മധ്യപ്രദേശിലെ ഛത്തർപൂർ പോലീസ് സ്റ്റേഷനിൽ നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 22-കാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്ത യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഡിയോ വൈറലായതോടെ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ, പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് 22 -കാരിയായ യുവതി പോലീസ് സ്റ്റേഷനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിവാദമായി. മഹാരാജ്പുർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ വിവിധ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

'പരാതിയിൽ നീതി വൈകുന്നു'

പിങ്കി നായക് എന്ന യുവതിയാണ് അമ്മയുടെയും സഹോദരന്‍റെയും കൂടെ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയത്. കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെ, തങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കൈവശം കരുതിയിരുന്ന വിഷപദാർത്ഥം കഴിക്കുകയായിരുന്നെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിഷം കഴിക്കുന്നതിന് യുവതി തന്‍റെ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ വച്ച് തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് യുവതി വീഡിയോയിൽ ആരോപിക്കുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

Scroll to load tweet…

Scroll to load tweet…

'പരിശോധിക്കണം, പരിഷ്ക്കരിക്കണം സേനയെ'

അതേസമയം തങ്ങൾ നൽകിയ പരാതിയിൽ പോലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്നാൽ, പരാതി പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് യുവതി വിഷം കഴിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ഛത്തർപൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കാരോ കേസുകളുമായി ബന്ധപ്പെട്ട വ്യക്തികളോ വിഷം കഴിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം വാർത്തകൾക്ക് പിന്നാലെ പോലീസ് സ്റ്റേഷനിലെ നടപടി ക്രമങ്ങൾ സാധാരണക്കാർ അപ്രാപ്യമാണെന്നും ഇവ കാലോചിതമായി പരിഷ്ക്കരിക്കണെന്ന ആവശ്യവും ശക്തമായി. അതേസമയം ആത്മഹത്യാ ശ്രമം കുറ്റകൃത്യമാണെങ്കിലും അതൊന്നിനും ഒരു പരിഹാരമല്ല.