കാശ്മീരിലെ ഝലം നദിയിലൂടെ ടൊയോട്ട ഫോർച്യൂണർ ഓടിച്ച വിനോദ സഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ജനരോഷത്തിന് കാരണമായി. ലൈക്കുകൾക്ക് വേണ്ടി പരിസ്ഥിതിക്ക് ദോഷം വരുത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്ത ഈ പ്രവൃത്തിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.
കാശ്മീരിലെ പ്രശസ്തമായ ഝലം നദിയിലൂടെ വിനോദ സഞ്ചാരി ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കൊടും വേനലിൽ വാഹനം നദിയിലിറക്കി നദി മലിനമാക്കിയതിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും ചർച്ചകളുമാണ് ഉയരുന്നത്. ഏതാനും നിമിഷത്തെ സോഷ്യൽ മീഡിയ ശ്രദ്ധയ്ക്കും ലൈക്കുകൾക്കും വേണ്ടി പരിസ്ഥിതിക്കും സ്വന്തം ജീവനും ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിനോദ സഞ്ചാരികളുടെ മാനസികാവസ്ഥ ചോദ്യം ചെയ്താണ് പലരും രംഗത്തെത്തിയത്.
എല്ലാം വെറും ലൈക്കിനും ഷെയറിനും വേണ്ടി
എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരു വിനോദ സഞ്ചാരി തന്‍റെ വെള്ള നിറത്തിലുള്ള ഫോർച്യൂണർ കാർ ഝലം നദിയുടെ ശക്തമായ ഒഴുക്കുള്ള ഒരു ഭാഗത്തിലൂടെ മുന്നോട്ട് ഓടിക്കുന്നത് കാണാം. ഈ സാഹസികത കാറിനുള്ളിലിരുന്ന് ഡ്രൈവർ തന്നെ ഫോണിൽ പകർത്തുമ്പോൾ, നദിക്കരയിൽ നിന്ന മറ്റ് ചിലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. നദിയുടെ പ്രവചനാതീതമായ അടിത്തട്ടും ശക്തമായ ഒഴുക്കും മറികടന്ന് വാഹനം സുരക്ഷിതമായി മറുകരയിലെത്തിയെങ്കിലും, അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു മേഖലയിൽ നടത്തിയ ഈ പ്രവൃത്തി വൻ വിമർശനങ്ങൾക്ക് വഴിവെച്ചു.
'പ്രശ്നം പൗരബോധമില്ലായ്മ'
"പ്രശ്നം വാഹനത്തിന്‍റെയല്ല, മറിച്ച് ഇത്തരം ആളുകളുടെ ചിന്താഗതിയുടേതാണ്. സോഷ്യൽ മീഡിയയിൽ കുറച്ചു നിമിഷത്തെ ശ്രദ്ധ നേടാൻ വേണ്ടി ഝലം നദിയിലേക്ക് ഫോർച്യൂണർ ഇറക്കി ഓടിക്കുന്നത് നമ്മുടെ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയേക്കാൾ വലിയ പ്രശ്നം പൗരബോധമില്ലായ്മയാണെന്ന് തെളിയിക്കുന്നു. എല്ലാ കാര്യങ്ങൾക്കും നമ്മൾ അധികാരികളെ കുറ്റപ്പെടുത്താറുണ്ട്, എന്നാൽ, വ്യക്തിപരമായ ഉത്തരവാദിത്തം കൂടിയാണ് പ്രധാനം," വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച ഈ കുറിപ്പ് ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി. പിന്നാലെ തക്കതായ ശിക്ഷ വേണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും, ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി ഇത്തരം അതിരുവിട്ട കളികൾ ആവശ്യമാണോ എന്ന ചോദ്യമാണ് ഇൻ്റർനെറ്റിൽ ഉയരുന്നത്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം.
'ജയിലിൽ ഇടണം, കനത്ത പിഴ ഒടുക്കണം'
ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചതിങ്ങനെ: "ഇത്തരം വിഡ്ഢികൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചാൽ മാത്രമേ മറ്റുള്ളവർ ഇത് ആവർത്തിക്കാതിരിക്കൂ. ഇതേ ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ നിയമം കൃത്യമായി പാലിക്കാറില്ലേ? അവിടുത്തെ അധികാരികൾ കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്യുന്നു. അത് മികച്ച ഭരണത്തിന്‍റെയും നിയമപാലനത്തിന്‍റെയും ഭാഗമാണ്." എന്നായിരുന്നു കുറിപ്പ്. "ഇന്ത്യക്കാരിൽ നിന്ന് ഉത്തരവാദിത്തബോധമോ പൗരബോധമോ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഇവിടെ കർശനമായ നിയമപാലനമാണ് ആവശ്യം. വാഹനം പിടിച്ചെടുക്കുകയും, ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തുകയും, ഡ്രൈവറെ ജയിലിലടക്കുകയും വേണം. ഒരു വിവേചനവുമില്ലാതെ നിയമം നടപ്പിലാക്കിയാൽ ജനങ്ങൾ തനിയെ ഉത്തരവാദിത്തമുള്ളവരായി മാറും." സുരക്ഷാ ഭീഷണികൾക്ക് പുറമെ, നദീതീരങ്ങളിലെ ജൈവവ്യവസ്ഥയെ ഇത്തരം പ്രവൃത്തികൾ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നുണ്ട്. ടിവി പരസ്യങ്ങളിൽ എസ്‌യുവികൾ വെള്ളത്തിലൂടെ സുഗമമായി ഓടിക്കുന്നത് കണ്ട്, അതിന്‍റെ യാഥാർത്ഥ്യവും അപകടസാധ്യതയും തിരിച്ചറിയാതെ ആളുകൾ ഇത്തരം കാര്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതാണ് ഇതിന് കാരണമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.


