ബെംഗളൂരുവിൽ ഓൺലൈൻ പാർസൽ എത്തിക്കാനെത്തിയ ഡെലിവറി ജീവനക്കാരൻ വീട്ടിൽ അതിക്രമിച്ച് കയറി അശ്ലീല പ്രദർശനം നടത്തിയതായി യുവതിയുടെ പരാതി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ബെംഗളൂരുവിൽ ഓൺലൈൻ ഷോപ്പിംഗ് പാർസൽ എത്തിക്കാനായി വീട്ടിലെത്തിയ ഡെലിവറി ജീവനക്കാരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതി. വീട്ടിൽ അതിക്രമിച്ച് കയറിയ ഡെലിവറി ഏജന്‍റ് അശ്ലീലമായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ യുവതി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പിന്നാലെ വീഡിയോ വൈറലായി.
വീട്ടിൽ കയറി അശ്ലീല പ്രദർശനം
പാർസൽ കൈമാറിയ ശേഷം ഡെലിവറി ജീവനക്കാരൻ ശുചിമുറി ഉപയോഗിക്കാൻ അനുമതി ചോദിച്ചു. താൻ വീട്ടിൽ ഒറ്റയ്ക്കായതിനാൽ പലതവണ വിസമ്മതിച്ചെന്നും സമീപത്തെ മറ്റെവിടെയെങ്കിലും സൗകര്യം കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി അവകാശപ്പെട്ടു. എന്നാൽ, ഇത് അവഗണിച്ച ഡെലിവറി ജീവനക്കാരൻ വീട്ടിലേക്ക് കയറുകയും ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തുവന്ന് അശ്ലീല ആംഗ്യം കാണിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഡെലിവറി ജീവനക്കാരന്‍റെ പ്രവൃക്കി തന്നിൽ കനത്ത മാനസികാഘാതം ഏൽപ്പിച്ചെന്നും യുവതി വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോയും കുറിപ്പും പങ്കുവെച്ചു. ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ബെംഗളൂരു പൊലീസ് പരാതിക്കാരിയുമായി നേരിട്ട് ബന്ധപ്പെടുകയും ഔദ്യോഗികമായി പരാതി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബെംഗളൂരു പൊലീസ് 22-കാരനായ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡെലിവറി ഏജന്‍റിനെ പുറത്താക്കി
സംഭവം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ ഡെലിവറി സേവനങ്ങളിലെ ഉപഭോക്തൃസുരക്ഷ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനികൾ കൂടുതൽ കർശനമായ മാർഗ നിർദേശങ്ങളും പശ്ചാത്തല പരിശോധന സംവിധാനങ്ങളും നടപ്പാക്കണമെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ ഫ്ലിപ്കാർട്ട് കമ്പനി സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ആരോപണ വിധേയനായ ഡെലിവറി ഏജന്‍റിന്‍റെ സേവനം അവസാനിപ്പിച്ചതായും അറിയിച്ചു. അന്വേഷണത്തിൽ പൊലീസിന് പൂർണ സഹകരണം ഉറപ്പ് നൽകുന്നെന്നും ഉപഭോക്താക്കളുടെ സുരക്ഷയാണ് കമ്പനിയുടെ ഏറ്റവും വലിയ മുൻഗണനയെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.


