പാരീസിലെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്‍റ് എന്ന് വിശേഷിപ്പിക്കുന്ന താമസസ്ഥലത്തിന്‍റെ വീഡിയോ വൈറലാകുന്നു. ലിഫ്റ്റില്ലാതെ 134 പടികൾ കയറി എത്തേണ്ട ഏഴാം നിലയിലെ ഈ കുഞ്ഞൻ ഫ്ലാറ്റിന് 600 യൂറോയാണ് വാടക. എന്നാൽ ഈ ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരമായി അതിമനോഹരമായ ഒരു ബാൽക്കണി കാഴ്ചയും ഈ അപ്പാർട്ട്മെന്‍റിനുണ്ട്.

ലോകമെമ്പാടും വാടക നിരക്കുകൾ കുത്തനെ ഉയരത്തിലേക്കാണ്. ഇന്ത്യയിൽ ബെംഗളൂരുവും ദില്ലിയും മുംബൈയും ഇക്കാര്യത്തിൽ മത്സരത്തിലാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ പറയുന്നു. ഇതിനിടെയാണ് പാരീസ് നഗരത്തിലെ അപ്പാർട്ട്മെന്‍റ് ജീവിതം പങ്കുവച്ച യുവാവിന്‍റെ വീഡിയോ വൈറലായി. ലിഫ്റ്റില്ലാത്ത അപ്പാർട്ട്മെന്‍റിലെത്താൻ 134 പടികൾ ദിവസവും കയറി ഇറങ്ങണം. പാരീസ് നഗരത്തിലെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്‍റിലെത്താൻ എന്ന് യുവാവ് വീഡിയോയിൽ പറയുന്നു. അതേസമയം ഈ അപ്പാർട്ട്മെന്‍റിന്‍റെ വാടകയാകട്ടെ 600 യൂറോയാണ്. അതായത് ഇന്ത്യൻ രൂപയിൽ 66,907 രൂപ.
134 പടികൾ, ഏഴാം നില, 66,907 രൂപ വാടക
'പാരീസിലെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്‍റ്' എന്നാണ് യുവാവ് തന്‍റെ അപ്പാർട്ട്മെന്‍റിനെ വിശേഷിപ്പിക്കുന്നത്. സെബാസ്റ്റ്യൻ ഹെഡ്‌ബെർഗ് എന്ന യുവാവ് പങ്കുവച്ച തന്‍റെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്‍റിന് 600 യൂറോയാണ് വാടകയെന്ന് യുവാവ് തന്‍റെ സുഹൃത്തിനോട് പറയുന്നു. ലിഫ്റ്റുണ്ടോയെന്ന് ചോദിക്കുമ്പോൾ 134 പടികൾ കയറിണെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. അതായത് ഏഴാം നിലയിലാണ് ഒരാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ആ കുഞ്ഞ് അപ്പാർട്ട്മെന്‍റുള്ളത്. പക്ഷേ, 600 യൂറോ കൊടുത്താലും അതിലും വിലമതിക്കുന്ന കാഴ്ചയാണ് തന്‍റെ ബാൽക്കണിയിൽ ഉള്ളതെന്നും യുവാവ് അവകാശപ്പെടുന്നു.
പാരീസിലെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്‍റ് കാണാനെത്തുന്ന ഒരാളും സെബാസ്റ്റ്യനും തമ്മിലുള്ള സംസാരത്തിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. സെബാസ്റ്റ്യൻ, തന്‍റെ അപ്പാർട്ട്മെന്‍റിന്‍റെ വീശേഷങ്ങൾ വീഡിയോയിൽ അയാളുമായി പങ്കുവയ്ക്കുന്നു. കുഞ്ഞ് ഷവറും അതിലും ചെറിയ ടോയ്ലറ്റ് സെപെയ്സും സെബാസ്റ്റ്യൻ സുഹൃത്തിന് കാണിച്ച് കൊടുക്കുന്നു. ബെഡ്ഡിൽ ചവിട്ടി വേണം ബാൽക്കണിയിലേക്ക് കടക്കാൻ. പക്ഷേ, ആ ബാൽക്കണി കാഴ്ച അത് അതിമനോഹരമാണ്. സെബാസ്റ്റ്യൻ തന്നെ പറയുന്നത് 'പാരീസ് ഞങ്ങളുടെ കൈകളിലാണ്' എന്നാണ്. പ്രൗഢിയോടെ നിൽക്കുന്ന മനോഹരമായ കെട്ടിടങ്ങളും അതിലും മനോഹരമായ നീലാകാശവും കാഴ്ചക്കാരെ കുളിരണിയിക്കും.
70 ലക്ഷം പേർ കണ്ട വീഡിയോ
ഏതാണ്ട് 70 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ലിഫ്റ്റ് ഇല്ലാതെ 134 പടികൾ കയറി ഏഴാം നിലയിലെ അപ്പാർട്ട്മെന്‍റിലെത്തുന്നതും അവിടത്തെ സൗകര്യങ്ങളും മടുപ്പിക്കുമെങ്കിലും അതെല്ലാം ബാൽക്കണിക്കാഴ്ച ഇല്ലാതാക്കുമെന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എഴുതിയ്ത്. “ആ ബാൽക്കണി മാത്രം അപ്പാർട്ട്മെന്‍റിനെ വിലമതിക്കുന്നു.” എന്നായിരുന്നു ഒരു കുറിപ്പ്. “എല്ലാ ദിവസവും 134 ചുവടുകൾ വാടകയ്‌ക്കെടുക്കുന്നില്ല, ഇത് ഒരു ഫിറ്റ്‌നസ് സബ്‌സ്‌ക്രിപ്‌ഷനാണ്.” എന്നായിരുന്നു മറ്റൊരു കുറിപ്പ്. “ഇത് ചെറുതാണ്, പക്ഷേ കാഴ്ച തികച്ചും വിലമതിക്കാനാവാത്തതാണ്.” എന്ന് മറ്റൊരാൾ കുറിച്ചു. അപ്പാർട്ട്മെന്‍റ് വേണ്ട പക്ഷേ ബാൽക്കണി തരുമോയെന്ന് ചോദിച്ചവരും കുറവല്ല.


