത്. ഇത്രയും ഉയരെ പരസഹായമില്ലാതെ എത്താൻ കഴിയില്ലെന്നും അയാൾ അവിടെയ്ക്ക് എങ്ങനെ കയറിയെന്നും നിരവധി പേര്‍ ചോദിച്ചു. ബെംഗളൂരു നഗരത്തിന്‍റെ സുരക്ഷയെ കുറിച്ച് മറ്റ് ചിലര്‍ ആശങ്കപ്പെട്ടു. അതേസമയം ബെംഗളൂരുവിലും കർണ്ണാടകയിലും രാജ്യമെമ്പാടും ഭവനരഹിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും സര്‍ക്കാര്‍ ജോലിയും സ്ഥിരവരുമാനവും പുതിയ തലമുറയ്ക്ക് അപ്രാപ്യമാകുകയാണെന്നും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയാണ് പ്രശ്നത്തിന് കാരണമെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.


