ദില്ലി മെട്രോയിലെ സ്ഥിരം ശബ്ദത്തിന് ഉടമയായ ഷമ്മി നരംഗ് തൻ്റെ കൊച്ചുമകൻ റുഷാനൊപ്പം നടത്തിയ ആദ്യ മെട്രോ യാത്രയുടെ വിശേഷങ്ങളാണിത്. ട്രെയിനിൽ മുഴങ്ങിയ തൻ്റെ മുത്തച്ഛൻ്റെ ശബ്ദം കേട്ട് അമ്പരക്കുന്ന കൊച്ചുമകൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തലമുറകളെ ബന്ധിപ്പിക്കുന്ന ഈ അപൂർവ നിമിഷത്തെ 'വോയ്സ് ലെഗസി' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

ദില്ലി മെട്രോ യാത്രക്കാർക്ക് ഏറെ പരിചിതമായ ശബ്ദമാണ് ഷമ്മി നരംഗിന്‍റേത്. വർഷങ്ങളായി ദില്ലി മെട്രോ ട്രെയിനുകളിലെ അറിയിപ്പുകളിലൂടെ യാത്രക്കാരുടെ പരിചിത ശബ്ദമായി മാറിയ നരംഗിന്, സ്വന്തം ശബ്ദം എന്നും ഓർക്കാനുള്ളൊരു പ്രത്യേക കുടുംബ നിമിഷത്തിന് കാരണമായി. കൊച്ചുമകൻ റുഷാന്‍റെ ആദ്യ ദില്ലി മെട്രോ യാത്രയ്ക്കിടെയാണ് രസകരവും ഹൃദയസ്പർശിയുമായ ആ സംഭവമുണ്ടായത്.

കൊച്ചു മകനൊപ്പം ആദ്യ മെട്രോയാത്ര

റുഷാനെ കുടുംബത്തോടൊപ്പം ആദ്യമായി മെട്രോ യാത്രയ്ക്കായി കൊണ്ടുപോയത് യെല്ലോ ലൈൻ മെട്രോയിലാണ്. സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും ട്രെയിനിലെ കാഴ്ചകളുമെല്ലാം കൗതുകത്തോടെ നോക്കുന്നതിനിടെയാണ് മെട്രോയുടെ പതിവ് അറിയിപ്പ് മുഴങ്ങിയത്. എന്നാൽ, റുഷാന് അതൊരു സാധാരണ അറിയിപ്പായിരുന്നില്ല. വീട്ടിൽ പരിചിതമായി കേൾക്കുന്ന തന്‍റെ ‘ദാദു’വിന്‍റെ (മുത്തച്ഛന്‍റെ) ശബ്ദം തന്നെയായിരുന്നു ട്രെയിനിനുള്ളിൽ നിന്നും കേട്ടത്.

Scroll to load tweet…

ആരുടെ ശബ്ദമാണത്?

നരംഗ് കൊച്ചുമകനെ എടുത്തുനിൽക്കുന്നതും മാതാപിതാക്കൾ ശബ്ദം ആരുടേതാണെന്ന് തിരിച്ചറിയാൻ അവനെ പ്രേരിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പരിചിതമായ ശബ്ദം ഇത്രയും വ്യത്യസ്തമായൊരു സ്ഥലത്ത് കേട്ടതിന്‍റെ കൗതുകവും അമ്പരപ്പും റുഷാന്‍റെ മുഖത്ത് പ്രകടമായിരുന്നു. യാത്രയുടെ അവസാനത്തിൽ നരംഗ് തന്നെ സുൽത്താൻപുർ സ്റ്റേഷന്‍റെ പരിചിതമായ അറിയിപ്പ് അനുകരിക്കുന്നതും വീഡിയോയെ കൂടുതൽ മനോഹരമാക്കി.

‘വോയ്സ് ലെഗസി’

മെട്രോ യാത്രകൾ ഒരിക്കൽ അവസാനിച്ചാലും തന്‍റെ ശബ്ദം തലമുറകളിലൂടെ സഞ്ചരിക്കുമെന്ന അഭിമാനവും നരംഗ് വീഡിയോയിൽ പങ്കുവച്ചു. തന്‍റെ കൊച്ചുമകൻ റുഷാനിലേക്കും ഒരുപക്ഷേ അവന്‍റെ അടുത്ത തലമുറയിലേക്കും ഈ ശബ്ദം എത്തുമെന്നും അദ്ദേഹം കുറിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ഈ അപൂർവ നിമിഷത്തെ പ്രശംസിച്ചത്. ചിലർ ഇതിനെ തലമുറകളെ ബന്ധിപ്പിക്കുന്ന ‘വോയ്സ് ലെഗസി’ എന്നും വിശേഷിപ്പിച്ചു.