ഒമ്പത് വർഷത്തെ ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി മാറിയ യുവതിയുടെ കഥയാണിത്. അമിത സമ്മർദ്ദം കാരണം ജോലി ഉപേക്ഷിച്ച അവർ, ഇന്ന് ഓട്ടോ ഓടിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു. ഈ ജീവിതം പലർക്കും പ്രചോദനമായി മാറുകയാണ്.
ചില യാത്രകളിൽ നമ്മൾ കണ്ടുമുട്ടുന്ന അപൂർവ്വം മനുഷ്യർ ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കാൻ പോന്നവരാണ്. ജീവിതത്തിന്‍റെ ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് നിന്നും എല്ലാം ഉപേക്ഷിച്ച് മറ്റൊരു ജീവിതം തെരഞ്ഞെടുക്കുന്നവരാകും അവർ. അത്തരമൊരു യുവതിയെ കുറിച്ചുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. അവരുടെ തെരഞ്ഞെടുപ്പിനുള്ള ധൈര്യത്തെ നിരവധി പേരാണ് അഭിനന്ദിച്ചത്. പറഞ്ഞുവരുന്നത് ഉള്ളടക്ക സൃഷ്ടാവും സംരംഭകയും മലയാളിയുമായ ഡോ. നെസ്രിൻ മിദ്‌ലാജ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ചൊരു വീഡിയോയെ കുറിച്ചാണ്. ഒമ്പത് വർഷം ഐടി മേഖലയിൽ ജോലി ചെയ്ത്, ഒടുവിൽ മാനേജർ പോസ്റ്റിലിരിക്കുമ്പോൾ ജോലി രാജിവച്ച് ഓട്ടോ ഓടിച്ച് ജീവിതത്തിന്‍റെ സന്തോഷവും സമാധാനവും തിരിച്ച് പിടിച്ച ഒരു യുവതിയെ കുറിച്ചായിരുന്നു ആ വീഡിയോ.
9 വർഷത്തെ ഐടി ജോലിയിൽ നിന്ന് ഓട്ടോ ഡ്രൈവറിലേക്ക്
അവിചാരിതമായ സംഭാഷണങ്ങൾ ശക്തമായ ചില കഥകളിലേക്ക് നയിക്കുമെന്ന കുറിപ്പോടെയാണ് നെസ്രിൻ തന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ എപ്പോൾ, എവിടെ വച്ചാണ് ചിത്രീകരിച്ചതെന്നോ ഓട്ടോ ഡ്രൈവറായ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവച്ചിട്ടില്ല. എന്നാൽ, അതിൽ സൂചിപ്പിച്ച ജീവിതം കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു. നന്നായി വസ്ത്രധാരണം ചെയ്ത ആത്മവിശ്വാസത്തോടെ തന്‍റെ ഓട്ടോയിൽ ഇരിക്കുന്ന യുവതി, താൻ ഓട്ടോ ഡ്രൈവറായുള്ള ജീവിതം തെരഞ്ഞെടുക്കുന്നതിന് മുമ്പ് 9 വർഷത്തോളം ഐടി ജോലിയിലായിരുന്നെന്നും മാനേജറായി ഇരിക്കുമ്പോൾ അമിത സമ്മർദ്ദം താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തുന്നു. സ്ത്രീകൾക്ക് ധൈര്യം കൂടുതലാണെന്നും മനസ് വച്ചാൽ എന്തും സ്വന്തമാക്കാമെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഇന്ന് ഓട്ടോ ഓടിച്ച് മാസം 60,000 രൂപ വരെ സമ്പാദിക്കുന്നു. ജീവിതം സന്തോഷത്തോടെ, സമ്മർദ്ദങ്ങളില്ലാതെ സമാധാനത്തോടെ മുന്നോട്ട് പോകുന്നു. യുവതിയുടെ വെളിപ്പെടുത്തൽ കാഴ്ചക്കാരെ അമ്പരപ്പിക്കുമെന്ന് തീർച്ച.
പുഞ്ചിരിച്ച് കൊണ്ട് ജീവിക്കുക
അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ , ഐടി മേഖലയിൽ വർദ്ധിച്ച് വരുന്ന ജോലി സമ്മർദത്തെ കുറിച്ചും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചുമുള്ള ചർച്ചകൾ ശക്തമാണ്. പലരും സമ്മർദ്ദം താങ്ങാനാകാതെ ജോലി രാജിവച്ച് മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ തൊഴിൽ രഹിതനായി കൈയിൽ പണമില്ലാതെ കഷ്ടപ്പെടുകയാണെന്ന് പരിതപിക്കുമ്പോഴാണ് അവർക്ക് മുന്നിൽ, പുഞ്ചിരിച്ച് കൊണ്ട് സ്വന്തം ഓട്ടോ ഓടിച്ച് സന്തോഷത്തോടെ ജീവിതം മുന്നോട്ട് നീക്കുന്ന യുവതി നിവർന്ന് നിൽക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളും അഭിനന്ദനവും രേഖപ്പെടുത്താനെത്തിയത്. കാഴ്ചക്കാരിലൊരാൾ കഴിഞ്ഞ 18 വർഷമായി ഐടി ജോലിയിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചതിനെ കുറിച്ച് എഴുതി. സമ്മർദ്ദത്തിൽ ജീവിതം ഹോമിക്കുന്നതിന് പകരം സമ്മർദ്ദങ്ങളില്ലാതെ പുഞ്ചിരിച്ച് കൊണ്ട് ജീവിക്കുന്നതാണ് നല്ലതെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. അവർ ലളിത ജീവിതം ആഗ്രഹിക്കുന്നു. ആ സന്തോഷത്തിൽ താനും സന്തോഷിക്കുന്നെന്നായിരുന്നു മറ്റൊരു കുറിപ്പ്.


