മധ്യപ്രദേശിലെ ഉജ്ജൈനിലെ സാന്ദീപനി ഗുരുകുലത്തിൽ മറ്റൊരു വിദ്യാർത്ഥിയുടെ കിടക്കയിൽ ഉറങ്ങിയതിന് ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. വീഡിയോ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തി.
മധ്യപ്രദേശിലെ ഉജ്ജൈനിലെ സാന്ദീപനി ഗുരുകുലത്തിൽ മറ്റൊരാളുടെ കിടക്കയിൽ ഉറങ്ങിയതിന് വിദ്യാർത്ഥിയെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധം ഉയർന്നു. മഹർഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാൻറെ കീഴിലുള്ള റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാർത്ഥികളുടെ സുരക്ഷ, അച്ചടക്ക രീതികൾ, റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു.
വിദ്യാർത്ഥി നേരിട്ടത് ക്രൂരമർദ്ദനം
സ്കൂളിന്‍റെ ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ഞായറാഴ്ചയോടെയാണ് പുറത്ത് വന്നത്. അതേസമയം മാർച്ച് 15 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മറ്റൊരു വിദ്യാർത്ഥിയുടെ കട്ടിലിൽ ഉറങ്ങിയതിനാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതെന്നതാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. സ്ഥാപനത്തിലെ സാമവേദ രണയനിയ ശാഖയിലെ ദത്തദാസ് ഷെവ്‌ഡെ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോയിൽ, വാർഡൻ കൂടിയായ അധ്യാപകൻ വിദ്യാർത്ഥിയെ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നു. അടിയുടെ വേദന കൊണ്ട് കുട്ടി പുളയുന്നതും വീഡിയോയിൽ കാണാം.
അന്വേഷണം വേണമെന്ന് നെറ്റിസെന്‍സ്
നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ വച്ചായിരുന്നു ഈ പീഡനം. എന്നാൽ, ആരും തന്നെ അധ്യാപകനെ തടയാനോ പ്രശ്നത്തിൽ ഇടപെടാനോ തയ്യാറായില്ല. അതേസമയം വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതിഷേധം വിളിച്ച് വരുത്തി. നിരവധി പേർ അധ്യാപകനെതിരെ നടപടി വേണമെന്നും ഇത്തരം റെസിഡന്‍ഷ്യൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദ്ദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ സുരക്ഷയെ കുറിച്ചും കഠിനമായ അച്ചടക്ക രീതികളെയും നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.


