ഇന്ത്യ സന്ദർശിച്ച മായ റേ എന്ന വിദേശിയായ സോളോ ട്രാവലർ പങ്കുവച്ചിരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. തന്റെ ഇന്ത്യന്‍ യാത്രയിൽ അമ്പരപ്പിച്ച അഞ്ച് കാര്യങ്ങളെ കുറിച്ചാണ് അവര്‍ പറയുന്നത്. 

ഇന്ത്യയിൽ ഇപ്പോൾ നിരവധി വിദേശ സഞ്ചാരികൾ സന്ദർശനം നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവം ഷെയർ ചെയ്യാറുമുണ്ട്. അതുപോലെ, ഇന്ത്യയിലെത്തിയ വിദേശിയായ ഒരു സോളോ ട്രാവലർ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മായ റേ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ യാത്രയിൽ തന്നെ ഞെട്ടിച്ച 5 കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് മായ റേ പോസ്റ്റിൽ പറയുന്നത്. എന്തൊക്കെയാണ് ആ അഞ്ച് കാര്യങ്ങൾ എന്നല്ലേ?

ഒന്നാമതായി യുവതി പറയുന്നത് ഇന്ത്യക്കാരുടെ സഹായ മനസ്ഥിതിയെ കുറിച്ച് തന്നെയാണ്. സഹായം ആവശ്യമുള്ള സമയത്ത് കൃത്യമായി സഹായിക്കാനോടിയെത്തുന്നവരാണ് ഇന്ത്യക്കാർ എന്നാണ് യുവതി പറയുന്നത്. അടുത്തതായി പറയുന്നത്, ഇം​ഗ്ലീഷ് സംസാരിക്കുന്നതിനെ കുറിച്ചാണ്. ഇന്ത്യക്കാർക്ക് ഇം​ഗ്ലീഷ് സംസാരിക്കാൻ അറിയാമെന്നും അതിനാൽ തന്നെ വഴി കണ്ടെത്താനും ഭക്ഷണം ഓർഡർ ചെയ്യാനുമൊന്നും തന്നെ പ്രയാസമുണ്ടായിരുന്നില്ല എന്ന് യുവതി പറയുന്നു. അടുത്തതായി പറയുന്നത്, ഇന്ത്യക്കാർ നേരിട്ട് ചില ചോദ്യങ്ങൾ ചോദിക്കുമെന്നാണ്. എത്ര വയസായി, വിവാഹം കഴിഞ്ഞതാണോ തുടങ്ങിയ ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. സാധാരണയായിട്ടുള്ള ചെറിയ സംഭാഷണങ്ങൾക്കും അപ്പുറം ആഴമുള്ളതാണ് ഇതെന്നാണ് യുവതിയുടെ അഭിപ്രായം.

View post on Instagram

ഇന്ത്യയിൽ ഡൊമസ്റ്റിക് ടൂറിസം നല്ല രീതിയിലുണ്ട് എന്നും ഇന്ത്യക്കാർ തന്നെ രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട് എന്നുമാണ് യുവതി അടുത്തതായി പറയുന്നത്. അഞ്ചാമതായി പറയുന്നത്, ഇന്ത്യയിലെ ഭക്ഷണത്തെ കുറിച്ചാണ്. ഇന്ത്യയിലെ ഭക്ഷണം മികച്ചതാണ് എന്നും ഇന്ത്യ വിട്ട ശേഷം അത്തരത്തിൽ നല്ല ഭക്ഷണം കഴിച്ചിട്ടില്ല എന്നും മായ റേ പറയുന്നു. എന്തായാലും മായയുടെ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റ് നൽകിയിരിക്കുന്നത്. മായ ഇന്ത്യയെ നന്നായി മനസിലാക്കിയിരിക്കുന്നു എന്നാണ് പലരും പറ‍ഞ്ഞിരിക്കുന്നത്.