കടുവ ആക്രമിക്കുമോ എന്ന ഭയത്തോടെ അല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടു തീര്‍ക്കാന്‍ ആകില്ല. Photo: Representational Image

മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ഇന്ന് ഭൂരിഭാഗം ആളുകളും തങ്ങളുടെ ഓമന മൃഗങ്ങളെയും കാണുന്നത്. അവയെ തഴുകുന്നതും തലോടുന്നതും ഉമ്മ വയ്ക്കുന്നതും കൂടെ കിടത്തുന്നതും ഒക്കെ സാധാരണ കാര്യമായി മാറി കഴിഞ്ഞു. പട്ടിയോ പൂച്ചയോ ഒക്കെയാണ് നമ്മുടെ ഓമന മൃഗങ്ങള്‍ എങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഓമനിക്കുന്നത് ഒരു കടുവയെ ആണെങ്കിലോ? 

ചിന്തിക്കാന്‍ പോലും ആകുന്നില്ല അല്ലേ? എന്നാല്‍ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഒരു വെള്ള കടുവയുടെ കാലില്‍ ഒരു യുവാവ് മസാജ് ചെയ്യുന്നതും കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും ഒക്കെയാണ് വീഡിയോയില്‍. കടുവ തിരിച്ച് ആക്രമിക്കുമോ എന്ന ഭയത്തോടെ അല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടു തീര്‍ക്കാന്‍ ആകില്ല. എന്നാല്‍ സംഭവിച്ചത് ഇങ്ങനെയാണ്.

ടൈഗര്‍ ലവേഴ്‌സ് 2021 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു വലിയ വെള്ള കടുവ ഒരു ഒരു മേശയുടെ പുറത്ത് ശാന്തനായി ഇരിക്കുന്നത് കാണാം. തനിക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ കടുവ ശ്രദ്ധിക്കുന്നുണ്ടെങ്കിലും തീര്‍ത്തും ശാന്തനായാണ് കടുവ ഇരിക്കുന്നത്. അപ്പോഴാണ് കടുവയുടെ അടുത്തേക്ക് ഒരു യുവാവ് കടന്നുവരുന്നത്. 

View post on Instagram

കടുവയുടെ അരികിലെത്തിയ യുവാവ് അതിനു മുന്‍പില്‍ മുട്ടുകുത്തി നിന്ന് പാദം മസാജ് ചെയ്തു കൊടുക്കുന്നു. കടുവ ഇടയ്ക്ക് ആ യുവാവിനെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ആക്രമണ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. കാല് മസാജ് ചെയ്തു കൊടുത്തതിനു ശേഷം അയാള്‍ കടുവയുടെ തലയില്‍ തലോടുകയും കഴുത്തില്‍ കെട്ടിപ്പിടിക്കുകയും കടുവയുടെ ചുണ്ടിനോട് ചുണ്ട് ചേര്‍ത്ത് ചുംബിക്കുകയും ചെയ്യുന്നു. അപ്പോഴൊന്നും കടുവ യാതൊരു എതിര്‍പ്പും കാണിക്കാതെ യുവാവിനോട് സഹകരിക്കുന്നു. 

പക്ഷേ ചങ്കിടിപ്പോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാന്‍ ആകില്ല എന്നതാണ് സത്യം. കാരണം സമാനമായ രീതിയില്‍ വന്യമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഏതായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.