മൈസൂരു - ഊട്ടി റോഡിൽ ഒരു മയിൽ എത്തിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ദേശീയ പക്ഷിക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ ക്ഷമയോടെ കാത്തുനിന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വനപ്രദേശത്ത് കൂടി കടന്ന് പോകുന്ന ഏറെ തിരക്കുള്ള മൈസൂരു - ഊട്ടി റോഡിൽ ഒരു മയിൽ എത്തിയതോടെ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ ദേശീയ പക്ഷിക്ക് പോകാനായി അല്പ നേരം ക്ഷമയോടെ നിർത്തിയിട്ടതോടെ ഗതാഗത തടസം നേരിട്ടു. ഒടുവിൽ തന്‍റെ സ്വതസിദ്ധമായ വേഗതയിൽ മയിൽ റോഡ് മുറിച്ച് കടന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മയിലിന് പോകാനായി വലിയൊരു നിര വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നത് വീഡിയോയിൽ കാണാം.
റോഡ് മുറിച്ച് കടക്കുന്ന മയിൽ
Travelfoodie_ak എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു വശത്ത് നിരനിരയായി കാറുകളും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത് കാണാം. റോഡിലെ വാഹനങ്ങൾ ഒഴിഞ്ഞ വശത്ത് വളരെ ശാന്തനായി ഒരു മയിൽ നിൽക്കുന്നതും കാണാം. അതേസമയം മയിൽ നിന്നിരുന്ന വശത്തെ വാഹനങ്ങൾ റോഡിൽ ഏറെ ദൂരെയായി, മയിൽ റോഡ് മുറിച്ച് കടക്കുന്നതും കാത്ത് നിൽക്കുന്നു. അതേസമയം മയിൽ റോഡിൽ കയറി നിന്നതിനെ തുടർന്ന് വാഹനങ്ങൾ കിലോമീറ്ററുകളോളും നീളത്തിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം.
ഗതാഗതം നിയന്ത്രിച്ച് മയിൽ
"നമ്മ ബെംഗളൂരു ഊട്ടി റോഡ് തിരക്കേറിയതാണ്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. തമാശയ്ക്ക് വേണ്ടിയായിരുന്നു ആ വരികൾ എഴുതിയതെങ്കിലും, കമന്‍റ് വിഭാഗത്തിൽ അതൊരു സജീവ ചർച്ചയ്ക്ക് തുടക്കമിട്ടു. കാഴ്ചക്കാർ വീഡിയോ ദൃശ്യങ്ങൾക്കും അടിക്കുറിപ്പിനും ഒരുപോലെ പ്രതികരിച്ചു. മയിൽ ആശയകുഴപ്പത്തിലാണെന്നായിരുന്നു ഒരു കുറിപ്പ്. മയിൽ ഗതാഗതം നിയന്ത്രിക്കുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. മറ്റ് ചിലർ മയിലിന് വേണ്ടി വാഹനങ്ങൾ കാത്ത് നിന്നതിനെ പ്രശംസിച്ചു. മൃഗങ്ങൾ കാട്ടിന് പുറത്തേക്കിറങ്ങുന്നതിന്‍റെ കാരണം ഇതാണ്. മനുഷ്യന് എപ്പോൾ വേണമെങ്കിലും കാട് കയറാം. എന്നാൽ അവയ്ക്ക് അതിന് കഴിയുന്നില്ലെന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാട്ടി.


