Asianet News MalayalamAsianet News Malayalam

കോമഡി കള്ളന്‍; മോഷ്ടിച്ച പണം എന്ത് ചെയ്‌തെന്ന് പൊലീസ്, കള്ളന്റെ മറുപടി വൈറല്‍!

പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ നല്‍കുന്ന മറുപടിയാണ് പോലീസുകാര്‍ക്കിടയിലും വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയിലും ചിരി പടര്‍ത്തിയത്.

viral video of local thief who explains what he did with the stolen money
Author
First Published Dec 5, 2022, 6:21 PM IST

കള്ളന്മാര്‍ക്കിടയില്‍ ഇത്രയും പാവങ്ങള്‍ ഉണ്ടോ എന്ന് തോന്നിപ്പോകും ഈ കള്ളന്റെ കുറ്റസമ്മതം കേട്ടാല്‍ . കഴിഞ്ഞ ദിവസമാണ് ഒരു കള്ളനെ പോലീസ് ചോദ്യം ചെയ്യുന്ന  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് . പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഇയാള്‍ നല്‍കുന്ന മറുപടിയാണ് പോലീസുകാര്‍ക്കിടയിലും വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയിലും ചിരി പടര്‍ത്തിയത്. അത്രമാത്രം നിഷ്‌കളങ്കതയോടെ ആയിരുന്നു കള്ളന്റെ ഓരോ മറുപടിയും .

ഗുല്‍സാബ് സാഹര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പോലീസ്  ഒരു കള്ളനെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യമാണിത്. പോലീസ് സൂപ്രണ്ട് ഡോ അഭിഷേക് പല്ലവ്  ആണ്ാ ചോദ്യം ചെയ്യലിന് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹത്തോടൊപ്പം മറ്റു പോലീസുകാരും കള്ളന് ചുറ്റും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പോലീസ് സൂപ്രണ്ടിന്റെ ഓരോ ചോദ്യങ്ങള്‍ക്കും കള്ളന്‍ നല്‍കുന്ന മറുപടി കേട്ടാണ് പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുന്നത്.

മോഷ്ടിച്ചു കഴിഞ്ഞപ്പോള്‍ എന്തു തോന്നിയെന്നാണ് പോലീസ് സൂപ്രണ്ട് കള്ളനോട് ആദ്യം ചോദിച്ചത്. മോഷ്ടിച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് നല്ല സുഖം തോന്നിയിരുന്നു പക്ഷേ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു എന്നാണ് കള്ളന്‍ അതിന് നല്‍കിയ മറുപടി. തൊട്ടുപിന്നാലെ 'നീ എത്ര രൂപയാണ് മോഷ്ടിച്ചത്' എന്ന് പോലീസ് ചോദിക്കുന്നു. ഞാന്‍ 10,000 രൂപ മോഷ്ടിച്ചു, എന്നാല്‍ മോഷ്ടിച്ച പണം ഉപയോഗിച്ച്  തെരുവില്‍ കിടക്കുന്നവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുകയും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു എന്നായിരുന്നു കള്ളന്റെ മറുപടി.  'അതിനുള്ള പുണ്യം നിനക്ക് ലഭിക്കട്ടെ' എന്ന് പോലീസ് കള്ളനോട് പറഞ്ഞപ്പോള്‍ കള്ളനും ചിരിച്ചുകൊണ്ട് 'കിട്ടട്ടെ സാര്‍' എന്ന് മറുപടി നല്‍കുന്നു.

ഏതായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ കള്ളനെ റോബിന്‍ഹുഡ് എന്നാണ്  വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും വിശേഷിപ്പിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios