ഉത്തർപ്രദേശ് സ്വദേശിനിയായ 23 വയസ്സുകാരി ഖുഷ്ബു, മുംബൈയിൽ സ്വിഗ്ഗി ഡെലിവറി ഏജന്റായി ജോലി ചെയ്ത് യുപി പോലീസ് ആകുക എന്ന തൻ്റെ സ്വപ്നത്തിനായി പരിശ്രമിക്കുന്നു. സ്വിഗ്ഗി സിഇഒ രോഹിത് കപൂർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഖുഷ്ബുവിൻ്റെ ഈ പ്രചോദനാത്മകമായ കഥ പുറംലോകമറിഞ്ഞത്.
മുംബൈയിലെ തിരക്കേറിയെ തെരുവുകളിലൂടെ വണ്ടിയോടിച്ച് ഓരോ ഡെലിവറി ഓർഡറുകളും അതാത് അഡ്രസിൽ എത്തിച്ച് കൊടുക്കുമ്പോഴും ഖുഷ്ബുവിന് ഒരു സ്വപ്നമുണ്ട്. യുപി പോലീസിന്‍റെ യൂണിഫോമിൽ ഒരിക്കൽ നാട്ടിലേക്ക് തിരികെ പോകണം. തന്‍റെ നാടിന്‍റെ ക്രമസമാധാനം പാലിക്കാൻ. അതെ, ഖുഷ്ബു, മുംബൈ നഗരത്തിലെ നൂറുകണക്കിന് സ്വിഗ്ഗി ഡെലിവറി ഏജന്‍റുമാരിൽ ഒരാളാണ്. നല്ലൊരു നാളെ സ്വപ്നം കണ്ട് ഇന്നത്തെ വിശപ്പടക്കാനായി ഓടുന്നവൾ. ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശിനിയായ 23 വയസുകാരി ഖുഷ്ബുവിന്‍റെ സ്വപ്നം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈലാണ്.
പോലീസുകാരിയാകാൻ സ്വഗ്ഗി ഡെലിവറി ഏജൻറായി
രാജ്യത്തുടനീളമുള്ള ഡെലിവറി പങ്കാളികളുടെ ജീവിതത്തെയും അഭിലാഷങ്ങളെയും എടുത്ത് കാണിക്കുന്ന "ചായ് ബിസ്കൂട്ട്" പരമ്പരയുടെ ഭാഗമായി സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലേസ് സിഇഒ രോഹിത് കപൂർ, ഖുഷ്ബുവുമായി നടത്തിയ അഭിമുഖത്തിന്‍റെ വീഡിയോയിലൂടെയാണ് അവൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. തന്‍റെ ലിങ്ക്ഡിൻ അക്കൗണ്ടിൽ ഖുഷ്ബുവിന്‍റെ ജീവിത കഥ പങ്കുവച്ച് കൊണ്ട് രോഹിത് കപൂർ ഇങ്ങനെ എഴുതി. "ഇന്ത്യൻ ഗ്രാമങ്ങൾ പതിറ്റാണ്ടുകളായി ആളുകൾ പോകുന്നത് നോക്കി നിൽക്കുകയാണ്. ഖുഷ്ബുവും പോയി. 23-ാം വയസ്സിൽ ഗാസിപൂരിൽ നിന്ന് മുംബൈയിലെത്തി. ഭക്ഷണം എത്തിച്ചു കൊടുക്കുന്നു. രാത്രിയിൽ യുപി പോലീസ് പരീക്ഷയ്ക്ക് പഠിക്കുന്നു. പക്ഷേ, എന്‍റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഭാഗം ഇതാണ്. മിക്ക ആളുകളും മുംബൈയിലേക്ക് വരുന്നത് ഒരിക്കലും തിരിച്ചു പോകേണ്ടതില്ലെന്ന പ്രതീക്ഷയിലാണ്. ഖുഷ്ബു വന്നത് അവൾക്ക് കഴിയാൻ വേണ്ടിയാണ്. പോലീസ് യൂണിഫോമിൽ. അവളുടെ ഗ്രാമത്തിലെ ആളുകൾക്ക്. പോകാനുള്ള ധൈര്യം സാധാരണമാണ്. എന്തുകൊണ്ടെന്ന് അറിയാനുള്ള വ്യക്തത - അതാണ് അപൂർവമായ കാര്യം," കപൂർ എഴുതി. ചായ് ബിസ്കൂട്ടിന്‍റെ മൂന്നാമത്തെ വീഡിയോയാണിത്.
തിരികെ പോകണം, നാടിനെ കാക്കണം
ഗാസിപൂരിലെ തന്‍റെ ഗ്രാമത്തിൽ നിന്ന് അച്ഛനമ്മമാരെ മുൻകൂട്ടി അറിയിക്കാതെ മുംബൈയിലേക്ക് തനിച്ചാണ് താമസം മാറിയതെന്ന് ഖുശ്ബു വീഡിയോയിൽ പറയുന്നു. അഞ്ച് സഹോദരങ്ങളുള്ള ഒരു കുടുംബത്തിൽ നിന്നാണ് അവർ വരുന്നത്. വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അവൾ തീരുമാനിച്ചു. ഭക്ഷണ വിതരണം ഏറ്റെടുത്തതിലൂടെ അവൾക്ക് സ്വന്തമായി ഉപജീവനമാർഗം കണ്ടെത്താനും, ജീവിക്കാനും അതിലേറെ പരീക്ഷാ തയ്യാറെടുപ്പിന് പണം കണ്ടെത്താനും സഹായമായി. തന്‍റെ അഭിലാഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഓരോ ജോലി ദിവസവും ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഖുശ്ബു പറയുന്നു. ഭക്ഷണ ഓർഡറുകൾ എത്തിക്കുക ഒപ്പം യുപി പോലീസ് പരീക്ഷ പാസാകുക എന്നതാണ് അവളുടെ ലക്ഷ്യം. വൈകുന്നേരങ്ങളും രാത്രികളും അവൾ തന്‍റെ സ്വപ്നത്തിനായി മാറ്റി വയ്ക്കുന്നു. ഒരു ദിവസം പോലീസ് യൂണിഫോം ധരിച്ച് തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുകയും കുടുംബത്തിനും സമൂഹത്തിനും അഭിമാനം തോന്നിക്കുകയെന്നതാണ് അവളുടെ സ്വപ്നം.
അവരുടെ ലക്ഷ്യത്തിന്റെ ലാളിത്യവും വ്യക്തതയും ഓൺലൈനിൽ ആയിരക്കണക്കിന് ആളുകളെ ആകർഷിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രോത്സാഹനവും പ്രശംസയുമായി മുന്നോട്ട് വന്നു. ഖുഷ്ബുവിന്‍റെ ധൈര്യത്തെയും, പ്രവൃത്തിയെയും, ഭാവിക്കായി തന്‍റെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കാനുള്ള സന്നദ്ധതയെയും പലരും പ്രശംസിച്ചു. "ഖുഷ്ബുവിന്റെ യാത്ര വ്യത്യസ്തമാണ്, വീട് വിടുന്നത് കഠിനമാണ്, പക്ഷേ തിരിച്ചുവന്ന് സേവിക്കാനുള്ള വ്യക്തതയോടെ പോകുന്നത് അപൂർവമാണ്. അത്തരത്തിലുള്ള ലക്ഷ്യത്തോടുള്ള ബഹുമാനം." ഒരു കാഴ്ചക്കാരൻ എഴുതി.


