ബെംഗളൂരുവിലെ ഗൂഗിൾ ഓഫീസിൽ ജോലി ചെയ്യുന്ന മനീഷ് സിംഗ് എന്ന യുവാവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ മുത്തച്ഛനെ ഗൂഗിൾ ക്യാമ്പസ് ചുറ്റിക്കാണിക്കുന്ന വീഡിയോയാണ് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തം നേട്ടങ്ങൾക്കും വിജയങ്ങൾക്കും ഒപ്പം കുടുംബത്തെ കൂടി ഉൾക്കൊള്ളിക്കുക എന്നത് പലരുടേയും ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്. അതുപോലെ, ഒരു യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ബെംഗളൂരുവിലെ ഗൂഗിൾ ഓഫീസിൽ ജോലി ചെയ്യുന്ന മനീഷ് സിംഗ് എന്ന യുവാവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. തന്റെ മുത്തച്ഛനെ (നാനാജി) ഗൂഗിൾ ക്യാമ്പസ് ചുറ്റിക്കാണിക്കുന്ന മനീഷിനെയാണ് വീഡിയോയിൽ കാണുന്നത്.

'ഞാൻ ചെറുപ്പമായിരുന്നപ്പോൾ, ഇവൻ ഒരുനാൾ വലിയ കാര്യങ്ങൾ ചെയ്യുമെന്ന് മുത്തച്ഛൻ എപ്പോഴും പറയുമായിരുന്നു. ഇന്ന് അദ്ദേഹത്തിന് എന്റെ ഗൂഗിൾ ക്യാമ്പസ് കാണിച്ചുകൊടുക്കുമ്പോൾ ആ മുഖത്തെ അഭിമാനവും പുഞ്ചിരിയും കാണേണ്ടതായിരുന്നു' എന്നാണ് മനീഷ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഗൂഗിളിലെ കഫറ്റീരിയയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ മുത്തച്ഛൻ നല്ല സന്തോഷത്തിലായിരുന്നു എന്നും മനീഷ് പറയുന്നു.

കുട്ടിക്കാലത്ത് തന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചത് മുത്തച്ഛനാണ്. വർഷങ്ങൾക്കിപ്പുറം ഗൂഗിൾ ക്യാമ്പസിലെ സൈക്കിളിൽ മുത്തച്ഛനെ ഇരുത്തി യാത്ര ചെയ്തപ്പോൾ തന്നിലെ കുട്ടി ഉണർന്നു. ക്യാമ്പസിൽ മുത്തച്ഛനോടൊപ്പം ഗെയിമുകൾ കളിച്ചും സൈക്കിൾ ചവിട്ടിയും സമയം ചിലവഴിച്ചപ്പോൾ തന്റെ കുട്ടിക്കാലം വീണ്ടും ജീവിക്കുന്നതുപോലെ തോന്നി എന്നും മനീഷ് പറയുന്നുണ്ട്.

View post on Instagram

'അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ നിന്ന് എന്റെ യാഥാർത്ഥ്യത്തിലേക്ക്... ഞാൻ ഒരിക്കൽ സ്വപ്നം മാത്രം കണ്ടിരുന്ന ഗൂഗിൾ എന്ന ഇടം ഇന്ന് എന്റെ മുത്തച്ഛന് കാണിച്ചുകൊടുക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ ആ പുഞ്ചിരി ഞാൻ നേടിയ എല്ലാ നേട്ടങ്ങളേക്കാളും വലുതാണ്' - എന്നും മനീഷ് പറയുന്നു. അനേകങ്ങളാണ് മനീഷ് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇതൊക്കെയാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ശരിക്കും നേട്ടം എന്നും ആളുകൾ കമന്റ് നൽകി.