Asianet News MalayalamAsianet News Malayalam

ഇഷ്ട ഭക്ഷണത്തിന്റെ മണം പിടിച്ച് കാട്ടാന വീട്ടില്‍; ആ ഇഷ്ട ഭക്ഷണം എന്താണെന്നോ?

ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ മണം പിടിച്ച് അതിരിക്കുന്ന വീട്ടിലെത്തി അകത്തുകയറി ഭക്ഷണം കഴിച്ച് വീട്ടുകാരനെ പോലെ പുറത്തേക്കിറങ്ങി വരുന്ന ആനയുടെ വീഡിയോ

viral video of elephant returns from home after having food
Author
First Published Sep 14, 2022, 12:58 PM IST

ആനയാണെന്ന് കരുതി പലഹാരം കഴിക്കാന്‍ പാടില്ലന്ന് ഇല്ലല്ലോ? ഭക്ഷണം എവിടെ കൊണ്ട് വച്ചാലും, കൊതി വന്നാല്‍ ആന അകത്താക്കിയിരിക്കും. അക്കാര്യത്തില്‍ നോ കോംപ്രമൈസ് എന്ന തെളിയിച്ചിരിക്കുകയാണ് ഒരു കാട്ടാന. 

തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ മണം പിടിച്ച് അതിരിക്കുന്ന വീട്ടിലെത്തി അകത്തുകയറി ഭക്ഷണം കഴിച്ച് വീട്ടുകാരനെ പോലെ പുറത്തേക്കിറങ്ങി വരുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഒരു വീടിന്റെ ഉള്ളില്‍ നിന്നും ചെറിയ വാതിലിലൂടെ ഞെങ്ങിഞെരുങ്ങി പുറത്തേക്കിറങ്ങി വരുന്ന ആനയാണ് വീഡിയോയില്‍ ഉള്ളത്. കെട്ടിടത്തിനും വാതിലിനും ചെറിയ കേടുപാട് പോലും വരുത്താതെ വളരെ ശ്രദ്ധിച്ചാണ് ആന പുറത്തേക്കിറങ്ങുന്നത്. പിന്നെ ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ പോകാന്‍ ഒരുങ്ങുന്നു.

ഏതായാലും വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയ ലഭിക്കുന്നത്. ഭക്ഷണം തേടിയാണ് ആന വീടിനുള്ളില്‍ കയറിയത് എന്നാണ് നന്ദ വീഡിയോ കുറിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അത് സൗമ്യനായി ഇറങ്ങിപ്പോയി എന്നും അദ്ദേഹം പറയുന്നു.

വീഡിയോക്കൊപ്പം നന്ദ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ''പ്രിയപ്പെട്ട ഭക്ഷണസാധനങ്ങളുടെ കാര്യത്തില്‍ ഇത്തരം തടസ്സങ്ങള്‍ ഒന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. തന്റെ രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുന്ന സൗമ്യനായ കൊമ്പന്‍.'

ഇതോടൊപ്പം തന്നെ ആനകളെക്കുറിച്ചുള്ള മറ്റു പ്രത്യേകതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇവയ്ക്ക് മണം പിടിക്കാനുള്ള ശേഷി വളരെ കൂടുതല്‍ ആണെന്നാണ് അദ്ദേഹം പറയുന്നത്. നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളെക്കാള്‍ പതിന്മടങ്ങ് ആനകള്‍ക്ക് മണം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് അവയ്ക്ക് കിലോമീറ്റര്‍ അകലെയുള്ള മണം വരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഈ വീഡിയോ എവിടെ നിന്ന് എടുത്തതാണെന്നോ എപ്പോള്‍ എടുത്തതാണെന്നോ എന്നുള്ള വിവരങ്ങളൊന്നും അദ്ദേഹം ചേര്‍ത്തിട്ടില്ല. ഏതായാലും ഈ കൗതുകകരമായ കാഴ്ച സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റ കാര്യം മാത്രമാണ്. എന്തു ഭക്ഷണം കഴിക്കാനായിരിക്കും ആന ഇത്ര പ്രയാസപ്പെട്ട് വീടിനുള്ളില്‍ കയറിയത്. പക്ഷേ ആ കാര്യത്തെക്കുറിച്ചും നന്ദ ഒന്നും പറഞ്ഞിട്ടില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ബിന്നഗുരി സൈനിക ക്യാമ്പ് ഹോസ്പിറ്റലിനുള്ളില്‍ രണ്ട് കാട്ടാനകള്‍ സാഹസികത കാണിക്കുന്നതിന്റെ ക്ലോസപ്പ് ഷോട്ട് നന്ദ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയിലും ചെറിയ ഇടനാഴിയിലൂടെ കടന്നു പോകാന്‍ ആന തന്റെ ശരീരം ഞെരുക്കുന്നത് കാണാമായിരുന്നു.

Follow Us:
Download App:
  • android
  • ios