ഒഡീഷയിൽ അസ്ഥികൂടവുമായി ബാങ്കിലെത്തിയ വയോധികന് പിന്നാലെ ബീഹാറിൽ നിന്നും മറ്റൊരു ദാരുണ സംഭവം. രോഗിയാണെന്ന് തെളിയിക്കാൻ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഐവി ഡ്രിപ്പുമായി അംഗൺവാടി ജീവനക്കാരിക്ക് ജോലി സ്ഥലത്തെത്തേണ്ടി വന്നു. ഈ സംഭവം ഇന്ത്യയിലെ താഴെത്തട്ടിലുള്ള തൊഴിലാളികൾ നേരിടുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ തുറന്നുകാട്ടുന്നു.

രാജ്യത്തെ അധികാര കേന്ദ്രങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളോട് പെരുമാറുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമായാണെന്നതിന് ഓരോ ദിവസവും നിരവധി തെളിവുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നും മരിച്ച അനിയത്തിയുടെ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാൻ അനുവദിക്കാതിരുന്ന ബാങ്കിലേക്ക് അനിയത്തിയുടെ അസ്ഥികൂടം ചുമന്നെത്തിച്ച് തെളിവ് നൽകിയ വയോധികന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇന്ന് മറ്റൊരു ദാരുണമായ വീഡിയോയാണ് ബീഹാറിൽ നിന്നും വരുന്നത്. രോഗിയാണെന്നതിന്‍റെ തെളിവ് നൽകാൻ അധികൃതർ പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഐവി ഡ്രിപ്പുമായി അധികാരികളെ കാണാനെത്തിയ അംഗൺവാടി ജീവനക്കാരിയുടെ വീഡിയോയായിരുന്നു അത്.

തെളിവ് നൽകാൻ IV ഫ്ലൂയിഡ് ഡ്രിപ്പുമായി

സംസ്ഥാന സർക്കാറിന് കീഴിലുള്ള നഴ്സറിയിൽ ജോലി ചെയ്തിരുന്ന അംഗൺവാടി ജീവനക്കാരിയോടാണ് അധികൃതർ രോഗിയാണെന്നതിന് തെളിവ് ചോദിച്ചത്. ഭർത്താവിന്‍റെ സഹായത്തോടെ നടക്കാൻ പോലും കഴിയാത്ത ആ സ്ത്രീ, ആശുപത്രി കിടക്കയിൽ നിന്നും തന്‍റെ കൈയിൽ കുത്തിയ IV ഫ്ലൂയിഡ് ഡ്രിപ്പുമായി അധികൃതരെ കാണാനെത്തുന്നതായിരുന്നു വീഡിയോ. ഇന്ത്യയിലെ താഴെത്തട്ടിലുള്ള തൊഴിലാളികൾ, പ്രത്യേകിച്ച് അംഗൻവാടി ജീവനക്കാർ നേരിടുന്ന കഠിനമായ യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ ക്ഷണിച്ചത്. "ബീഹാറിലെ കതിഹാറിലെ ഒരു അംഗൻവാടി ജീവനക്കാരി രോഗിയായി. രോഗത്തിന്‍റെ തെളിവ് നൽകണമെന്ന് ഉദ്യോഗസ്ഥ നിർബന്ധിച്ചു. വിറയ്ക്കുന്ന കൈയിൽ തുള്ളിമരുന്ന് കുത്തി വച്ച സൂചിയുമായി അംഗൻവാടി ജീവനക്കാരിക്ക് കേന്ദ്രത്തിലെത്തേണ്ടിവന്നു" വീഡിയോ പങ്കുവച്ച് കൊണ്ട് രൺവിജയ് സിംഗ് തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

രൂക്ഷമായി പ്രതികരിച്ച് നെറ്റിസെൺസ്

കൈയിൽ കുത്തിവച്ച മരുന്നിന്‍റെ കുപ്പി ഭർത്താവ് തൂക്കിപ്പിടിച്ച് കൊണ്ട് വിറയ്ക്കുന്ന കാലുകളോടെ ആ സ്ത്രീ നടന്ന് വരുന്നത് കാണുമ്പോൾ തന്നെ കാഴ്ചക്കാരുടെ ചങ്കിടിക്കും. അത്തരമൊരു അവസ്ഥയിൽ രോഗത്തിന് തെളിവ് ചോദിച്ച ഉദ്യോസ്ഥ ആരാണെങ്കിലും അവരെ സസ്പെന്‍റ് ചെയ്യണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. മറ്റ് ചിലർ കൂറച്ച് കൂടി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബീഹാറിൽ എല്ലാ കാര്യങ്ങളും കൃത്യമായും സത്യസന്ധമായുമാണോ നടക്കുന്നതെന്നും അതോ അത് അംഗൺവാടി ജീവനക്കാരിയെ പോലെ താഴേ തട്ടിലുള്ള ജീവനക്കാർക്ക് മാത്രമാണോ ബാധകമെന്നും മറ്റ് ചിലർ ചോദിച്ചു. താഴ്ന്ന ദരിദ്ര വിഭാഗത്തിലെ ഇന്ത്യക്കാരോട് ഒരു തരി ദയയോ മനുഷ്യത്വമോ ഇല്ല, അവരെ എപ്പോഴും ചൂഷണം ചെയ്യുകയും മർദ്ദിക്കുകയും അവർക്ക് വേണ്ടാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നയാരുന്നു മറ്റൊരു കുറിപ്പ്.